ജോസ് കെ മാണി ചെയര്‍മാന്‍,മാണി വിഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാനമെത്തി
കോട്ടയം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ വിമത നീക്കത്തിനൊടുവില്‍ ജോസ് കെ മാണി എം.പിയെ പാര്‍ട്ടി ചെയര്‍മാനായി തെരഞ്ഞെടുത്തു.ഇ.ജെ.ആഗസ്തിയാണ് ജോസ് കെ മാണിയുടെ പേര് നിര്‍ദ്ദേശിച്ചത്. യോഗത്തില്‍ പങ്കെടുത്ത ജോസ് കെ മാണി അനുകൂലികള്‍ തീരുമാനത്തെ ഏകകണ്ഠമായി പിന്താങ്ങി.
സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പങ്കെടുക്കുന്ന യോഗം വിളിച്ചു ചേര്‍ത്താലും ചെയര്‍മാനെ യോഗത്തില്‍ തെരഞ്ഞെടുക്കരുതെന്ന് കോണ്‍ഗ്രസ് അടക്കം യു.ഡി.എഫിലെ ഘടകക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു മാണിയുടെ പിന്‍ഗാമിയായി ജോസ് കെ മാണിയെ മാണിവിഭാഗം തെരഞ്ഞെടുത്തത്.
പാര്‍ട്ടി സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്ത് പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കണമെന്ന ആവശ്യം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ് ആവര്‍ത്തിച്ചു തള്ളിയ സാഹചര്യത്തിലാണ സ്വന്തം നിലയില്‍ ജോസ് കെ മാണി യോഗം വിളിച്ചു ചേര്‍ത്തത്.
സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കാന്‍ ചെയര്‍മാനുമാത്രമാണ് അധികാരമുള്ളുവെന്നാണ് പി.ജെ.ജോസഫിന്റെ നിലപാട്. പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായി യോഗം ചേര്‍ന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ ഈ വിലക്ക് മറികടന്നാണ് പുതിയ തെരഞ്ഞെടുപ്പ്.
അതേ സമയം മാണി ഗ്രൂപ്പിന്റെ അഭിഭാജ്യ ഘടകങ്ങളായ ചില നേതാക്കളുടെ അപ്രതീക്ഷിത മറുകണ്ടം ചാടലിനും ഇന്നത്തെ യോഗം സാക്ഷ്യം വഹിച്ചു. ഡപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസ്,ജനറല്‍ സെക്രട്ടറി ജോയി ഏബ്രബഹാം, മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍,വിക്ടര്‍ ടി തോമസ്, കൊല്ലം ജില്ലാ പ്രസിഡണ്ട് അറയ്ക്കല്‍ ബാലകൃഷ്ണപിള്ള എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കാതെ ജോസഫ് പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചു.