ജോസഫ് നടത്തിയത് യു.ഡി.എഫിലെ ഐക്യം അട്ടിമറിക്കാനുള്ള നീക്കം: ജോസ് കെ.മാണി
കോട്ടയം :ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ ഐക്യം അട്ടിമറിക്കാനുള്ള നീക്കമാണ് പി.ജെ ജോസഫ് നടത്തിയതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. ആ ശ്രമം പാളിപ്പോയതിന്റെ നിരാശയാണ് പി.ജെ ജോസഫിന്റെ ഇന്നത്തെ പ്രസ്ഥാവനയില്‍ പ്രകടമാകുന്നതെന്ന് കേരളാ കോണ്‍ഗ്രസ്സിലെ ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ യു.ഡി.എഫിലും അന്ത:ച്ഛിദ്രം ഉണ്ടാക്കാനും ഐക്യത്തിന്റെ അന്തരീക്ഷം അട്ടിമറിക്കാനും പരിശ്രമിക്കുകയാണ്. വിലപേശലിന്റെയും ഭീഷണിപ്പെടുത്തലിന്റെയും രാഷ്ട്രീയത്തിന് ശ്രമിച്ചത് പി.ജെ ജോസഫാണ്. അത് യു.ഡി.എഫില്‍ വിലപ്പോവില്ല എന്ന് വന്നപ്പോള്‍ യു.ഡി.എഫ് നേതൃത്വത്തെയും കോണ്‍ഗ്രസ്സ് നേതൃത്വത്തെയും പരസ്യമായി അപമാനിക്കുകയാണ് ജോസഫ് ചെയ്തിരിക്കുന്നത്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരളാ കോണ്‍ഗ്രസ്സ് (എം) പ്രതിനിധിയായ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് ലഭിച്ചത് കെ.എം മാണി പാര്‍ട്ടി ചെയര്‍മാന്‍ ആയിരുന്നപ്പോഴുണ്ടായ ധാരണയുടെ ഭാഗമാണ്. ആ ധാരണ നടപ്പിലാക്കാന്‍ യു.ഡി.എഫ് നേതൃത്വം ബാധ്യസ്ഥരാണ്. എല്ലാ നീക്കങ്ങളും പാരാജയപ്പെടുകയും പാളുകയും ചെയ്യുമ്പോള്‍ നുണപ്രചരണം നടത്തുന്ന നീക്കമാണ് പി.ജെ ജോസഫ് ഇപ്പോള്‍ അവലംബിച്ചുകൊണ്ടിരിക്കുന്നത്. യു.ഡി.എഫില്‍ വിലപേശുകയും മറുവശത്ത് ഇടതുപക്ഷത്തിന്റെ ഭാഗമായ ഫ്രാന്‍സിസ് ജോര്‍ജുമായി നടത്തിയ ചര്‍ച്ചകള്‍ പുറത്തുവന്നതിന്റെ ജാള്യതയില്‍ നിന്നാണ് പി.ജെ ജോസഫ് അടിസ്ഥാനപരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. തങ്ങളുടെ കൂടെയുണ്ടെന്ന് ജോസഫ് അവകാശപ്പെട്ടവര്‍പ്പോലും ജോസഫിന്റെ വിപ്പ് പാലിക്കാതെ യു.ഡി.എഫിന് വോട്ട് ചെയ്തതില്‍ നിന്ന് ജോസഫിന്റെ അവകാശവാദം വെറും പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുന്നു. യു.ഡി.എഫിന് കരുത്ത് പകരുന്ന നിലപാടുകളുമായി കേരളാ കോണ്‍ഗ്രസ്സ് (എം) മുന്നോട്ടുപോകുമെന്നും ജോസ് കെ.മാണി പറഞ്ഞു.