ജോണ്‍സണുമായുള്ള മൂന്നാം വിവാഹത്തിന് വേണ്ടി ഷാജുവിനേയും ജോണ്‍സന്റെ ഭാര്യയേയും കൊല്ലാന്‍ ജോളി പദ്ധതിയിട്ടിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി മൂന്നാമത് വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണുമൊത്ത് ജീവിക്കാന്‍ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും ജോണ്‍സന്റെ ഭാര്യയേയും കൊല്ലാന്‍ വരെ പദ്ധതിയിട്ടതായി പുതിയ മൊഴി. ഇന്നലെ ജോളിയെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് അന്വേഷണ സംഘത്തിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ജോളി നിരന്തരം കോയമ്പത്തൂര്‍ യാത്ര നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
അടുത്ത സുഹൃത്തും ബി.എസ്.എന്‍.എല്‍. ജീവനക്കാരനുമായ ജോണ്‍സണെ കാണാനാണ് ജോളി കോയമ്പത്തൂര്‍യാത്ര നടത്തിയിരുന്നതെന്നാണ് സൂചന. ഓണാവധി സമയത്ത് കട്ടപ്പനയ്ക്ക് പോകുകയാണെന്ന് മക്കളോട് പറഞ്ഞ ശേഷം ജോളി കോയമ്പത്തൂരിലേക്ക് പോകുകയും അവിടെ ഏതാനും ദിവസം തങ്ങുകയും ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജോളിയുടെ മൊബൈല്‍ ഫോണിന്റെ ആറുമാസത്തെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.
ബി.എസ്.എന്‍.എലില്‍ ജോലിക്കാരനായ ജോണ്‍സണ്‍ താമസിച്ചിരുന്നത് കോയമ്പത്തൂരിലാണ്. ഇവരുടെ മക്കള്‍ ഒരേ സ്‌കൂളില്‍ പഠിച്ചപ്പോഴുള്ള ബന്ധമാണ് പുതിയ തലത്തിലേക്ക് എത്തിയതെന്നാണു പോലീസ് നല്‍കുന്ന സൂചന.