അഞ്ചു പേരെ വകവരുത്തിയതെങ്ങനെ, പോലീസിനോട് വിശദീകരിച്ച് ജോളി
കോഴിക്കോട് : അഞ്ച് പേരെയും വകവരുത്തിയത് ഏത് രീതിയിലെന്ന് പൊലീസുകാരോട് വിശദീകരിച്ച് ജോളി. ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിച്ച ജോളി അഞ്ച് പേരുടെ കൊലപാതകത്തില്‍ പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചെന്നും പോലീസിനോട് പറഞ്ഞു. ഇതിനിടെ വിപുലീകരിച്ച അന്വേഷണസംഘത്തിന്റെ ആദ്യ യോഗവും റൂറല്‍ എസ്.പി ഓഫീസില്‍ ചേര്‍ന്നു. റോയിയുടേതൊഴികെയുള്ള അഞ്ച് മരണങ്ങള്‍ സി.ഐമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് അന്വേഷിക്കുക.
ഉച്ചയ്ക്ക് മൂന്ന് മണിയോടെ വടകര റൂറല്‍ എസ്.പി ഓഫീസിലെത്തിച്ച ശേഷം ജോളിയെയും കൂട്ടു പ്രതികളെയും ഏറെ നേരം അന്വേഷണ സംഘം ചോദ്യം ചെയ്തു. മുഖ്യപ്രതി ജോളി ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചാണ് അഞ്ച് കൊലപാതങ്ങള്‍ നടത്തിയതെന്നും അന്നമ്മയുടെ കൊലപാതകത്തിന് മറ്റൊരു വിഷം ഉപയോഗിച്ചെന്നും ജോളി പൊലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിന്റെ പലഘട്ടത്തിലും ജോളി തേങ്ങിക്കരഞ്ഞു. പ്രതികള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്ന് എസ്.പി വ്യക്തമാക്കി.