കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ സീരിയല്‍ കില്ലറെന്ന് വിശേഷിപ്പിക്കാനാവില്ലെന്ന് കേരള പൊലീസിലെ മുന്‍ ക്രിമിനോളജിസ്റ്റ് ഡോ ജെയിംസ് വടക്കുംചേരി. കൊലപാതങ്ങള്‍ ചെയ്യുന്നതിലൂടെ ആനന്ദം കണ്ടെത്തുന്നവരാണ് സീരിയല്‍ കില്ലര്‍മാരെന്നും അവര്‍ക്ക് മറ്റുള്ള ലക്ഷ്യങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
രാമന്‍ രാഘവനെയോ റിപ്പര്‍ ചന്ദ്രനെയോ നോക്കൂ. അവര്‍ക്ക് ഇന്നയാള്‍ എന്നൊന്നും ഇല്ല. കടത്തിണ്ണയില്‍ കിടക്കുന്ന ഒരാളെ കണ്ടാലും അവര്‍ കൊന്നിട്ട് പോകും. കൊലപാതകങ്ങളില്‍ ആനന്ദം കണ്ടെത്തുന്നവരാണ് അവര്‍. എന്നാല്‍ അത് പോലെയല്ല കൂടത്തായി കേസെന്നും അദ്ദേഹം പറഞ്ഞു. കൂടത്തായി കേസ് തെളിയിക്കപ്പെടുകയും ജോളി ശിക്ഷിക്കപ്പെടുകയും ചെയ്താല്‍ അതിനെ മഹാത്ഭുതം എന്നേ പറയാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
പോലീസ് പറയുന്ന കാര്യങ്ങള്‍ വിശ്വാസത്തിലെടുത്താല്‍, ജോളിയ്ക്ക് കൊലപാതകങ്ങള്‍ ചെയ്യാന്‍ മറ്റൊരു ലക്ഷ്യം ഉണ്ടായിരുന്നുവെന്നും അതിലേക്കുള്ള വഴി മാത്രമായിരുന്നു ആ കൊലപാതകങ്ങളെന്നും മനസിലാക്കാന്‍ സാധിക്കും. സമര്‍ത്ഥമായി പ്ലാന്‍ ചെയ്ത് അവരത് നടപ്പിലാക്കുകയായിരുന്നുവെന്നും വളരെയധികം ചിന്തിച്ച് കണക്കുകൂട്ടി പിഴവില്ലാതെ നടപ്പിലാക്കിയതാവണം അതെന്നും അദ്ദേഹം പറഞ്ഞു.
സയനൈഡ് കഴിച്ചാല്‍ നുരയും പതയും മാത്രമാണ് വരിക. ഛര്‍ദ്ദിക്കില്ല. ശരീരത്തിലെ പേശികള്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍ കിട്ടിയ തലയോട്ടികളും അസ്ഥികളും വച്ച് കേസ് എങ്ങനെ തെളിയിക്കുമെന്നാണ് തന്റെ സംശയമെന്നും അദ്ദേഹം പറഞ്ഞു. അന്നമ്മ ടീച്ചര്‍ മരിച്ചത് സയനൈഡ് കഴിച്ചാണെങ്കില്‍ അത് ജോളിയാണ് കൊടുത്തതെന്ന് എങ്ങനെ തെളിയിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു. തലയോട്ടി അമേരിക്കയിലേക്ക് അയക്കുമെന്നാണ് അറിഞ്ഞത്. അങ്ങനെ അയച്ചാലും അതില്‍ നിന്ന് മരണകാരണം സയനൈഡാണെന്നും അത് ജോളി നല്‍കിയതാണെന്നും തെളിയിക്കേണ്ടതുണ്ട്. അതിന് കഴിഞ്ഞാല്‍ ലോകചരിത്രത്തിലെ തന്നെ അപൂര്‍വ്വം കേസായി ഇത് മാറുമെന്നും ജെയിംസ് വടക്കുംചേരി പറഞ്ഞു.