ഇടുക്കി: രാഹുല്‍ഗാന്ധിക്കെതിരായ വിവാദ പരാമര്‍ശത്തിന് പിന്നാലെ തന്റെ അമ്മയ്ക്കും ഭാര്യക്കും സഹോദരിമാര്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ മോശം പ്രചാരണങ്ങള്‍ നടക്കുന്നതായി ഇടുക്കി മുന്‍ എം.പി ജോയ്സ് ജോര്‍ജ്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തന്നെപ്പോലെ ഒരാളുടെ ഭാഗത്തുനിന്നും ഉണ്ടാവാന്‍ പാടില്ലാത്ത പരാമര്‍ശമാണ് ഉണ്ടായതെന്നും അതില്‍ താന്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ജോയ്സ് ജോര്‍ജ് പറയുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലെ ജോയ്സ് ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ തന്റെ അമ്മയ്ക്കും ഭാര്യയ്ക്കും സഹോദരിമാര്‍ക്കും നേരെ മോശം കമന്റുകള്‍ വരുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
അനുചിതമായ പരാമര്‍ശം എന്റെ ഭാഗത്തുനിന്നുമുണ്ടായി എന്നതിന്റെ പേരില്‍ എന്റെ വൃദ്ധയായ മാതാവും ഭാര്യയും സഹോദരിമാരും സ്ത്രീകള്‍ അല്ലാതാകുന്നില്ല. സ്ത്രീകള്‍ എന്ന നിലയില്‍ ലഭിക്കേണ്ട പരിരക്ഷയ്ക്ക് അര്‍ഹരല്ലാതാവുന്നുമില്ല. എന്റെ കഴിഞ്ഞ ദിവസങ്ങളിലെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് കീഴിലെ കമന്റുകള്‍ ഒന്നും നീക്കം ചെയ്തിട്ടില്ല. കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ തുടങ്ങി പ്രവര്‍ത്തകര്‍ വരെയുള്ളവര്‍ അവിടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ജോയ്സ് ജോര്‍ജ് ഫേസ്ബുക്കിലെഴുതി. തന്റെ ഭാര്യയുടെയും അമ്മയുടെയും വാട്ട്സാപ്പിലും മോശം കമന്റുകള്‍ വരുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇതിനുമുന്‍പ് ഒരിക്കല്‍പോലും ഉണ്ടാകാത്ത അനുചിതമായ പരാമര്‍ശം എന്റെ ഭാഗത്തുനിന്നുമുണ്ടായെന്ന് ബോധ്യമായപ്പോള്‍തന്നെ നിരുപാധികം പിന്‍വലിക്കുകയും പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നെപ്പോലൊരാളുടെ ഭാഗത്തുനിന്നുമുണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശമായിരുന്നതെന്ന കാര്യത്തിലും തര്‍ക്കമില്ല. പൊതുവേദിയില്‍ മാത്രമല്ല സ്വകാര്യ സംഭാഷണത്തിലും പുലര്‍ത്തേണ്ട ജാഗ്രതയും സമീപനവും സംബന്ധിച്ച തിരിച്ചറിവുകള്‍ക്ക് ഈ വിവാദം സഹായിച്ചു.
ഈ തിരഞ്ഞെടുപ്പില്‍ ഗൗരവമുള്ള രാഷ്ട്രീയം ചര്‍ച്ചചെയ്യേണ്ട രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷിയുടെ മുന്‍ ദേശീയ അധ്യക്ഷന്റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ അലംഭാവത്തെ സംബന്ധിച്ചുള്ള വിമര്‍ശനമാണ് പറഞ്ഞുവെച്ചത്. രാജ്യത്തിന്റെ മതനിരപേക്ഷതയും സാമൂഹിക ഘടകങ്ങളും സാമ്പത്തിക അടിത്തറയും ഇല്ലാതാക്കുന്ന മോദി ഗവണ്‍മെന്റിന്റെ നിലപാടുകളെ സംബന്ധിച്ച് സംസാരിക്കാന്‍ വിമുഖത കാണിക്കുകയും മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുന്നതിനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുകയു ചെയ്യുന്നതിലെ രാഷ്ട്രീയ അപക്വത ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യേണ്ടതാണെന്നാണ് എന്റെ നിലപാട്.
അനുചിതമായ പരാമര്‍ശം എന്റെ ഭാഗത്തുനിന്നുമുണ്ടായി എന്നതിന്റെപേരില്‍ എന്റെ വൃദ്ധയായ മാതാവും ഭാര്യയും സഹോദരിമാരും സ്ത്രീകള്‍ അല്ലാതാകുന്നില്ല. സ്ത്രീകള്‍ എന്ന നിലയില്‍ ലഭിക്കേണ്ട പരീരക്ഷയ്ക്ക് അര്‍ഹരല്ലാതാവുന്നുമില്ല. എന്റെ കഴിഞ്ഞ ദിവസങ്ങളിലെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് കീഴിലെ കമന്റുകള്‍ ഒന്നും നീക്കം ചെയ്തിട്ടില്ല. കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ തുടങ്ങി പ്രവര്‍ത്തകര്‍ വരെയുള്ളവര്‍ അവിടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്റെ മാതാവിനെയും ഭാര്യയുടെയും ഫോണിലും വാട്സ്ആപ്പിലും ചില സന്ദേശങ്ങള്‍ വരുന്നുണ്ട്. ഒരു സ്ത്രീയെ സംബന്ധിച്ചും വ്യക്തിപരമായ ഒരധിക്ഷേപവും എന്റെ ഭാഗത്തുനിന്ന് ഇന്നേവരെ ഉണ്ടായിട്ടില്ല. ഇതിനടിയിലും നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് എഴുതാം, പറയാം. എല്ലാത്തിനും പരിരക്ഷയുള്ള പ്രത്യേക വിഭാഗവും നമുക്കിടയില്‍ ഉണ്ടല്ലോ!
ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കപ്പെടുകയും ജനോപകാരപ്രദമായ സാമ്പത്തിക നയങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നതിലൂടെ മാത്രമേ സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങളുടെ ജീവിതം സുരക്ഷിതമാവൂ. ബദല്‍ സാമ്പത്തിക നയത്തിലധിഷ്ഠിതമായി നടപ്പിലാക്കിയ ജനോപകാരപ്രദമായ ക്ഷേമപദ്ധതികളും സര്‍വതലസ്പര്‍ശിയായ വികസനപദ്ധതികളും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റിന്റെ നേട്ടമാണ്. മതനിരപേക്ഷതയില്‍ ഉറച്ചുനിന്നുകൊണ്ട് മുഴുവന്‍ ജനവിഭാഗങ്ങളുടെയും താല്പര്യം സംരക്ഷിക്കുകയും മതസ്പര്‍ദ്ധ ഇല്ലാതെ കേരളത്തെ മുന്നോട്ടു നയിക്കുകയും ചെയ്തു എല്‍.ഡി.എഫ് ഗവണ്‍മെന്റ്.ഇതു സംബന്ധിക്കുന്ന ഗൗരവമുള്ള രാഷ്ട്രീയ ചര്‍ച്ചകളും സംവാദങ്ങളും നടക്കുക തന്നെ വേണം.