അമേരിക്കയിൽ വീണ്ടും ട്വിസ്റ്റ്, ബൈഡന് ഭൂരിപക്ഷം,അംഗീകരിയ്ക്കില്ലെന്ന് ട്രംപ്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിർണ്ണായക വഴിത്തിരിവ്. നിലവിലെ ലീഡ് നില അനുസരിച്ച് ജോ ബൈഡന് 270 ഇലക്ട്രൽ വോട്ടുകളുണ്ട്. മിഷിഗണിൽ 11 ശതമാനം വോട്ടുകൾ മാത്രം എണ്ണാൻ ശേഷിക്കെ ബൈഡനാണ് മുന്നിൽ. വിസ്കോൺസിനിലും നെവാഡയിലും ബൈഡൻ ലീഡ് നിലനിർത്തുന്നുണ്ട്.
ഇനി ഏഴിടങ്ങളിലെ ഫലമാണ് പുറത്തുവരാനുള്ളത്. ഇതിൽ അഞ്ചിടത്തും ട്രംപിനാണ് ലീഡ് എന്നായിരുന്നു അൽപസമയം മുമ്പ് വരെ പുറത്തു വന്ന വിവരം. ഇതാണ് ഇപ്പോൾ മാറിമറിഞ്ഞിരിക്കുന്നത്. പെൻസിൽവേനിയയിലും മിഷിഗണിലും ഫലപ്രഖ്യാപനം വൈകുന്നതിനാലാണ് അന്തിമഫലം ഇന്ന് പുറത്തുവരാൻ സാധ്യതയില്ലാത്തത്. തപാല്‍വോട്ടുകള്‍ എണ്ണാന്‍ വൈകുന്നതിനാല്‍ പെന്‍സില്‍വേനിയയിലും മിഷിഗണിലും വെളളിയാഴ്ച മാത്രമേ അന്തിമഫലം വരൂ എന്നാണ് നിലവില്‍ അധികൃതര്‍ പറയുന്നത്. അതിനിടെ വോട്ടെണ്ണൽ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ഡോണൾഡ് ട്രംപ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരുന്നു. വോട്ടെണ്ണൽ തുടരുന്നത് ക്രമക്കേട് നടത്താനെന്നാണ് ട്രംപിന്റെ വാദം.
ലീഡ് നിലയിൽ മുൻതൂക്കം വന്നപ്പോൾ തന്നെ ആഘോഷങ്ങൾക്ക് ട്രംപ് ആഹ്വാനം ചെയ്തിരുന്നു. റിപബ്ലിക്കൻ കോട്ടകൾ എല്ലാം നിലനിർത്തിയ ട്രംപ് സർവ്വേഫലങ്ങളെയെല്ലാം മറികടന്ന് മുന്നേറുകയാണെന്നായിരുന്നു നേരത്തെ വന്ന ഫലസൂചനകൾ. അപ്പോഴും ഉറച്ച വിജയപ്രതീക്ഷയുണ്ട് എന്നായിരുന്നു ബൈഡന്റെ പ്രതികരണം. .