മുംബൈ:ഇക്കഴിഞ്ഞ ജൂൺ മാസത്തിലും റിലയൻസ് ജിയോ (Jio), ഭാരതി എയർടെൽ (Airtel) എന്നിവ വയർലെസ്, വയർലൈൻ വരിക്കാരുടെ എണ്ണം വർധിപ്പിച്ചു. അതേസമയം ബിഎസ്എൻഎൽ, വോഡാഫോൺ ഐഡിയ എന്നീ കമ്പനികൾക്ക് ജൂൺ മാസത്തിൽ വരിക്കാരെ നഷ്ടമായി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പ്രസിദ്ധീകരിച്ച ഡാറ്റയിലാണ് ഈ വിവരങ്ങൾ നൽകിയിട്ടുള്ളത്. ജിയോയും എയർടെല്ലും എല്ലാ മാസവും വരിക്കാരെ ചേർക്കുന്നത് തുടരുമ്പോൾ വിഐ (Vi), ബിഎസ്എൻഎൽ (BSNL) എന്നിവയ്ക്ക് വരിക്കാരെ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്.
ജൂൺ മാസത്തിൽ റിലയൻസ് ജിയോ 2.27 ദശലക്ഷം വയർലെസ് വരിക്കാരെയാണ് തങ്ങളുടെ നെറ്റ്വർക്കിലേക്ക് ചേർത്തത്. എയർടെൽ 1.4 ദശലക്ഷം വയർലെസ് വരിക്കാരെ ജൂൺ മാസത്തിൽ ചേർത്തു. വോഡഫോൺ ഐഡിയയ്ക്ക് 1.2 ദശലക്ഷം വയർലെസ് ഉപയോക്താക്കളെയാണ് നഷ്ടമായത്. പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന് 1.8 ദശലക്ഷം വയർലെസ് ഉപയോക്താക്കളെ നഷ്ടപ്പെട്ടു. ജൂൺ മാസത്തിലെ കണക്കുകൾ അനുസരിച്ചും റിലയൻസ് ജിയോ തന്നെയാണ് ഇന്ത്യയിൽ ഏറ്റവും വരിക്കാരുള്ള കമ്പനി.
2023 ജൂൺ അവസാനത്തോടെ വയർലെസ് വരിക്കാരുടെ വിഭാഗത്തിൽ ജിയോയുടെ വിപണി വിഹിതം 38.35 ശതമാനമായി ഉയർന്നു. വിപണ വിഹിതത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ളത് എയർടെല്ലാണ്. 32.68 ശതമാനം വിപണി വിഹിതമാണ് എയർടെല്ലിനുള്ളക്. വോഡഫോൺ ഐഡിയയ്ക്ക് 20.08 ശതമാനം വിപണി വിഹിതമുണ്ട്. ബിഎസ്എൻഎല്ലിനാണ് ഏറ്റവും കുറവ് വിപണി വിഹിതമുള്ളത്. വെറും 8.71 ശതമാനമാണ് ബിഎസ്എൻഎൻല്ലിന്റെ വരിക്കാരുടെ ശതമാനം.
ആക്ടീവ് യൂസേഴ്സിന്റെ കാര്യത്തിലും ജിയോ തന്നെയാണ് മുന്നിലുള്ളത്. ജിയോയ്ക്ക് 414.49 ദശലക്ഷം ആക്ടീവ് വയർലെസ് ഉപയോക്താക്കളുണ്ട്. 2.34 ദശലക്ഷം ആക്ടീവ് യൂസേഴ്സിന്രെ വളർച്ചയാണ് ജിയോയ്ക്ക് ഉണ്ടായിരിക്കുന്നത്. എയർടെല്ലിന് 372.77 ദശലക്ഷം ആക്ടീവ് ഉപയോക്താക്കളുണ്ട്. 0.11 ദശലക്ഷം ആക്ടീവ് യൂസേഴ്സാണ് കമ്പനിക്ക് ഒരു മാസത്തിൽ വർധിച്ചത്. വോഡഫോൺ ഐഡിയയ്ക്ക് 202.75 ദശലക്ഷം ആക്ടീവ് ഉപയോക്താക്കളാണുള്ളത്. കമ്പനിക്ക് 2.51 ദശലക്ഷം ആക്ടീവ് യൂസേഴ്സിനെ നഷ്ടമായി.
ജൂൺ മാസത്തിലെ കണക്കുകൾ അനുസരിച്ച് ബിഎസ്എൻഎല്ലിന് 52.04 ദശലക്ഷം ആക്ടീവ് യൂസേഴ്സുണ്ട്. ജൂണിൽ കമ്പനിക്ക് 0.74 ദശലക്ഷം ആക്ടീവ് യൂസേഴ്സിനെ നഷ്ടമായി. കടുത്ത പ്രതിസന്ധിയിലേക്കാണ് ബിഎസ്എൻഎൽ നീങ്ങികൊണ്ടിരിക്കുന്നത്. വോഡാഫോൺ ഐഡിയയുടെ കാര്യവും മറ്റൊന്നല്ല. ഈ സ്ഥിതി തുടർന്നാൽ വോഡഫോൺ ഐഡിയയുടെ വരിക്കാരുടെ എണ്ണം 200 ദശലക്ഷത്തിന് താഴെയാകാൻ അധിക കാലമെടുക്കില്ല. വിഐയുടെ നഷ്ടം എയർടെല്ലിനും ജിയോയ്ക്കുമാണ് നേട്ടമായി മാറിയിരിക്കുന്നത്. എയർടെല്ലും ജിയോയും നിലവിൽ 5ജി നെറ്റ്വർക്ക് നൽകുന്നുണ്ട്.
വയർലൈൻ വിഭാഗത്തിലും ജിയോയും എയർടെലും വരിക്കാരെ ചേർത്തു. ജിയോ 0.20 ദശലക്ഷം വരിക്കാരെയും എയർടെൽ 0.13 ദശലക്ഷം ഉപയോക്താക്കളെയുമാണ് ചേർത്തത്. വോഡഫോൺ ഐഡിയയ്ക്കും ബിഎസ്എൻഎല്ലിനും വരിക്കാരെ നഷ്ടമായിട്ടുണ്ട്. വിഐയ്ക്ക് 0.01 ദശലക്ഷം വയർലൈൻ വരിക്കാരെയും ബിഎസ്എൻഎല്ലിന് 0.05 ദശലക്ഷം വയർലൈൻ വരിക്കാരെയും നഷ്ടപ്പെട്ടു. മാസങ്ങളോളമായി ഇന്ത്യൻ വിപണിയിൽ ഈ പ്രവണത തുടരുകയാണ്. ബിഎസ്എൻഎൽ ഇതുവരെ രാജ്യത്ത് എല്ലായിടത്തും 4ജി എത്തിച്ചിട്ടില്ല എന്നതും വിഐ 5ജി ലോഞ്ച് ചെയ്തില്ലെന്നതും വരിക്കാരെ നഷ്ടമാകാനുള്ള പ്രധാന കാരണമാണ്.