
മുംബൈ: അര്‍ഹരായ ഓഹരി ഉടമകളുടെ ഡീമാറ്റ് അക്കൗണ്ടിലേക്ക് ജിയോ ഫിനാൻഷ്യല്‍ സര്‍വീസസിന്റെ (ജെഎഫ്‌എസ്‌എല്‍) ഓഹരികള്‍ ക്രെഡിറ്റ് ചെയ്തു തുടങ്ങി.
ജൂലൈ 20 എന്ന റെക്കോര്‍ഡ് തീയതി അടിസ്ഥാനമാക്കി റിലയന്‍സ് ഓഹരിയുടമകളുടെ അക്കൌണ്ടിലേക്ക് ജിയോ ക്രെഡിറ്റ് ചെയ്യുന്നത്. റിലയന്‍സിന്‍റെ ഒരു ഓഹരിക്ക് ജിയോയുടെ ഒരു ഓഹരിയാണ് ലഭിക്കുക. ജെഎഫ്‌എസ്‌എല്‍ ലിസ്റ്റ് ചെയ്തതിനു ശേഷമേ ഇവ ട്രേഡ് ചെയ്യാനാകൂ.ലിസ്റ്റിംഗ് തീയതി ഓഗസ്റ്റ് 28 നാണ്.
നിഫ്റ്റി, ബിഎസ്‌ഇ സെൻസെക്‌സ് തുടങ്ങിയ സൂചികകളില്‍ റിലയൻസ്-ഫിനാൻസ് വിഭാഗം എന്ന നിലയില്‍ ജെഎഫ്‌എസ്‌എല്‍ ഇതിനകം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റോക്ക് സ്വതന്ത്രമായി ലിസ്‌റ്റ് ചെയ്യുന്നതുവരെ, അത് സ്ഥിരമായ വിലയില്‍ തന്നെ തുടരും. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നടന്ന പ്രത്യേക പ്രീ-ഓപ്പണ്‍ കോള്‍ ലേലത്തിന്റെ അവസാനത്തില്‍, ജെഎഫ്‌എസ്‌എല്‍ ഓഹരികളുടെ വിപണി വില 261.85 രൂപയാണ് . ലിസ്റ്റിംഗിനുശേഷം മൂന്നു ദിവസത്തിനുശേഷം എല്ലാ സൂചികകളില്‍ ജിയോയെ ഒഴിവാക്കും.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ ധനകാര്യ സേവന ബിസിനസ്സായിരുന്ന റിലയൻസ് സ്ട്രാറ്റജിക് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് (ആര്‍എസ്‌ഐഎല്‍) ആണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (ജെഎഫ്‌എസ്‌എല്‍) എന്ന പ്രത്യേക കമ്ബനിയായി വിപണിയിലേക്ക് പ്രവേശിക്കുന്നത്. ജൂലൈ 8 -നാണ് തങ്ങളുടെ ധനകാര്യ സേവന വിഭാഗത്തെ വിഭജിച്ച് ജൂലൈ 20ന് പുതിയ കമ്ബനി രൂപീകരിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രഖ്യാപിച്ചത്.
റിലയന്‍സ് ഓഹരികള്‍ ഓഗസ്റ്റ് 11 -ന് ക്ലോസ് ചെയ്തത് 2542 രൂപയിലാണ്. വിദേശ നിക്ഷേപകസ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി റിലയന്‍സ് ഓഹരിക്ക് 3000 രൂപയാണ് ലക്ഷ്യ വില നിശചയിച്ചിട്ടുള്ളത്.