KeralaNews

അടക്കവും ഒതുക്കവുമില്ലാത്ത, അടുക്കളയില്‍ കയറി പരിചയമില്ലാത്ത തന്റേടമുള്ള പെണ്‍കുട്ടികള്‍ക്ക് മുന്‍ഗണന; ജീവിത പങ്കാളിയെ തേടിയുള്ള യുവാവിന്റെ കുറിപ്പ് വൈറല്‍

ജീവിത പങ്കാളിയെ കുറിച്ചുള്ള ഓരോരുത്തരുടേയും സങ്കല്‍പ്പങ്ങള്‍ വ്യത്യസ്തമാണ്. പങ്കാളിയെ കണ്ടെത്താന്‍ പലരും വ്യത്യസ്ത വഴികള്‍ തേടാറുമുണ്ട്. അത്തരത്തില്‍ ലോക വനിതാ ദിനത്തില്‍ ജീവിത പങ്കാളിയെ തേടിയുള്ള യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

തന്റേടമുള്ള പെണ്ണിനായുള്ള അന്വേഷണത്തിലാണ് കുന്ദംകുളം സ്വദേശിയായ ജെബിസണ്‍ എന്ന യുവാവ്. അനുയോജ്യയായ പെണ്ണിനെ തേടിയുള്ള 35 കാരനായ ജെബിസന്റെ അന്വേഷണമാണ് സോഷ്യല്‍ മീഡിയ നെഞ്ചേറ്റുന്നത്. ടൂറിസം മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദധാരിയായ ജെബിസണ്‍ ട്യൂഷന്‍ സെന്റര്‍ നടത്തുകയാണ് ഇപ്പോള്‍.

പ്രിയ സുഹൃത്തുക്കളുടെ അറിവില്‍ അനുയോജ്യരായവര്‍ ഉണ്ടെങ്കില്‍ അറിയിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജെബിസണ്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നത്. ജെബിസന്റെ ചിത്രവും വ്യക്തിവിവരങ്ങളും ഉള്‍പ്പെടുത്തിയുള്ള പോസ്റ്റില്‍ ജീവിത പങ്കാളി എങ്ങനെയുള്ള ആള്‍ ആയിരക്കണമെന്ന് കുറിച്ചിട്ടുണ്ട്.

”ജീവിത പങ്കാളിയെ ആവശ്യമുണ്ട്….

അടക്കവും ഒതുക്കവുമില്ലാത്ത…
അടുക്കളയില്‍ കയറി പരിചയമില്ലാത്ത… വീട്ടുജോലികളില്‍ നൈപുണ്യമില്ലാത്ത
തന്റേടമുള്ള പെണ്‍കുട്ടികള്‍ക്ക് മുന്‍ഗണന…

സാരി ഉടുക്കാന്‍ അറിയില്ലെങ്കിലും, സ്വന്തമായി തീരുമാനമെടുക്കാന്‍ അറിയണം… നല്ല വിദ്യാഭ്യാസവും, ജോലിയും, സ്വന്തമായി വരുമാനവും ഉണ്ടായിരിക്കണം. മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാന്‍ അറിയുന്നവളായിരിക്കണം. യാത്ര ചെയ്യാന്‍ ഇഷ്ടമുള്ളവളായിരിക്കണം.”

ഇതോടൊപ്പം ജെബിസണിന്റെ വയസ്സ്, ഭാരം, ഉയരം, ജോലി തുടങ്ങിയ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോസ്റ്റിനൊപ്പമുള്ള കുറിപ്പില്‍ എന്നാണ് ബിരിയാണ് കിട്ടുക എന്ന പ്രിയപ്പെട്ടവരുടെ ചോദ്യവും അതിനു നല്‍കുന്ന രസകരമായ മറുപടിയും പങ്കുവച്ചിട്ടുണ്ട്.

അടുക്കള പണി അറിയാവുന്ന, സാരി ഉടുക്കാന്‍ അറിയാവുന്ന പെണ്‍കുട്ടികളാണ് ടിപ്പിക്കല്‍ കേരള പുരുഷന്‍മാരുടെ കണ്‍സപ്റ്റ്. നമ്മള്‍ മോഡേണായാലും പെണ്ണ് നാടനായിരിക്കണമെന്ന സെല്‍ഫിഷ് ചിന്തയാണത്. കാലാകാലങ്ങളായി നമ്മുടെ സമൂഹം ഉണ്ടാക്കി വച്ച ചട്ടക്കൂടുകളാണ് അതെല്ലാം. അടുക്കളയില്‍ കയറണം, അടിച്ചുവാരണം, സാരിയുടുക്കണം, അടക്കവും ഒതുക്കവും വേണം ഇതെല്ലാം ആ പഴയകാല നിര്‍മ്മിതികളുടെ ഭാഗമാണ്.

ഞാന്‍ എന്തായാലും അങ്ങനെ ആകാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ ഭാര്യയാകാന്‍ പോകുന്ന പെണ്ണിന് വിദ്യാഭ്യാസവും ജോലിയും വേണം എന്നതാണ് പ്രധാന യോഗ്യത. അല്ലാതെ അടക്കവും ഒതുക്കവും ഉള്ള പെണ്ണെന്തിനാണ്, അലമാരയില്‍ വയ്ക്കാനാണോ? ജെബിസണ്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker