
ബംഗളുരു: പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ രണ്ടുകുപ്പി മദ്യം സൗജന്യമായി നല്‍കണമെന്ന വിചിത്രമായ ആവശ്യം കര്‍ണാടക നിയമസഭയില്‍ ഉന്നയിച്ച് എംഎല്‍എ. ജെഡിഎസിന്റെ എംഎല്‍എയായ എം.ടി. കൃഷ്ണപ്പയാണ് കര്‍ണാടക നിയമസഭയില്‍ ഈ വിചിത്രമായ ആവശ്യം ഉന്നയിച്ചത്. സ്ത്രീകള്‍ക്ക് മാസം രണ്ടായിരം രൂപയും സൗജന്യ ബസ് യാത്രയുമെല്ലാം നല്‍കുന്നതിനാല്‍ പുരുഷന്മാര്‍ക്കായി എല്ലാ ആഴ്ചയും രണ്ടുകുപ്പി മദ്യമെങ്കിലും സൗജന്യമായി നല്‍കണമെന്നായിരുന്നു കൃഷ്ണപ്പയുടെ ആവശ്യം.
”സ്ത്രീകള്‍ക്ക് നിങ്ങള്‍ മാസം രണ്ടായിരം രൂപ നല്‍കുന്നു. സൗജന്യ വൈദ്യുതിയും ബസ് യാത്രയും നല്‍കുന്നു. അതെല്ലാം നമ്മുടെ പണമാണ്. അതുകൊണ്ട് കുടിക്കുന്നവര്‍ക്ക് ഓരോ ആഴ്ചയും രണ്ടുകുപ്പി മദ്യം സൗജന്യമായി നല്‍കുക. അവര്‍ കുടിക്കട്ടെ. പുരുഷന്മാര്‍ക്ക് എങ്ങനെ എല്ലാമാസവും പണം നല്‍കാനാവും. അതിനുപകരം അവര്‍ക്ക് ആഴ്ചയില്‍ രണ്ടുകുപ്പി മദ്യം നല്‍കുക. അതില്‍ എന്താണ് തെറ്റ്? ഇത് സര്‍ക്കാരിന് സൊസൈറ്റികളിലൂടെ നല്‍കാം”, കൃഷ്ണപ്പ നിയമസഭയില്‍ പറഞ്ഞു.
കൃഷ്ണപ്പയുടെ വിചിത്രമായ ആവശ്യത്തിനെതിരേ കോണ്‍ഗ്രസ് അംഗങ്ങളും സ്പീക്കറും തുറന്നടിച്ചു. കൃഷ്ണപ്പയും പാര്‍ട്ടിയും തിരഞ്ഞെടുപ്പില്‍ ജയിച്ച് സര്‍ക്കാര്‍ രൂപവത്കരിച്ചശേഷം ഇങ്ങനെ ചെയ്യാമെന്നും മദ്യപാനം കുറയ്ക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും മന്ത്രി കെ.ജെ. ജോര്‍ജ് പ്രതികരിച്ചു.
രണ്ടുകുപ്പി നല്‍കാതെതന്നെ പ്രയാസം അനുഭവിക്കുകയാണെന്നും ഇനി മദ്യം സൗജന്യമായി നല്‍കിയാല്‍ എന്താകും സംഭവിക്കുകയെന്നുമായിരുന്നു സ്പീക്കര്‍ യു.ടി. ഖാദറിന്റെ മറുചോദ്യം. അതേസമയം, എംഎല്‍എമാരില്‍ പലരും മദ്യപിക്കുന്നവരാണെന്നും കൃഷ്ണപ്പ അവകാശപ്പെട്ടു. ഈ പരാമര്‍ശവും സഭയില്‍ പ്രതിഷേധത്തിനിടയാക്കി.