KeralaNews

‘എന്നെ തെറിവിളിച്ചവരാണ് ഇന്ന് വീഡിയോ ആഘോഷിക്കുന്നത്, ഇരട്ടത്താപ്പ് കാണണമെങ്കില്‍ ഇവറ്റകളുടെ കാണണം; ജസ്ലാ മാടശേരി

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥികളായ ജാനകിയുടെയും നവീന്റെയും ഡാന്‍സിന്റെ വീഡിയോ ആഘോഷിക്കുന്ന ഒരു വിഭാഗത്തിന്റേത് ഇരട്ടത്താപ്പാണെന്ന വിമര്‍ശനവുമായി ജസ്ലാ മാടശേരി. 2017ലെ തന്റെ ഫ്ളാഷ് മോബിനെതിരെ രംഗത്തെത്തിയവര്‍ ഇന്ന് ഈ ഡാന്‍സ് ആഘോഷിക്കുകയാണെന്നും ഇരട്ടത്താപ്പ് കാണണമെങ്കില്‍ ഇവറ്റകളുടെ ഇരട്ടത്താപ്പ് തന്നെ കാണണമെന്നും ജസ്ല മാടശേരി പറഞ്ഞു.

ജസ്ല മാടശേരിയുടെ വാക്കുകള്‍: ”പണ്ട് ഞാനും ഒന്നു ഡാന്‍സ് കളിച്ചു. അന്ന് ആങ്ങളമാര്‍ ആയിരുന്നെങ്കില്‍ ഇന്ന് അമ്മാവന്‍മ്മാര്‍. ആ വ്യത്യാസമേ ഉള്ളു. അന്നെന്റെ വാളില്‍ എന്നെ തെറി വിളിച്ചവരൊക്കെ, ഇന്ന് ഡാന്‍സ് ആഘോഷിക്കുന്നു. മത വിശ്വാസികള്‍ക്ക് യുക്തിയും നീതി ബോധവും വകതിരിവും ഒക്കെ ഉണ്ടു. സ്വന്തം മതത്തിന്റെ കാര്യം വരുന്നത് മാത്രം. അല്ലങ്കില്‍ മറ്റൊരു മതത്തിന്റെ കാര്യം വരുമ്പോ മാത്രം ഇതൊക്കെ മുള പൊട്ടും. ഇരട്ടത്താപ്പ് കാണണമെങ്കില്‍ അത് ഇവറ്റകളുടെ ഇരട്ടത്താപ്പ് തന്നെ കാണണം.”

>p>ഇതിനിടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പുതിയ ഡാന്‍സ് വീഡിയോയുമായി നവീനും ജാനകിയും വീണ്ടും രംഗത്തെത്തി. ക്ലബ് എഫ്എം സെറ്റിലായിരുന്നു ഇരുവരും ഡാന്‍സ് ചെയ്തത്. ആറാം തമ്പുരാനിലെ പാടി തൊടിയിലേതോ… എന്ന പാട്ടിന്റെ റിമിക്‌സിനാണ് ഇരുവരും ചുവട് വെച്ചത്. സംഭവം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ‘ധൈര്യമായി മുന്നോട്ട് പോവുക’ എന്നാണ് പലരും വീഡിയോയുടെ താഴെ കമന്റ് ചെയ്തിരിക്കുന്നത്.

ഇരുവരും ആദ്യം ചെയ്ത മുപ്പത് സെക്കന്റ് വീഡിയോയ്‌ക്കെതിരെ സംഘപരിവാര്‍ ആക്രമണം നടന്നിരുന്നു. വിദ്വേഷപ്രതികരണവുമായി അഭിഭാഷകന്‍ കൃഷ്ണരാജായിരുന്നു രംഗത്തെത്തിയത്. കൃഷ്ണ രാജിന്റെ പരാമര്‍ശം : ”ജാനകിയും നവീനും. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളുടെ ഡാന്‍സ് വൈറല്‍ ആകുന്നു. ജാനകി എം ഓംകുമാറും നവീന്‍ കെ റസാക്കും ആണ് വിദ്യാര്‍ത്ഥികള്‍. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നന്ന്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛന്‍ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.”

ആദ്യ പോസ്റ്റ് രൂക്ഷമായ വിമര്‍ശനങ്ങളേറ്റു വാങ്ങിയതോടെ വര്‍ഗീയത ആവര്‍ത്തിച്ച് ഇയാള്‍ രംഗത്തുവന്നു. ഇയാളെ പിന്തുണച്ചും നിരവധി സംഘപരിവാര്‍ പ്രൊഫൈലുകളാണ് രംഗത്തെത്തിയിരുന്നത്. വിദ്വേഷ പ്രചരണത്തില്‍ പ്രതികരിച്ച് മന്ത്രി വിഎസ് സുനില്‍ കുമാര്‍ അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു. സമൂഹത്തില്‍ വിഷം കലര്‍ത്തുന്ന സാമൂഹിക വിരുദ്ധരാണ് ഇത്തരത്തില്‍ പ്രചരണം നടത്തുന്നതെന്നും ട്രെയിനിന്റെ കക്കൂസിന്റെ അകത്ത് തെറി എഴുതിവെക്കുന്ന മാനസിക രോഗികളെ എങ്ങനെ അവഗണിക്കുന്നുവോ അതുപോലെ അവഗണിക്കേണ്ടവരാണ് ഇത്തരക്കാരെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

”ഇവരുടെ വാക്കുകള്‍ നമ്മള്‍ ശ്രദ്ധിക്കാന്‍ പോലും പോകരുത്. അവര്‍ സമൂഹത്തില്‍ വിഷം കലര്‍ത്തുന്ന സാമൂഹിക വിരുദ്ധരായിട്ടുള്ള ആളുകളാണ്. നമ്മുടെ ട്രെയിനിന്റെ കക്കൂസിന്റെ അകത്ത് തെറി എഴുതിവെക്കുന്ന ആളുകള്‍ ഉണ്ടല്ലോ ആ മാനസിക രോഗികളെ എങ്ങനെ അവഗണിക്കുന്നുവോ അതുപോലെ അവഗണിക്കേണ്ടവരാണ് ഇത്തരക്കാരും. കുട്ടികള്‍ക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. അവര്‍ ഒരുമിച്ച് പഠിക്കുകയും ആഹാരം കഴിക്കുകയും ചെയ്യുന്നവരാണ്. നമ്മള്‍ വീഡിയോ കാണുമ്പോള്‍ ആഹ്ലാദിക്കുന്നു. എന്നാല്‍ വര്‍ഗീയ വാദികള്‍ അവരുടെ മതമാണ് കാണുന്നത്. വിദ്യാഭ്യാസം ഉണ്ടെങ്കിലും വിവരം ഉണ്ടാവണമെന്നില്ല”. മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button