ജി.എസ്.ജയലാൽ എം.എൽ.എയ്ക്കെതിരെ സി.പി.ഐ നടപടി
കൊല്ലം: പാര്‍ട്ടി അറിയാതെ സ്വകാര്യ ആശുപത്രി വാങ്ങിയ സംഭവത്തില്‍ സിപിഐയുടെ ചാത്തന്നൂര്‍ എംഎല്‍എ ജിഎസ് ജയലാലിനെതിരെ പാര്‍ട്ടി നടപടി. ജയലാലിനെ പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ സിപിഐ സംസ്ഥാന നിര്‍വാഹക സമിതി തീരുമാനിച്ചു. ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടറിയേറ്റും നേരത്തെ എംഎല്‍എയോട് വിശദീകരണം ചോദിച്ചിരുന്നു.
തനിക്ക് തെറ്റ് പറ്റിയെന്ന് ജയലാല്‍ ജില്ലാ കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും വിശദീകരണം നല്‍കിയിരുന്നു. സംസ്ഥാന സെക്രട്ടറി കാനരാജേന്ദ്രനെ കണ്ടും ജയലാല്‍ വിശദീകരണം നല്‍കി. എന്നാല്‍ പാര്‍ട്ടിയുടെ ഒരു സമിതിയിലും ചര്‍ച്ച ചെയ്യാതെ ആശുപത്രി വാങ്ങിയ ജയലാലിന്‍റെ നടപടി അംഗീകരിക്കാനാവില്ലെന്നാണ് സംസ്ഥാന നിര്‍വാഹകസമിതി സ്വീകരിച്ച നിലപാട്. ജയലാലിനെ സംസ്ഥാന കൗണ്‍സിലില്‍ നിന്നടക്കം തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കാനാണ് നിര്‍വാഹക സമിതി യോഗത്തിന്‍റെ തീരുമാനം.
ജിഎസ് ജയലാൽ എംഎല്‍എ അധ്യക്ഷനായ സാന്ത്വനം ഹോസ്പിറ്റല്‍ കോ ഓപറേറ്റീവ് സൊസൈറ്റിയാണ് കൊല്ലം മേവറത്തെ അഷ്ടമുടി ആശുപത്രി വാങ്ങാൻ തീരുമാനിച്ചത്. വിലയായ അഞ്ചുകോടിയില്‍ ഒരു കോടി രൂപ മുൻകൂറായി നൽകി. ബാക്കി തുക കണ്ടെത്താനായി ഓഹരി സമാഹരിക്കാൻ അനുവാദം തേടി സംസ്ഥാന നേതൃത്വത്തിന് ജയലാൽ കത്ത് നല്‍കിയപ്പോഴാണ് ആശുപത്രി വാങ്ങുന്ന കാര്യം പാർട്ടി അറിയുന്നത് . സംഭവം വിവാദമായതോടെ സംസ്ഥാന സെക്രട്ടറി നേരിട്ട് പങ്കെടുത്ത് ജില്ലാ എക്സിക്യുട്ടീവ് യോഗം ചേര്‍ന്ന് എംഎല്‍എയോട് വിശദീകരണം ചോദിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് വിശദ റിപ്പോർട്ട് നല്‍കാൻ ജില്ലാ കമ്മറ്റിയെ ചുമതലപ്പെടുത്തി . ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന നിര്‍വാഹക സമിതി യോഗം ജയലാലിനെതിരെ നടപടിയെടുത്തത്.