തിരുവനന്തപുരം: ഭൂപരിഷ്‌കരണ ഭേദഗതി നിയമത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന പ്രസംഗത്തില്‍ സി അച്യുതമേനോന്റെ പേര് മുഖ്യമന്ത്രി പിണറായി വിജയന്‍ പരാമര്‍ശിക്കാന്‍ തയ്യാറാകാത്തതിനെ കുറ്റപ്പെടുത്തി സി.പി.ഐ മുഖപത്രമായ ജനയുഗം. ഉദ്ഘാടന പ്രസംഗത്തില്‍ സി അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിസ്മരിച്ചുവെന്ന് ആരും കരുതില്ലെന്നും മറിച്ച്, അത് ചരിത്രവസ്തുതകളുടെ മനഃപൂര്‍വമായ തമസ്‌കരണമാണെന്നും ജനയുഗം കുറ്റപ്പെടുത്തുന്നു. അത് ഇടതുപക്ഷത്തിന്റെ ചരിത്രത്തോടുള്ള സമീപനത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും മുഖപ്രസംഗം പറയുന്നു.
ചരിത്രത്തോടു സത്യസന്ധത തെല്ലും പുലര്‍ത്താതെ, ചരിത്രത്തെ വളച്ചൊടിക്കുകയും ദുര്‍വ്യാഖ്യാനം ചെയ്തും ദേശീയ രാഷ്ട്രീയത്തെ കലുഷിതമാക്കി മാറ്റുന്ന ഘട്ടത്തില്‍ സമീപകാല കേരളത്തിന്റെ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന നിലപാട് ഇടതുപക്ഷ രാഷ്ട്രീയത്തിന് ഭൂഷണമല്ലെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
‘ചരിത്രം ഐതിഹ്യങ്ങളൊ കെട്ടുകഥകളൊ അല്ല, അവ വസ്തുനിഷ്ടമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് രേഖപ്പെടുത്തപ്പെടുക. പരിശീലനം സിദ്ധിച്ച ചരിത്രകാരന്മാരെ ആട്ടിയകറ്റി തങ്ങളുടെ ഭാവനകള്‍ക്കും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കും അനുസൃതമായി ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യാനും വളച്ചൊടിക്കാനും ആസൂത്രിത ശ്രമമാണ് മോഡി ഭരണത്തില്‍ ദേശീയതലത്തില്‍ നടക്കുന്നത്.
ആ ചരിത്ര നിരാസത്തിനെതിരെയാണ് രാജ്യം സടകുടഞ്ഞെണീക്കുന്നത്. അതിന്റെ മുന്‍നിരയിലാണ് കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍. അത്തരമൊരു ദേശവ്യാപക ചെറുത്തുനില്‍പിന്റെ വിശ്വാസ്യതയെയാണ് കേരളത്തിലെ ഭൂപരിഷ്‌കരണം സംബന്ധിച്ച അര്‍ധസത്യങ്ങള്‍ കൊണ്ട് ഇടതുപക്ഷം സ്വയം ചോദ്യം ചെയ്യുന്നത്.’ – ജനയുഗം മുഖപ്രസംഗം പറയുന്നു.