കൊച്ചി:മലയാള സിനിമയിലെ നിറസാന്നിധ്യമാണ് ജനാര്‍ദനന്‍. ഏറ്റവും കൂടുതല്‍ തവണ കേരള മുഖ്യമന്ത്രിയായത് ജനാര്‍ദനനാണ്. 12 തവണ സിനിമകളില്‍ ജനാര്‍ദനന്‍ മുഖ്യമന്ത്രിയായി വേഷമിട്ടിട്ടുണ്ട് ഇപ്പോൾ ഇതാ രാഷ്ട്രീയ സിനിമകളില്‍ ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രി വേഷത്തിന് അവസരം ലഭിച്ച സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം
1992ല്‍ പുറത്തിറങ്ങിയ തലസ്ഥാനം എന്ന ചിത്രത്തിലാണ് ജനാര്‍ദനന്‍ ആദ്യമായി മുഖ്യമന്ത്രിയായി വേഷമിട്ടത്. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനെ അനുകരിച്ചാണ് ആ കഥാപാത്രം. സിനിമ ഇറങ്ങി നാളുകള്‍ക്ക് ശേഷം വിമാനത്താവളത്തില്‍ വച്ച് കരുണാകരനെ കണ്ടുമുട്ടി. അദ്ദേഹം ഓടിവന്നു കെട്ടിപ്പിടിച്ചു. മുഖ്യമന്ത്രി വേഷം മനോഹരമായെന്നു പറഞ്ഞെന്നും ജനാര്‍ദനന്‍ ഒരു ചാനലിനോട് പറഞ്ഞു
കരുണാകരന്റെ അഭിനന്ദനം ജീവിതത്തില്‍ ലഭിച്ച വലിയ അംഗീകാരം പോലെയായി. ഏകലവ്യന്‍ സിനിമയില്‍ ഇ.കെ. നായനാരെയാണ് ജനാര്‍ദനന്‍ അനുകരിച്ചത്. ആ പടത്തിലെ മേക്കപ്പില്‍ ഇ.കെ. നായനാരുടെ ഛായയും തനിക്കുണ്ടായിരുന്നു. നായനാരുടെ ബീഡി വലിക്കുന്ന ശീലവും സിനിമയില്‍ ഉള്‍പ്പെടുത്തി. ചിത്രത്തില്‍ ഏറെ കൈയ്യടി നേടിയ രംഗത്തെ കുറിച്ചും താരം പറയുന്നു.
സുരേഷ് ഗോപിയുടെ കഥാപാത്രം മുഖ്യമന്ത്രിയെ കാണാന്‍ വരുന്നു. സുരേഷ് ഗോപി സ്‌നേഹത്തോടെ പറയുന്നു, ‘അങ്ങ് ഒത്തിരി ബീഡി വലിക്കുന്നുണ്ട്’. അതിന് നല്‍കുന്ന മറുപടി ‘എടാ കൊച്ചുന്നാള്‍ മുതല്‍ ഇത്രയും കാലം കൂടെ കൊണ്ടു നടന്ന ഒരു സുഹൃത്തിനെ എങ്ങനെയാടോ പെട്ടെന്നു വലിച്ചെറിയുന്നത്..’ എന്നാണ്. ഈ സിനിമ കാണുമ്പോഴെല്ലാം നായനാരെ ഓര്‍മിക്കുമെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും ജനാര്‍ദനന്‍ വ്യക്തമാക്കി.