കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിനു വധഭീഷണിയുണ്ടെന്ന വിവരം നിഷേധിച്ച് ജയില്‍ വകുപ്പ്. ആരൊക്കെ സന്ദര്‍ശിച്ചു എന്നതിന് കൃത്യമായ രേഖയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തെളിവുകളായുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരല്ലാതെ മറ്റാരും സ്വപ്നയെ സന്ദര്‍ശിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതിനിടെ, അട്ടക്കുളങ്ങര വനിതാ ജയിലില്‍ തന്റെ ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി സ്വപ്ന എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് (സാമ്പത്തികം) കോടതിയില്‍ നല്‍കിയ അപേക്ഷ പരിഗണിച്ച് സ്വപ്നയുടെ ജയിലിലെ സുരക്ഷ വര്‍ധിപ്പിച്ചു. 24 മണിക്കൂറും ഒരു വനിതാ ഗാര്‍ഡിനെ പുതിയതായി നിയോഗിച്ചു. ജയിലിനു പുറത്ത് സായുധ പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ടെന്നാണ് വിവരം.
നവംബര്‍ 25 വരെ ജുഡീഷല്‍ കസ്റ്റഡിയില്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിഞ്ഞിരുന്ന തന്നെ ജയില്‍ ഉദ്യോഗസ്ഥരോ പോലീസുകാരോ എന്നു സംശയിക്കുന്ന ചിലര്‍ വന്നു കണ്ടുവെന്നും കേസില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന ഉന്നതരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നും കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണവുമായി സഹകരിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടുവെന്നുമായിരുന്നു സ്വപ്ന വെളിപ്പെടുത്തിയിരുന്നത്.
എന്തെങ്കിലും വിവരങ്ങള്‍ പുറത്തുവിട്ടാല്‍ തന്റെ കുടുംബത്തെയും ജയിലിനകത്തു വച്ച് തന്നെയും ഇല്ലാതാക്കാന്‍ കഴിവുള്ളവരാണു തങ്ങളെന്ന് അവര്‍ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന അപേക്ഷയില്‍ പറഞ്ഞിരുന്നു.