തിരുവനന്തപുരം:കേരളത്തെ പിടിച്ചു കുലുക്കിയ കേസുകളിലെ വനിതാ തടവുകാർ പലരും ഇപ്പോൾ വനിതാ ജയിലിൽ നല്ല നടപ്പിലാണ്. സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് യോഗ പഠിക്കുന്നു. സിസ്റ്റർ അഭയ കേസിലെ സിസ്റ്റർ സെഫി ഏറെ സമയവും പ്രാർഥനയിൽ. ആറ്റിങ്ങൽ ഇരട്ടക്കൊലപാതകത്തിലെ അനുശാന്തി കുട്ടികൾക്കു കളിക്കാൻ പാവകൾ ഉണ്ടാക്കുന്നു. യോഗ കഴിഞ്ഞാൽ പുസ്തക വായനയിലാണു പ്രധാനമായും സ്വപ്നയുടെ ഒരു ദിവസം. ആരോടും അധികം സംസാരിക്കില്ല.ആഴ്ചയിൽ ഒരു ദിവസം സന്ദർശകരെ അനുവദിച്ചിട്ടുണ്ട്.
ഭർത്താവും മകനും അമ്മയും കാണാനെത്തും. അവരോടു വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ ചിലപ്പോൾ പൊട്ടിക്കരയും. ജയിലിലെ യൂണിഫോം ആയ വെള്ളസാരിയിലാണു സിസ്റ്റർ സെഫി. സഭാ വസ്ത്രങ്ങൾ ഒന്നും ഇവിടെ അനുവദനീയമല്ല. തുടക്കത്തിൽ ഭക്ഷണം കഴിക്കാൻ വിമുഖത കാട്ടിയിരുന്നു. ഇപ്പോൾ പൊരുത്തപ്പെട്ടു. സഹതടവുകാരിൽ നിന്നെല്ലാം അകന്നു കൂടുതൽ സമയവും പ്രാർഥനയിലാണ്. തയ്യൽ, ശുചീകരണ ജോലികളാണു ചെയ്യുന്നത്. ഇപ്പോൾ പരോളിലാണ്. ആറ്റിങ്ങൽ ഇരട്ടക്കൊലപാതകത്തിൽ ശിക്ഷിക്കപ്പെട്ട ടെക്നോപാർക്ക് ഉദ്യോഗസ്ഥ അനുശാന്തി ജയിലിൽ കുട്ടികൾക്കു വേണ്ടി പാവകൾ നിർമിക്കുകയാണ്.
സ്വന്തം മകളുടെ ഉൾപ്പെടെ കൊലപാതകത്തിലാണ് ഇവർ ശിക്ഷിക്കപ്പെട്ടത്. അറേബ്യയിലെ എല്ലാ സുഗന്ധലേപനങ്ങൾ കൊണ്ടു കൈ കഴുകിയാലും ഈ കൊടുംക്രൂരതയുടെ പാപം കഴുകിക്കളയാൻ ആവില്ലെന്ന ഷേക്സ്പിയറുടെ വരികൾ ഉദ്ധരിച്ചാണു കോടതി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം വിധിച്ചത്. കുഞ്ഞുടുപ്പുകൾ തയ്ക്കുന്നതിലും അവർ വിദഗ്ധയാണ്. ബാക്കി സമയങ്ങളിൽ അന്തേവാസികൾക്കു കംപ്യൂട്ടർ പരിശീലനവും നൽകുന്നു.
കല്ലുവാതുക്കലെ റബർ തോട്ടത്തിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായ രേഷ്മ റിമാൻഡിൽ കഴിയുകയാണ്. അനന്തു എന്ന ഫെയ്സ്ബുക് കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണു പ്രസവിച്ചയുടൻ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണു രേഷ്മ പൊലീസിനു നൽകിയ മൊഴി. അനന്തു എന്ന വ്യാജ ഫെയ്സ്ബുക് ഐഡിയിലൂടെ രേഷ്മയുമായി ചാറ്റ് ചെയ്ത ആര്യയും ഗ്രീഷ്മയും ജീവനൊടുക്കിയ വിവരം രേഷ്മയെ അറിയിച്ചിട്ടില്ല.