രാജാക്കണ്ണും മധുവും തമ്മില്‍ ?ജയ് ഭീമിലെ യഥാർത്ഥ ചന്ദ്രുവിൻ്റെ കഥ
കൊച്ചി:ജാതിമത വര്‍ണ വിവേചനങ്ങളുടെ നേര്‍ക്കാഴ്ചയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ സൂര്യ ചിത്രം ജയ്ഭീം.ടി.ജെ ജ്ഞാനവേല്‍ കഥയെഴുതി സംവിധാനം ചെയ്ത് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ഈ ചിത്രം കണ്ണ് നിറഞ്ഞല്ലാതെ കണ്ടു തീര്‍ക്കുവാന്‍ ആര്‍ക്കും സാധിക്കില്ല. തമിഴ്‌നാട്ടിലെ ഇരുള എന്ന വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇന്നും നേരിടേണ്ടി വരുന്ന ദുരവസ്ഥകളുടെ ഒരു തുറന്ന പുസ്തകമാണ് ഈ ചിത്രം. കാലം എത്ര കഴിഞ്ഞെന്നു പറഞ്ഞാലും ആളുകള്‍ എത്ര മാറി എന്നു പറഞ്ഞാലും വര്‍ഷങ്ങളായി നടക്കുന്ന ജാതി വിവേചനങ്ങള്‍ ഇന്നും ഒഴിഞ്ഞു പോയിട്ടില്ല. പണമോ പ്രതാപമോ അധികാരമോ ഇല്ലാതെ, ശരിക്കും പറഞ്ഞാല്‍ ചോദിക്കാന്‍ പോലും ആരുമില്ലാതെ മാനുഷിക പരിഗണകള്‍ വിലക്കപ്പെട്ട് ജീവിതം തള്ളി നീക്കേണ്ടി വരുന്ന ശുദ്ധരായ കുറച്ച് ആള്‍ക്കാര്‍ ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. നമ്മുടെ ഭരണകൂടത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും ചില യാഥാര്‍ത്ഥ്യങ്ങള്‍ കൃത്യമായി തന്നെ അവതരിപ്പിച്ചുട്ടുണ്ട്.
1993-95 കാലഘട്ടത്തില്‍ തമിഴ്നാട്ടില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹൈക്കോടതി ജഡ്ജിയായി റിട്ടേയ്ഡ് ചെയ്ത ജസ്റ്റിസ് ചന്ദ്രു എഴുതിയ ലിസണ്‍ ടു മൈ കേസ് എന്ന പുസ്തകത്തിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അഭിഭാഷകനായും ജഡ്ജിയായും പ്രവര്‍ത്തിച്ചിരുന്ന കാലഘട്ടത്തില്‍ നടത്തിയ നിര്‍ണായകമായ 20 കേസുകളും അതിന്റെ വിധിയുമാണ് പുസ്തകത്തിന് ആധാരം. കോടതിയില്‍ നീതി തേടിയെത്തിയ 20 സ്ത്രീകളുടെ കഥ കൂടിയാണ് ഈ പുസ്തകം പറയുന്നത്.
എന്നാല്‍ തമിഴ്‌നാട്ടില്‍ മാത്രമല്ല, നമ്മുടെ കൊച്ചു കേരളത്തിലും ഈ അവസ്ഥയ്ക്ക് കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. അതിനുള്ള ഉത്തമ ഉദാഹരണമാണല്ലോ മധു. അട്ടപ്പാടിയിലെ ആദിവാസി ഗോത്രത്തില്‍പ്പെട്ട യുവാവ് ഒരു നേരത്തെ വിശപ്പടക്കാന്‍ അല്‍പം അരി മോഷ്ടിച്ചതാണ് കുറ്റം. കൂട്ടമായി ചേര്‍ന്ന് മധുവിനെ കെട്ടിയിട്ട് അടിച്ചു കൊന്നു. പോരാത്തതിനു വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. പരിഷ്‌കൃത സമൂഹമെന്ന് അവകാശപ്പെടുന്ന കേരളത്തിന് ചേര്‍ന്ന പ്രവൃത്തിയല്ല ഇതെന്ന് പലരും വാ തോരാതെ പ്രസംഗിച്ചു. അന്തിക്കവലയിലും കടവരാന്തയിലുമെല്ലാം പ്രസംഗിച്ച് നീതിയ്ക്ക് വേണ്ടി മുറവിളി കൂട്ടിയവര്‍ ആരെങ്കിലും, ഇന്ന് നമ്മുടെ സഹജീവികളായ ഇവരുടെ അവസ്ഥയെ കുറിച്ച് ഓര്‍ക്കാറുണ്ടോ. ഇല്ല.. എന്ന തന്നെയാണ് ഉത്തരം.
ഇവിടെ ആരാണ് കുറ്റക്കാര്‍, ആദിവാസി ഗോത്ര വര്‍ഗത്തില്‍പ്പെട്ട് അപരിഷ്‌കൃതരായി ഇന്നും വനാന്തരങ്ങളില്‍ പട്ടിണിയാലും കഷ്ടപ്പാടാലും കഴിഞ്ഞു കൂടുന്ന അവരെയാണോ, അതോ അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യാത്ത സര്‍ക്കാരിനെ ആണോ…, അതോ ഭ്രാന്തന്‍ ചിന്തകള്‍ അടിഞ്ഞു കൂടി മലിനമായ മനസുള്ള മനുഷ്യ വര്‍ഗത്തെയോ…? ആരെയാണ് നമ്മള്‍ കുറ്റപ്പെടുത്തേണ്ടത്. സ്വന്തം മനഃസാക്ഷിയോട് തന്നെ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ചോദിച്ചു നോക്കൂ.., ആ ഉത്തരമാണ് ശരി.
നമ്മള്‍ ഈ വിഷയം ഇവിടെ ചര്‍ച്ച ചെയ്യുന്നതിനു തന്നെ കാരണമായത് ജസ്റ്റിസ് ചന്ദ്രുവെന്ന മനുഷ്യനാണ്. ഒരുപക്ഷേ അദ്ദേഹവും എല്ലാ വക്കീലന്മാരെയും പോലെ പെരുമാറിയിരുന്നുവെങ്കില്‍ ഇതൊന്നും പുറം ലോകം അറിയുമായിരുന്നില്ല. അഡ്വ. ചന്ദ്രു ആയി സൂര്യ എത്തിയിപ്പോള്‍ ഇതിനു ആധാരമായ റിയല്‍ ചന്ദ്രുവിനെ കുറിച്ചും നമ്മള്‍ അറിഞ്ഞിരിക്കണം. മനുഷ്യത്വം വറ്റി പോകാത്ത കുറച്ച് മനുഷ്യരില്‍ ഒരാളായ ചന്ദ്രുവിന്റെ ജീവിതാനുഭവങ്ങള്‍ നമ്മള്‍ കരുതുന്നതിലുമെല്ലാം അപ്പുറമാണ്. നിര്‍ണായകമായ കേസുകളിലൂടെയും വിധികളിലൂടെയും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ശ്രദ്ധേയനായ വ്യക്തിയാണ് ജസ്റ്റിസ് ചന്ദ്രു. തമിഴ്നാട്ടിലെ സി.പി.ഐ.എം പ്രവര്‍ത്തകരില്‍ ഒരാളായ ചന്ദ്രു, വിദ്യഭ്യാസ കാലഘട്ടത്തില്‍ തന്നെ സാമൂഹിക പ്രവര്‍ത്തനങ്ങളുമായി ശ്രദ്ധേയനായിരുന്നു. രാജ്യത്തെ ഒരു ജഡ്ജിക്കും അവകാശപ്പെടാനില്ലാത്ത നേട്ടങ്ങളും ജസ്റ്റിസ് ചന്ദ്രു സ്വന്തമാക്കിയിട്ടുണ്ട്. തന്റെ ആറര വര്‍ഷത്തെ കാലയളവില്‍ 96,000 കേസുകളാണ് അദ്ദേഹം തീര്‍പ്പാക്കിയത്.
അഭിഭാഷകനായിരുന്ന കാലഘട്ടത്തില്‍ ജാതി വിവേചനത്തിനെതിരെയും പിന്നാക്ക, അധസ്ഥിത വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും പോരാടിയ ചരിത്രമാണ് ചന്ദ്രുവിനുള്ളത്. മനുഷ്യാവകാശ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ക്കായി ഹാജരായപ്പോള്‍ വക്കീല്‍ ഫീസ് പോലും അദ്ദേഹം ഈടാക്കിയിരുന്നില്ല. ആക്ടിവിസ്റ്റും, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനുമായ അദ്ദേഹം അധഃസ്ഥിതരും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുമായി അഹോരാത്രം പ്രവര്‍ത്തിച്ചു. ഒരിക്കല്‍ പൊലീസ് ലാത്തി ചാര്‍ജില്‍ അണ്ണാ യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാര്‍ത്ഥി മരണപ്പെടുകയുണ്ടായി. അന്നത്തെ ഡിഎംകെ പാര്‍ട്ടി നേതാവ് എം കരുണാനിധി മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ഇതാണ് അഭിഭാഷകവൃത്തിയില്‍ പ്രവേശിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തിന് കാരണമായത്. മദ്രാസ് ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയാണ് കമ്മീഷന് നേതൃത്വം വഹിച്ചത്. കമ്മീഷന് മുന്‍പാകെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഹാജരായത് ചന്ദ്രുവും.
കമ്മീഷന്‍ മുമ്പാകെ ചന്ദ്രു പ്രഗത്ഭമായി തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വാദിച്ചു. ഇത് കണ്ട ജഡ്ജി അദ്ദേഹത്തോട് അഭിഭാഷകവൃത്തിയില്‍ പ്രവേശിച്ചുകൂടെയെന്ന് ചോദിച്ചു. 1973 -ല്‍ അദ്ദേഹം ലോ കോളേജില്‍ ചേര്‍ന്നു. ലോ സ്‌കൂളില്‍ നിന്ന് ബിരുദം നേടിയ സമയത്തും അതിനുശേഷവും ചന്ദ്രു റോ & റെഡ്ഡി എന്ന നിയമ സ്ഥാപനത്തില്‍ ജോലി ചെയ്തു. പാവപ്പെട്ടവര്‍ക്ക് നിയമസഹായം നല്‍കുന്ന ഒരു സ്ഥാപനമായിരുന്നു അത്. എട്ട് വര്‍ഷത്തോളം അവിടെ ജോലി ചെയ്ത ശേഷം, അദ്ദേഹം സ്വന്തമായി പ്രാക്ടീസ് ആരംഭിച്ചു. തമിഴ്നാട്ടിലെ ബാര്‍ കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ അഭിഭാഷകനായി അദ്ദേഹം.
അടിയന്തരാവസ്ഥയ്ക്ക് ശേഷം സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ആദ്യമായി ഹൈക്കോടതിയില്‍ നിന്ന് അദ്ദേഹം ഒരു ജാഥ സംഘടിപ്പിച്ചു. 200 -ലധികം അഭിഭാഷകരാണ് അഭിഭാഷക വേഷത്തില്‍ അന്ന് തെരുവില്‍ മാര്‍ച്ച് നടത്തിയത്. പിന്നീട് ശ്രീലങ്കയിലെ തമിഴ് പ്രശ്നം രാജീവ് ഗാന്ധി സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്തു എന്നതിലെ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് 1988 -ല്‍ അദ്ദേഹം സിപിഐ (എം) വിടുകയുണ്ടായി. 1990 -കളുടെ രണ്ടാം പകുതിയില്‍ മദ്രാസ് ഹൈക്കോടതി സീനിയര്‍ അഭിഭാഷകനായി അദ്ദേഹം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ഇതാണ് ജസ്റ്റിസ് ചന്ദ്രു എന്ന പച്ചയായ മനുഷ്യന്‍.