ജെ. സി ഡാനിയേല്‍ അവാര്‍ഡ് ഹരിഹരന്
തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനക്കുള്ള 2019ലെ ജെ. സി ഡാനിയേല്‍ പുരസ്കാരത്തിന് സംവിധായകന്‍ ഹരിഹരനെ തെരഞ്ഞെടുത്തതായി സാംസ്കാരിക വകുപ്പ് മന്ത്രി എ. കെ ബാലന്‍ അറിയിച്ചു. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് സംസ്ഥാന സര്‍ക്കാറിൻ്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ. സി ഡാനിയേല്‍ അവാര്‍ഡ്.
എം. ടി വാസുദേവന്‍ നായര്‍ ചെയര്‍മാനും സംവിധായകന്‍ ഹരികുമാര്‍, നടി വിധുബാല, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
അര നൂറ്റാണ്ടിലധികമായി ചലച്ചിത്രരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന ഹരിഹരന്‍, മലയാള സിനിമയുടെ കലാപരവും ഭാവുകത്വപരവുമായ പരിവര്‍ത്തനങ്ങള്‍ക്ക് ഒപ്പം സഞ്ചരിക്കുകയും ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളായ സിനിമകള്‍ സമ്മാനിക്കുകയും ചെയ്തുവെന്ന് സമിതി വിലയിരുത്തി.
1965ല്‍ മദിരാശിയിലത്തെി ഛായാഗ്രാഹകന്‍ യു. രാജഗോപാലിനൊപ്പം പരിശീലനം നേടിയ ഹരിഹരന്‍ തുടര്‍ന്ന് എം. കൃഷ്ണന്‍നായര്‍, എ. ബി രാജ്, ജെ. ഡി തോട്ടാന്‍ എന്നിവര്‍ക്കൊപ്പം സഹസംവിധായകനായി ഏഴു വര്‍ഷം പ്രവര്‍ത്തിച്ചു. 1972ല്‍ ‘ലേഡീസ് ഹോസ്റ്റല്‍’ എന്ന ചിത്രം സംവിധാനം ചെയ്തു. തുടര്‍ന്ന് കോളേജ് ഗേള്‍, അയലത്തെ സുന്ദരി, രാജഹംസം, ഭൂമിദേവി പുഷ്പിണിയായി, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, സര്‍ഗം, ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ തുടങ്ങി 50ല്‍പ്പരം ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
1988ല്‍ സംവിധാനം ചെയ്ത ‘ഒരു വടക്കന്‍ വീരഗാഥ’ നാല് ദേശീയ അവാര്‍ഡുകളും ആറ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും കരസ്ഥമാക്കി. ‘സര്‍ഗം’ കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രത്തിനുള്ള 1992ലെ ദേശീയ അവാര്‍ഡും മികച്ച സംവിധായകനുള്ള അവാര്‍ഡ് ഉള്‍പ്പെടെ മുന്ന് സംസ്ഥാന പുരസ്കാരങ്ങളും നേടി. ‘പരിണയം’ 1995ലെ സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള അവാര്‍ഡ് ഉള്‍പ്പെടെ നാല് ദേശീയ അവാര്‍ഡുകളും നാല് സംസ്ഥാന അവാര്‍ഡുകളും നേടി. ‘കേരളവര്‍മ്മ പഴശ്ശിരാജ’ 2009ലെ മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് ഉള്‍പ്പെടെ നാല് ദേശീയ അവാര്‍ഡുകളും മികച്ച സംവിധായകനുള്‍പ്പെടെയുള്ള എട്ട് സംസ്ഥാന അവാര്‍ഡുകളും നേടി.
കോഴിക്കോട് പള്ളിപ്പുറം സ്വദേശിയായ ഹരിഹരന്‍ സ്കൂള്‍ അധ്യാപകനും ശാസ്ത്രീയ സംഗീതജ്ഞനുമായ എന്‍. മാധവന്‍ നമ്പീശന്‍െറയും പാര്‍വതി ബ്രാഹ്മണിയമ്മയുടെയും മകനാണ്. പള്ളിപ്പുറം എല്‍.പി സ്കൂള്‍, താമരശ്ശേരി യു.പി സ്കൂള്‍, താമരശ്ശേരി ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മാവേലിക്കര രവിവര്‍മ്മ പെയിന്‍റിംഗ് സ്കൂള്‍, കോഴിക്കോട് യൂണിവേഴ്സല്‍ ആര്‍ട്സ് കോളേജ് എന്നിവിടങ്ങളില്‍നിന്ന് ചിത്രരചനയില്‍ പരിശീലനം നേടി. ചിത്രകലാ അധ്യാപകനായി താമരശ്ശേരി ഹൈസ്കൂളിലും കോഴിക്കോട് തളി സ്കൂളിലും സേവനമനുഷ്ഠിച്ചതിനു ശേഷമാണ് സംവിധാനം പഠിക്കാനായി മദിരാശിക്കു വണ്ടി കയറിയത്.
‘നഖക്ഷതങ്ങള്‍’, ‘സര്‍ഗം’ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച ഗായത്രി സിനിമാ കമ്പനിയുടെ ഉടമസ്ഥ ഭവാനിയമ്മയാണ് ഹരിഹരന്‍െറ പത്നി. മക്കള്‍ ഡോ.പാര്‍വതി, ഗായത്രി, ആനന്ദ് കിഷോര്‍. ചെന്നൈ നുങ്കംപക്കത്താണ് ഹരിഹരന്‍ താമസിക്കുന്നത്.
ഒരു ലക്ഷം രൂപയായിരുന്ന സമ്മാനത്തുക ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അഞ്ചു ലക്ഷമായി ഉയര്‍ത്തിയിരുന്നു. 2016ല്‍ അടൂര്‍ ഗോപാലകൃഷ്ണനും 2017ല്‍ ശ്രീകുമാരന്‍ തമ്പിക്കും 2018ല്‍ ഷീലക്കുമാണ് ജെ. സി ഡാനിയേല്‍ പുരസ്കാരം ലഭിച്ചത്.