ജയന്റെ ഭാര്യയെ കല്യാണം കഴിച്ച ഐവി ശശി; പ്രചരിച്ച ഗോസ്സിപ്പുകളെ കുറിച്ച് സീമ
കൊച്ചി:ഒരുകാലത്ത് മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ട താരജോഡികളായിരുന്നു ജയനും സീമയും. അങ്ങാടി, കരിമ്പന, തുടങ്ങിയ ചിത്രങ്ങളിലെ ഇവരുടെ കെമിസ്ട്രി ഇന്നും ആരാധകർ ചർച്ച ചെയ്യുന്നതാണ്. ജയൻ -സീമ താര ജോഡികൾ അന്നുണ്ടാക്കിയ ഓളം പ്രേക്ഷാകരുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നുണ്ട്. ഇവരുടെ പേര് പലപ്പോഴും കൂട്ടിയോജിപ്പിച്ച് കേൾക്കുകയും ചെയ്യാറുണ്ട്.
സഹതാരം എന്നതിൽ ഉപരി ജയനുമായി വളരെ അടുത്ത ബന്ധമാണ് സീമയ്ക്കുണ്ടായിരുന്നത്. തന്റെ സഹോദരൻ സ്ഥാനത്താണ് ജയനെന്ന് സീമ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.അതേസമയം, ഇരുവരും പ്രണയത്തിൽ ആയിരുന്നെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. അക്കാലത്തെ ഏറ്റവും വലിയ ഗോസ്സിപ്പായിരുന്നു ഇവരുടെ പ്രണയം.
സീമ സംവിധായകൻ ഐവി ശശിയെ വിവാഹം കഴിച്ചിട്ടും ആ ഗോസ്സിപ്പിൽ മാറ്റം വന്നിരുന്നില്ല. തങ്ങളുടെ വിവാഹത്തിന് ചുക്കാൻ പിടിച്ചത് ജയൻ ആണെന്ന് സീമ പറഞ്ഞിട്ടുണ്ടെങ്കിലും അന്നത്തെ പ്രേക്ഷകർ പലരും വിശ്വസിക്കുന്നത് ഇവർക്കിടയിൽ പ്രണയമുണ്ടായിരുന്നു എന്നാണ്.
ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജംഗ്ഷനിൽ അതിഥി ആയി എത്തിയപ്പോൾ സീമ ഇതേക്കുറിച്ച് മനസ് തുറന്നിരുന്നു. ഇന്നും ആളുകൾ ഞങ്ങൾ പ്രണയത്തിൽ ആയിരുന്നു എന്ന് വിശ്വസിക്കുന്നുണ്ട്. എന്നാൽ അങ്ങനെ ആയിരുന്നില്ല. കഴിഞ്ഞ ദിവസം പോലും തന്നോട് ഇക്കാര്യം ഒരാൾ പറഞ്ഞെന്ന് എല്ലാം സീമ പറഞ്ഞിരുന്നു.
ആ അഭിമുഖം വീണ്ടും ശ്രദ്ധനേടുകയാണ്. ഐവി ശശിയോട് ജയന്റെ ഭാര്യയെ അല്ലേ വിവാഹം കഴിച്ചത് എന്ന് പോലും പലപ്പോഴും പലരും ചോദിച്ചിട്ടുണ്ടെന്നും സീമ പറയുന്നുണ്ട്. സീമയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.
‘ഈ മനോഹര തീരത്തിൽ അഭിനയിക്കുമ്പോൾ ജയൻ ഒന്നുമല്ല. അപ്പോഴും അദ്ദേഹം ശശിയേട്ടനോട് പറയുമായിരുന്നു ഈ പെണ്ണിനെ എടുക്ക് ഈ പെണ്ണിന്റെ എടുക്കെന്ന്. ഒരു പാട്ടിലേക്ക് ആണ് ജയേട്ടൻ എന്നെ റെക്കമെന്റ് ചെയ്തത്. അല്ലാതെ ജയേട്ടന് എന്നോട് ഇഷ്ടമൊന്നും ഉണ്ടായിട്ടില്ല.
ഗോസിപ്പ് എല്ലാ കാലത്തും ഉണ്ടായിരുന്നു. ഈ കഴിഞ്ഞ ദിവസം പോലും എന്നെ കണ്ടപ്പോൾ ഒരു സ്ത്രീ പറഞ്ഞു. കഴിഞ്ഞ ദിവസം കൊടുങ്ങലൂർ അമ്പലത്തിൽ പോകാൻ കൊച്ചി വിമാനത്താവളത്തിൽ വന്നപ്പോൾ ഒരു സ്ത്രീ വന്നിട്ട് സുന്ദരിയാണല്ലേ എന്ന് ചോദിച്ചു. എന്നിട്ട് ചോദിക്കുകയാണ് സാർ കെട്ടിയില്ലായിരുന്നെങ്കിൽ ജയൻ കെട്ടേണ്ടതായിരുന്നല്ലേ എന്ന്.
ഞാൻ അന്തം വിട്ട് നോക്കി നിന്നു. പക്ഷെ അങ്ങനെ അല്ല. ജയേട്ടനാണ് ഞങ്ങളുടെ വിവാഹം നടത്തി തന്നത്. ജയൻ ചേട്ടന് ഇഷ്ടമായിരുന്നു. പക്ഷെ പ്രണയം പോലെ ഒന്നുമല്ല. അക്കാലത്ത് ഒരുപാട് ഗോസിപ്പുകൾ ഉണ്ടായിരുന്നല്ലോ അങ്ങനെയൊന്ന്. ഗോസിപ്പുകൾ ഉണ്ടെങ്കിലേ ഈ ഫീൽഡിൽ പിടിച്ചു നിൽക്കാൻ സാധിക്കുകയുള്ളു.
കഥകൾ ഒന്നും എന്നെ ബാധിച്ചിരുന്നില്ല. ഞാനും ജയേട്ടനും എങ്ങനെയാണെന്ന് എനിക്ക് അറിയാം. പിന്നെ എന്തിനാണ് ഞാൻ തലപുണ്ണാക്കുന്നത്. ശശിയേട്ടന്റെ അടുത്ത് പറയുമായിരുന്നു ജയന്റെ ഭാര്യയെ ആണ് കല്യാണം കഴിച്ചതെന്ന്,’ സീമ പറഞ്ഞു.