‘കല്യാണം കഴിച്ച് വീട്ടിലിരുത്താൻ കൊളളാം; എന്നെ പോലെ ഒരുപാട് പെൺകുട്ടികളെ അദ്ദേഹം ഉപദേശിച്ചിരിക്കാം’
കൊച്ചി:സിനിമാ, സീരിയൽ രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമാകാൻ കഴിഞ്ഞ നടിയാണ് പ്രവീണ. സഹനടിയായി നിരവധി സിനിമകളിൽ അഭിനയിച്ച പ്രവീണയ്ക്ക് എടുത്ത് പറയാൻ മികച്ച ഒരുപിടി കഥാപാത്രങ്ങളുണ്ട്. മലയാളത്തിന് പുറമെ തമിഴ് സീരിയൽ രംഗത്തും പ്രവീണയ്ക്ക് തിളങ്ങാൻ കഴിഞ്ഞു. അഗ്നിസാക്ഷി, ഒരു പെണ്ണും രണ്ടാണും എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്കാരം പ്രവീണയ്ക്ക് ലഭിച്ചു.
ഇലക്ട്ര, ഇവൻ മേഘരൂപൻ എന്നീ ചിത്രങ്ങളിൽ ഡബ് ചെയ്തതിന് മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള പുരസ്കാരവും പ്രവീണയ്ക്ക് ലഭിച്ചു. തന്റെ സിനിമാ കരിയറിൽ മമ്മൂട്ടിക്കുള്ള സ്വാധീനത്തെക്കുറിച്ച് സംസാരിക്കുകയാണ് പ്രവീണയിപ്പോൾ.
ഡിഗ്രി പഠിക്കുന്ന സമയത്താണ് കളിയൂഞ്ഞാൽ എന്ന സിനിമ വരുന്നത്. വെക്കേഷൻ സമയത്താണ് ഓഫർ വന്നത്. ആദ്യമായിട്ട് മമ്മൂട്ടി സർ, ശോഭന ചേച്ചി എന്നിവരെയൊക്കെ പരിചയപ്പെട്ടു. എന്ത് ചെയ്യുന്നു എന്ന് ചോദിച്ചു. ബിഎ മ്യൂസിക് ആണെന്ന് പറഞ്ഞപ്പോൾ പാട്ടൊക്കെ പാടുമോ, എന്നാൽ ഇവിടെ ഇരുന്നൊരു പാട്ട് പാടിക്കേ എന്ന് പറഞ്ഞു. അദ്ദേഹത്തിന് ഭയങ്കര സ്നേഹം ആയിരുന്നു.
സിനിമയിൽ ഞാൻ നല്ല രീതിയിൽ വരണം എന്ന് അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാകണം. അദ്ദേഹം ഇപ്പോൾ അത് ഓർക്കുന്നുണ്ടാവില്ല. എന്നെപ്പോലെ ഒരുപാട് കുട്ടികൾക്ക് ഉപദേശം നൽകിയിരിക്കാം. വന്നതേ ഉള്ളൂ, ഇനി ഒരുപാട് സിനിമകളിൽ അവസരം വരും. നല്ല സംവിധായകർ, കഥാപാത്രം, ടീം എന്നിവയൊക്കെ നോക്കി സിനിമകൾ തെരഞ്ഞെടുക്കണമെന്ന് എന്നോട് പറഞ്ഞു.
ഈ കൊച്ചിനെ സിനിമയിൽ അഭിനയിപ്പിക്കാനൊന്നും കൊള്ളില്ല, കല്യാണം കഴിച്ച് വീട്ടിൽ കൊണ്ടിരുത്താം എന്ന് ചിലപ്പോൾ അമ്മയോട് അദ്ദേഹം പറഞ്ഞിരുന്നെന്നും പ്രവീണ ഓർത്തു. ഞാൻ അങ്ങനെ ആയിരുന്നു. ഷോട്ടിന് വിളിച്ചാൽ അഭിനയിച്ച് വന്ന് അച്ഛന്റെയും അമ്മയുടെയും അടുത്ത് ഇരിക്കും. നമുക്ക് പറ്റിയ ഫീൽഡല്ല സിനിമയെന്ന് അച്ഛനോടും അമ്മയോടും പലരും പറഞ്ഞു.
ആരെങ്കിലും മോശമായി പെരുമാറുമോ എന്ന പേടി കൊണ്ടാണ് അച്ഛന്റെയും അമ്മയുടെയും സംരക്ഷണത്തിൽ നിന്നത്. പക്ഷെ അങ്ങനെ ഒന്നുമല്ല, എല്ലാവരും നല്ല രീതിയിലാണ് ഈ നിമിഷം വരെ എന്നോട് പെരുമാറിയത്. സിനിമയിൽ മാത്രമല്ല, എല്ലാ മേഖലയിലും അപകടങ്ങളുണ്ട്. അത് ശ്രദ്ധിക്കാതെ കുഴിയിൽ പോയി ചാടിയിട്ട് ഈ ഫീൽഡിന്റെ കുഴപ്പമാണെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും പ്രവീണ വ്യക്തമാക്കി.
മലയാളത്തിലെ സീരിയലുകളിൽ തന്നെ കാണാത്തതിന് കാരണം നല്ല കഥാപാത്രങ്ങൾ ലഭിക്കാത്തതാണെന്നും പ്രവീണ പറയുന്നു. തെറ്റായ സന്ദേശം നൽകുന്ന സീരിയലുകളിൽ അഭിനയിക്കാൻ താൽപര്യമില്ലെന്നും നടി വ്യക്തമാക്കി. സിനിമാ രംഗത്ത് പ്രവീണ ഇന്നും സജീവമാണ്. സോഷ്യൽ മീഡിയയിൽ നടി ഇടയ്ക്ക് കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.
സന്തോഷ് നായർ എന്നാണ് പ്രവീണയുടെ ഭർത്താവിന്റെ പേര്. ഇരുവർക്കും ഒരു മകളുമുണ്ട്. അടുത്തിടെ തനിക്ക് നേരെ വന്ന സൈബറാക്രണത്തിനെതിരെ പ്രവീണ രംഗത്ത് വന്നിരുന്നു. തന്റെ പേരിൽ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി ആളുകളെ കബളിപ്പിച്ച വ്യക്തിക്കെതിരെയാണ് പ്രവീണ രംഗത്ത് വന്നത്.
വർഷങ്ങളായി ഈ ഉപദ്രവം തുടർന്നു. ശല്യം സഹിക്കാതായപ്പോൾ പൊലീസിൽ പരാതി നൽകി. പ്രതിയെ പിടിച്ചപ്പോഴാണ് അത് ആരാണെന്ന് പോലും അറിയുന്നത്. തന്റെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു അവൻ. അവന്റെ ഫോൺ പിടിച്ചെടുത്തപ്പോൾ നിറയെ തന്റെ ഫോട്ടോകളായിരുന്നെന്നും പ്രവീണ തുറന്ന് പറഞ്ഞു.