കൊച്ചി: മണിപ്പുരിൽ അശാന്തി വിതച്ചു കലാപം തുടരുന്നതിനിടെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെസിബിസി പ്രസിഡന്റ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ. ക്രിസ്തുമതം തുടച്ചുനീക്കാം എന്നത് വ്യാമോഹമാണെന്നു കർദിനാൾ പറഞ്ഞു.
‘‘കലാപം അവസാനിപ്പിക്കാൻ വൈകുന്നതെന്തിന്? പ്രധാനമന്ത്രി മൗനം വെടിയണം, ഭരണഘടനയിൽ മതേതരത്വം എന്ന് എഴുതിവച്ചിട്ടുള്ളത് ആലങ്കാരികമായല്ല’’– കർദിനാൾ വിശദീകരിച്ചു. മാത്യു കുഴൽനാടൻ എംഎൽഎയുടെ ഉപവാസവേദിയിലായിരുന്നു കേന്ദ്രസർക്കാരിനെതിരെ കർദിനാൾ വിമർശനം ഉയർത്തിയത്.
24 മണിക്കൂറിനിടെ മണിപ്പുരിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. പൊലീസ് ഉദ്യോഗസ്ഥനും പതിനേഴുകാരനുമുൾപ്പെടെയാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. നിരവധിപ്പേർക്ക് പരുക്കേറ്റു. ബിഷ്‌ണുപുർ, ചുരാചന്ദ്പുർ ജില്ലകളിലാണു വെടിവയ്പ്പുണ്ടായത്.
മരിച്ചവരിൽ രണ്ടുപേർ കുക്കി വിഭാഗത്തിൽനിന്നുള്ളവരും ഒരാൾ മെയ്തെയ് വിഭാഗത്തിലെയാളുമാണ്. കലാപത്തിൽ ആളുകൾ തമ്മിൽ അക്രമവും വെടിവയ്പ്പുമുണ്ടായപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണു പതിനേഴുകാരനു വെടിയേറ്റതെന്നാണ് റിപ്പോർട്ട്.