ഗാസയുടെ ഭൂപ്രദേശങ്ങൾ പിടിച്ചെടുക്കും,നടപടികളുമായി ഇസ്രയേൽ

ജറുസലേം: ഗാസയുടെ വലിയഭാഗങ്ങള്‍ പിടിച്ചെടുക്കുന്നതിനായി സൈനികനടപടി വിപുലീകരിക്കുകയാണെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് അറിയിച്ചു. പിടിച്ചെടുക്കുന്ന പ്രദേശങ്ങള്‍ ഇസ്രയേലിന്റെ സുരക്ഷാമേഖലയ്‌ക്കൊപ്പം ചേര്‍ക്കും. അതേസമയം നിര്‍ദിഷ്ടപദ്ധതിയിലൂടെ ഏതൊക്കെ പ്രദേശങ്ങളാണ് കൂട്ടിച്ചേര്‍ക്കുകയെന്നകാര്യം അദ്ദേഹം വ്യക്തമാക്കിയില്ല.
ഗാസയിലെ ഭീകരരുടെ ശക്തികേന്ദ്രങ്ങളും പശ്ചാത്തലസൗകര്യങ്ങളും നശിപ്പിക്കുന്നതിനും അവിടം ശുചീകരിക്കുന്നതിനുമാണ് വലിയൊരു പ്രദേശം ഇസ്രയേല്‍ പിടിച്ചെടുക്കുന്നതെന്ന് കാറ്റ്സ് പറഞ്ഞു. ഹമാസിനെ ഭീകരസംഘടനയായാണ് ഇസ്രയേല്‍ കണക്കാക്കുന്നത്. ഹമാസിനെ ഗാസയില്‍നിന്നു പുറത്താക്കാനും ശേഷിക്കുന്ന ബന്ദികളെ ഇസ്രയേലിനു വിട്ടുനല്‍കാനും ഗാസയിലെ പലസ്തീന്‍കാരോട് കാറ്റ്സ് ആവശ്യപ്പെട്ടു. അതാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ഏകമാര്‍ഗമെന്നും പറഞ്ഞു.
പതിറ്റാണ്ടുകളായി ഗാസയുടെ വടക്ക്, കിഴക്ക് അതിര്‍ത്തികളില്‍ ഇസ്രയേലിന് സുരക്ഷാമേഖലയായുണ്ട്. ഇസ്രയേലിന്റെ സ്വരക്ഷയ്ക്കും അതിര്‍ത്തിയില്‍ താമസിക്കുന്നവരുടെ സുരക്ഷയ്ക്കും ഗാസയിലെ സുരക്ഷാമേഖല നിര്‍ണായകമാണെന്ന് ഇസ്രയേല്‍ കരുതുന്നു.
പലസ്തീന്‍കാരെ ഗാസയില്‍നിന്ന് പുറത്താക്കി അവിടം വിനോദസഞ്ചാരകേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ‘ഗാസാപുനരധിവാസപദ്ധതി’യെ ഇസ്രയേല്‍ പിന്തുണയ്ക്കുന്നുണ്ട്. യുദ്ധാനന്തരം ഗാസയുടെ സുരക്ഷാച്ചുമതല ഇസ്രയേല്‍ ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചിരുന്നു. അതിനിടെ, ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ 34 പേര്‍ കൊല്ലപ്പെട്ടു.
ഇസ്രയേല്‍ ദേശരക്ഷാ മന്ത്രി ഇതാമര്‍ ബെന്‍ ഗ്വിര്‍ വീണ്ടും കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്‌സ പള്ളി പള്ളി വളപ്പിലെത്തി. ജൂതര്‍ക്കും മുസ്ലിങ്ങള്‍ക്കും ഒരുപോലെ പ്രധാനപ്പെട്ട ആരാധനാസ്ഥലമാണിത്. ബെന്‍ ഗ്വിറിന്റെ സന്ദര്‍ശനത്തെ അറബ്രാഷ്ട്രങ്ങള്‍ അപലപിച്ചു. സന്ദര്‍ശനം അംഗീകരിക്കാനാവില്ലെന്ന് ജോര്‍ദാന്‍ പ്രതികരിച്ചു. നടപടിയെ ഹമാസും അപലപിച്ചു. ജോര്‍ദാനാണ് പള്ളിയുടെ സംരക്ഷണച്ചുമതല.
ജനുവരിയില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിനെത്തുടര്‍ന്ന് ബെന്‍ ഗ്വിറിന്റെ ജ്യൂയിഷ് പവര്‍ പാര്‍ട്ടി ഭരണസഖ്യം വിട്ടിരുന്നു. ഇസ്രയേല്‍ യുദ്ധം പുനരാരംഭിച്ചതോടെയാണ് തിരിച്ചെത്തിയത്. അതിനുശേഷം ആദ്യമായാണ് അല്‍ അഖ്‌സയിലെത്തുന്നത്.