ഗാസ സിറ്റി: ഇസ്രയേൽ ആക്രമണത്തില്‍ ഹമാസിന്റെ ഗാസ സിറ്റി കമാന്‍ഡർ ബാസീം ഈസ കൊല്ലപ്പെട്ടു. ഇസ്രയേൽ സൈന്യത്തിന്‍റെ വ്യോമാക്രമണത്തിലാണ് ബാസീം ഈസ കൊലപ്പെട്ടത്. ബാസീം ഈസയും അനുയായികളും തങ്ങിയ കെട്ടിടത്തിൽ ബോംബിടുകയായിരുന്നു. 2014 ന് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും മുതിർന്ന ഹമാസ് തലവനാണ് ബാസീം ഈസ.
ഈസ അടക്കം നിരവധി മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടതായി ഹമാസ് പ്രതികരിച്ചു. ഹമാസിന്റെ റോക്കറ്റ് ആക്രമണ സംവിധാനത്തിന്റെ തലവനും കൊല്ലപ്പെട്ടു. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 48 ആയെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു.
തുടക്കം മാത്രമെന്നായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതികരണം. ഹമാസ് സ്വപ്നത്തിൽപ്പോലും പ്രതീക്ഷിക്കാത്ത തിരിച്ചടി നൽകുമെന്നും ഹമാസിന്റെ തകർച്ച ഉറപ്പാക്കും വരെ വ്യോമാക്രമണം തുടരുമെന്നും നെതന്യാഹുവിന്റെ പ്രതികരിച്ചു.
ഗാസ അതിർത്തിയിൽ ഹമാസ് മിസൈൽ ആക്രമണത്തിൽ ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി.