NationalNews

ഇസ്രായേലിൽ കരുതലോടെ ഇന്ത്യ,ഒഴിപ്പിക്കൽ സ്ഥിതി നിരീക്ഷിച്ച് മാത്രം;വ്യോമ,നാവിക സേനകൾക്ക് ജാഗ്രതാനിർദേശം

ന്യൂഡൽഹി: ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുടെ ഒഴിപ്പിക്കൽ സ്ഥിതി നിരീക്ഷിച്ച ശേഷമെന്ന് വിദേശകാര്യ മന്ത്രാലയം. പുറത്തിറങ്ങുന്നതും യാത്ര ചെയ്യുന്നതും കഴിയുന്നതും ഒഴിവാക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യോമസേനയ്ക്കും നാവികസേനയ്ക്കും ജാഗ്രതാ നിർദേശം നൽകും. യുദ്ധം നീളുന്ന സാഹചര്യമുണ്ടായാൽ ഒഴിപ്പിക്കലിന് നടപടി ആലോചിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രയേൽ പൗരന്മാരുടെ എണ്ണം 300 ആയി. 1590 പേർ പരിക്കുകളോടെ ആശുപത്രിയിലാണ്. ഇസ്രയേല്‍ തിരിച്ചടിച്ചതോടെ ഗസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 230 കടന്നു. 

ഇസ്രയേൽ – പലസ്തീൻ സംഘർഷം അവസാനിപ്പിക്കാൻ മധ്യപൂർവേഷ്യയിലെ പ്രധാന രാജ്യങ്ങൾ ആഹ്വാനം ചെയ്തു. സൗദി അറേബ്യയും യുഎഇയും ഖത്തറും ഒമാനും സംഘർഷങ്ങളിൽ ദുഃഖം രേഖപ്പെടുത്തി. മേഖലയിൽ സമാധാനത്തിനും വികസനത്തിനുമുള്ള ശ്രമങ്ങൾ ശക്തി പ്രാപിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത സംഘർഷമുണ്ടായത്.

ഇസ്രയേലിന് അമേരിക്ക ഉറച്ച പിന്തുണ പ്രഖ്യാപിച്ചു. ഇസ്രയേലിന് ആവശ്യമായ എല്ലാ സഹായവും നൽകാൻ അമേരിക്ക സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ സംഭാഷണത്തിൽ പറഞ്ഞു. ഇസ്രയേലിനെതിരെ നടന്നത് ഭീകരവാദമാണെന്നും ബൈഡൻ പ്രസ്താവിച്ചു.

ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ ഭൂരിഭാഗവും എയർലൈനുകൾ റദ്ദാക്കി. അമേരിക്കൻ എയർലൈൻസും എയർ ഫ്രാൻസും എമിറേറ്റ്സുമെല്ലാം സർവീസുകൾ റദ്ദാക്കി. ജർമ്മനിയും ലുഫ്താൻസയും താത്കാലികമായി സർവ്വീസുകൾ നിർത്തിവയ്ക്കുകയാണ്.

ഇസ്രയേലിന്‍റെ നഹാൽ ബ്രിഗേഡിന്റെ കമാന്‍ഡർ കേണൽ ജൊനാതൻ സ്രൈൻബെർഗ് ഹമാസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. നുഴഞ്ഞു കയറിയ ഹമാസുകാരെ കണ്ടെത്താൻ ഇസ്രയേല്‍ ശ്രമം തുടരുകയാണ്. ലെബനനിലെ ഹിസ്ബുള്ള സൈന്യവും ഇസ്രയേലിനെതിരായ യുദ്ധത്തിൽ പങ്കുചേരുമോയെന്ന ആശങ്കയും ശക്തമാണ്. അങ്ങനെ സംഭവിച്ചാൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker