കടുത്ത പട്ടിണിയും മരണഭയവും; ഐ.എസില്‍ ചേരാന്‍ പോയ കാസര്‍ഗോഡ് സ്വദേശി കീഴടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്
ന്യൂദല്‍ഹി: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി സിറിയയിലേക്ക് പോയ കാസര്‍കോഡ് ഇളമ്പച്ചി സ്വദേശി ഫിറോസ് ഖാന്‍ രാജ്യത്തേക്ക് മടങ്ങി വരാനും കീഴടങ്ങാനും ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചപ്പോഴാണ് ഫിറോസ് തിരിച്ചു വരണമെന്ന ആഗ്രഹം അറിയിച്ചത്. സുരക്ഷാ വൃത്തങ്ങളെയും ബന്ധുക്കളെയും ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. തിരിച്ചു വന്നാല്‍ കേസ് ഉണ്ടാവുമോയെന്നും കീഴടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും ഫിറോസ് പറഞ്ഞു.
പക്ഷെ എവിടെ വെച്ച് കീഴടങ്ങുമെന്ന് ഫിറോസ് പറഞ്ഞില്ല. ഇതിന് ശേഷം അവന്റെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ബന്ധു പറയുന്നു. ഉമ്മ ഹബീബയുമായി സംസാരിച്ചപ്പോള്‍ തിരിച്ചുവരാനും കീഴടങ്ങാനും ആഗ്രഹം പ്രകടിപ്പിച്ചു. അമേരിക്കന്‍ പിന്തുണയുള്ള സഖ്യസേന ഐ.എസിനെ തുരത്തിയതിന് പിന്നാലെയാണ് ഫോണ്‍ വന്നത്. കടുത്ത പട്ടിണിയില്‍ ഭക്ഷണമില്ലാതെ കഴിയുകയാണെന്ന് ഉമ്മയോട് അവന്‍ പറഞ്ഞെന്നും ഒരു ബന്ധു പറഞ്ഞു.