
ന്യൂഡൽഹി: രാജ്യത്തെ റിയൽ എസ്റ്റേറ്റ് നിർമ്മാതാക്കളും ബാങ്കുകളും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടോ എന്ന് കണ്ടെത്താൻ സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് സുപ്രീം കോടതി. അന്വേഷണത്തിന്റെ രൂപരേഖ രണ്ട് ആഴ്ചയ്ക്കുള്ളിൽ കൈമാറാൻ സുപ്രീം കോടതി സിബിഐയോട് നിർദേശിച്ചു. മുൻ ഇന്റലിജൻസ് ബ്യൂറോ മേധാവി രാജീവ് ജയിനിനെ കേസിലെ അമിക്കസ് ക്യൂറിയായി സുപ്രീം കോടതി നിയമിച്ചു.
ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ.കെ. സിങ് എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഫ്ലാറ്റ് നിർമ്മാതാക്കളും ബാങ്കുകളും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടോയെന്ന് കണ്ടെത്തുന്നതിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് വ്യക്തമാക്കിയത്. പണിതീർത്ത് ഉടമസ്ഥാവകാശം ലഭിക്കാത്ത ഫ്ലാറ്റുകൾക്ക് വായ്പ തിരിച്ചടവിന് ബാങ്കുകൾ നിർബന്ധിക്കുന്നുവെന്ന ഹർജിക്കാരുടെ ആരോപണത്തെ തുടർന്നാണ് സുപ്രീം കോടതി നീക്കം.
ഫ്ലാറ്റ് വാങ്ങാൻ ഉദ്ദേശിക്കുന്ന വ്യക്തി എടുക്കുന്ന വായ്പാ പണം ലഭിക്കുന്നത് റിയൽ എസ്റ്റേറ്റ് നിർമ്മാതാക്കൾക്കാണ്. ഫ്ലാറ്റുകളോ, വില്ലകളോ പണിതുതീർത്ത് കൈമാറ്റം ചെയ്യുന്നതുവരെ വായ്പ ഗഡു അടയ്‌ക്കേണ്ടത് നിർമ്മാതാക്കളാണ്. എന്നാൽ ഇതിൽ നിർമ്മാതാക്കൾ വീഴ്ച്ച വരുത്തുന്നതോടെ വായ്പ ഗഡു അടയ്ക്കാൻ ഫ്ലാറ്റ് വാങ്ങുന്നവരോട് ബാങ്കുകൾ നിർബന്ധിക്കറാണ് പതിവ്. എന്നാൽ നിർമ്മാണം ആരംഭിക്കാത്ത പദ്ധതികൾക്ക് എങ്ങനെ വായ്പ അനുവദിക്കാനാകുമെന്ന് സുപ്രീം കോടതി ആരാഞ്ഞു.
സിബിഐ അന്വേഷണത്തെ ചില ധനകാര്യ സ്ഥാപനങ്ങൾ സുപ്രീം കോടതിയിൽ എതിർത്തു. ഈ വിഷയം ആർബിഐയുടെ പരിഗണനയ്ക്ക് വിടണമെന്നായിരുന്നു ഈ ധനകാര്യ സ്ഥാപനങ്ങളുടെ ആവശ്യം. എല്ലാ ധനകാര്യ സ്ഥാപനങ്ങളെയും ഒരേ പോലെ കാണരുതെന്നും സീനിയർ അഭിഭാഷകരായ അഭിഷേക് മനു സിംഗ്‌വിയും, രഞ്ജിത്ത് കുമാറും സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ കുറ്റക്കാർ അല്ലാത്ത ആരും പേടിക്കേണ്ടതില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.