തൃശൂര്‍: അവധി നല്‍കാതെ മാനസികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ച് ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രിയില്‍ ഡെ. നഴ്‌സിങ് സൂപ്രണ്ടിന്റെ ആത്മഹത്യാ ശ്രമം. അവധി എടുത്ത വിഷയത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അമിത അളവില്‍ രക്തസമ്മര്‍ദത്തിനുള്ള ഗുളിക കഴിച്ച് ഡെപ്യൂട്ടി നഴ്സിങ് സൂപ്രണ്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുക ആയിരുന്നു. ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രിയിലെ ഗ്രേഡ് രണ്ട് നഴ്സിങ് സൂപ്രണ്ട് പേരാമ്പ്ര മണ്ടലി ഷാജുവിന്റെ ഭാര്യ ഡീന (52) ആണ് അമിത അളവില്‍ മരുന്ന് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ മുറിയില്‍ വച്ചായിരുന്നു സംഭവം. അനുമതിയില്ലാതെ ക്രിസ്മസിനടക്കം മൂന്ന് ദിവസം ഡീന അവധി എടുത്തിരുന്നു. ഇതിന്റെ പേരില്‍ നഴ്സിങ് സൂപ്രണ്ടിന് മെമ്മോ നല്‍കിയിരുന്നുവെന്നും ഇവര്‍ നല്‍കിയ വിശദീകരണം തൃപ്തികരമായിരുന്നില്ലെന്നും ഇത് ചോദ്യം ചെയ്തപ്പോള്‍ ബഹളം വയ്ക്കുകയും കൈയില്‍ കരുതിയിരുന്ന ഗുളികകള്‍ വിഴുങ്ങുകയുമായിരുന്നുവെന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ശിവദാസ് പറഞ്ഞു.സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.
ഈ സമയം ലേ സെക്രട്ടറി, നഴ്സിങ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ മുറിയില്‍ ഉണ്ടായിരുന്നു. ഉടനെ മറ്റ് ജീവനക്കാര്‍ ചേര്‍ന്ന് ഇവരെ പിടിച്ചിരുത്തുകയും തുടര്‍ന്ന് ഗുളികകള്‍ ഛര്‍ദിപ്പിച്ചശേഷം നിരീക്ഷണത്തില്‍ ആക്കുകയുമായിരുന്നു. അതേസമയം താന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് പറഞ്ഞത്
അച്ചടക്കലംഘനമാണെന്നും പ്രമോഷന്‍ തടയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും കുറച്ച് നാളുകളായി മാനസികമായി പീഡിപ്പിക്കുകയാണെന്നും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഡി.എം.ഒക്കും പരാതി നല്‍കുമെന്നും ഡീന പറഞ്ഞു.
ഭര്‍ത്താവ് ഷാജു ഹൃദ്രോഗിയാണെന്നും ക്രിസ്മസിന് ലീവ് ആവശ്യമാണെന്ന് അറിയിച്ചിട്ടും നിര്‍ബന്ധിതമായി ജോലിക്ക് വരണമെന്ന ആവശ്യപ്പെടുകയായിരുന്നുവെന്ന് പരാതിയിലുണ്ട്. വിദഗ്ധ ചികിത്സ ആവശ്യമാണെന്നും കൗണ്‍സിലിങ് അടക്കമുള്ള നടപടികള്‍ ഉണ്ടാകണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട പോലീസും സ്ഥലത്ത് എത്തിയിരുന്നു.