32.8 C
Kottayam
Tuesday, April 16, 2024

ലോകകപ്പിൽനിന്ന് പുറത്തായി, പടക്കം പൊട്ടിച്ച് ആഘോഷിച്ച് ഇറാൻ ജനത;വിഡിയോ വൈറല്‍

Must read

ടെഹ്റാൻ∙ ഖത്തര്‍ ലോകകപ്പിൽ യുഎസിനോടു തോറ്റു ഇറാൻ പുറത്തായതിന് പിന്നാലെ തോൽവി ആഘോഷമാക്കി ഇറാൻ ജനത. പടക്കം പൊട്ടിച്ചും വാഹനങ്ങളുടെ ഹോണ്‍ മുഴക്കിയും തെരുവുകളിൽ നൃത്തം ചെയ്തുമാണ് സ്വന്തം രാ‍ജ്യത്തിന്റെ പരാജയത്തെ ഇറാനികൾ ആഘോഷമാക്കിയത്. ഇവയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.

ഹിജാബ് വലിച്ചെറിഞ്ഞും കൂട്ടിയിട്ട് കത്തിച്ചും ഇറാൻ ഭരണകൂടത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിന്റെ ദ‍ൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു കൊണ്ടിരിക്കുന്നതിന് പിന്നാലെയാണ് തെരുവുകൾ ആഘോഷമാക്കുന്ന ഇറാനികളുടെ ദൃശ്യങ്ങളും വരുന്നതെന്നത് ശ്രദ്ധേയമാണ്.

കുർദിസ്ഥാനിലും മാരിവാനിലും കെർമാൻഷാ പ്രവിശ്യയിലെ പാവേയിലും സർപോൾ-ഇ സഹാബിലുമെല്ലാം ആളുകള്‍ പടക്കം പൊട്ടിച്ചും ഹോൺ മുഴക്കിയും രാജ്യത്തിന്‍റെ പരാജയം ആഘോഷമാക്കി. പരാജയം ആഘോഷമാക്കുന്ന നിരവധി ട്വീറ്റുകളും ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടു. ഇറാൻ സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ടീമിന്റെ പുറത്താകൽ ആഘോഷമാക്കിയത്.

‘‘ഞാൻ മൂന്ന് മീറ്റർ ചാടി അമേരിക്കയുടെ ഗോൾ ആഘോഷിക്കുമെന്ന് ആരാണ് കരുതിയിരുന്നത്!’’– തോൽവിക്ക് ശേഷം ഇറാനിയൻ ഫുട്ബോള്‍ ജേണലിസ്റ്റ് സയീദ് സഫറാനി ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്. ‘‘അവര്‍ അകത്തും പുറത്തും തോറ്റു’’ എന്നായിരുന്നു മാധ്യമപ്രവർത്തകൻ അമീർ എബ്‌തേഹാജിയുടെ ട്വീറ്റ്. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കു‍ർദ് യുവതി മഹ്സ അമിനി (22) സെപ്റ്റംബർ 16ന് മരിച്ചതിനു പിന്നാലെ ഇറാനിൽ ശക്തമായ പ്രധിഷേധങ്ങളാണ് നടക്കുന്നത്.

പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ മത്സരത്തിനു മുന്നോടിയായി ദേശീയഗാനം ആലപിക്കുന്നതിൽനിന്ന് ഇറാൻ ടീം വിട്ടുനിന്നിരുന്നു. ഇതേത്തുടർന്ന് ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുകയോ ദേശീയഗാനം ആലപിക്കാതിരിക്കുകയോ ചെയ്താൽ ടീമംഗങ്ങളുടെ കുടുംബത്തെ തടവിലാക്കുമെന്ന് ഭരണകൂടം ‌ഭീഷണിപ്പെടുത്തുകയും ചെയ്തു. മഹ്സ അമിനിയുടെ നാടായ സാക്കെസിലും ആളുകൾ പരാ‍‍‍ജയം പടക്കം പൊട്ടിച്ച് ആഘോഷമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week