ഇറാനില്‍ യുക്രെയിന്‍ വിമാനം തകര്‍ന്നു വീണത് മിസൈല്‍ ആക്രണണത്തില്‍?ഇറാന് അബദ്ധം പറ്റിയതായിരിയ്ക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടന്‍:കഴിഞ്ഞ ദിവസം ഇറാനില്‍ യുക്രെയ്ന്‍ യാത്രാ വിമാനം പറന്നുപൊങ്ങിയ ഇടന്‍ തകര്‍ന്നു വീണതിനു പിന്നില്‍ ഇറാന്‍ തന്നെയെന്ന ആരോപണവുമായി അമേരിക്ക.വിമാനത്തെ ഇറാന്‍ അബദ്ധത്തില്‍ ആക്രമിച്ചതാകാമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇറാനിലെ ഇമാം ഖമനയി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നു വീഴുകയായിരുന്നു യുക്രെയ്ന്‍ യാത്രാ വിമാനം. ബുധനാഴ്ച രാവിലെയാണ് യുക്രെയ്ന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനം വിമാനത്താവളത്തില്‍ തകര്‍ന്നു വീണത്. സംഭവത്തില്‍ 176 പേര്‍ കൊല്ലപ്പെട്ടിരുന്നു.
രണ്ടു യുഎസ് ഉദ്യോഗസ്ഥരാണ് വ്യാഴാഴ്ച ഇറാന്റെ അബന്ധത്തിലുള്ള മിസൈലാക്രമണമാണ് വിമാനം തകരാന്‍ കാരണമെന്ന് സംശയം പ്രകടിപ്പിച്ചത്. ട്രംപും സമാന സംശയം പ്രകടിപ്പിച്ചതായും അവര്‍ പറഞ്ഞു. ‘ചിലര്‍ പറയുന്നു സാങ്കേതിക തകരാര്‍ ആണ് കാരണമെന്ന്. പക്ഷേ അങ്ങനെ ഒരു ചോദ്യം ഉയരുന്നില്ല’ – ട്രംപ് പറഞ്ഞു. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ യുക്തിരഹിതമാണെന്ന് ഇറാന്‍ സിവില്‍ ഓര്‍ഗനൈസേഷന്‍ തലവന്‍ പറഞ്ഞു.
മരിച്ച 176 പേരില്‍ 81 സ്ത്രീകളും 15 കുട്ടികളും 9 ജീവനക്കാരും ഉള്‍പ്പെടുന്നു. ഇവര്‍ ഇറാന്‍, കാനഡ, യുക്രെയ്ന്‍, സ്വീഡന്‍, ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. മൃതദേഹങ്ങളും വിമാനത്തിന്റെ ബ്ലാക് ബോക്‌സും കണ്ടെടുത്തു. സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് അധികൃതര്‍ പറഞ്ഞു. യുക്രെയ്ന്‍ തലസ്ഥാനമായ കീവിലേക്കു പോവുകയായിരുന്ന വിമാനം, എയര്‍പോര്‍ട്ടില്‍ നിന്നു 45 കിലോമീറ്റര്‍ ദൂരെ പാടത്താണ് തകര്‍ന്നു വീണത്.
അതേസമയം ഇതു സ്ഥിരീകരിക്കാന്‍ ഇറാനിലെ യുക്രെയ്ന്‍ എംബസി തയാറായിരുന്നില്ല. 2016 ല്‍ നിര്‍മിച്ച വിമാനത്തിന്റെ സാങ്കേതിക പരിശോധനകള്‍ 2 ദിവസം മുമ്പ് പൂര്‍ത്തിയാക്കിയതാണെന്ന് അവര്‍ പറഞ്ഞു. വിമാനത്തിന്റെ 2 ബ്ലാക്ക് ബോക്‌സുകള്‍ കണ്ടെടുത്തെങ്കിലും അവ പരിശോധിക്കുന്നതിന് യുഎസ് കമ്പനിയായ ബോയിങ്ങിനു കൈമാറില്ലെന്ന് ഇറാന്‍ അറിയിച്ചിരുന്നു. ഇവ എവിടെ പരിശോധിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടില്ല.