സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്തയ്ക്ക് തകർപ്പൻ ജയം

അബുദാബി: ഐപിഎല്ലിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 7 വിക്കറ്റ് ജയം. 143 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 12 പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം കണ്ടു. 18 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്ത വിജയലക്ഷ്യം മറികടന്നത്

കൊല്‍ക്കത്തക്കു വേണ്ടി യുവതാരം ശുഭ്മാന്‍ ഗില്‍ അര്‍ദ്ധ സെഞ്ച്വറി നേടി. ഓപ്പണറായി ഇറങ്ങിയ ഗില്‍ 62 പന്തില്‍ 70 റണ്‍സ് നേടി പുറത്താകാതെ നിന്നു. 5 ബൗണ്ടറികളും രണ്ട് സിക്‌സറുകളുമാണ് ഗില്ലിന്റെ ബാറ്റില്‍ നിന്നും പിറന്നത്. സുനില്‍ നരൈന്‍ റണ്‍സൊന്നും നേടാതെ പുറത്തായപ്പോള്‍ മൂന്നാമനായെത്തിയ നിതീഷ് റാണ 13 പന്തില്‍ 26 റണ്‍സ് അടിച്ച് കൊല്‍ക്കത്തയുടെ സ്‌കോറിംഗിന്റെ വേഗം കൂട്ടി. പിന്നാലെ എത്തിയ ഇയന്‍ മോര്‍ഗന്‍ ഗില്ലിന് മികച്ച പിന്തുണ നല്‍കി. മോര്‍ഗന്‍ 29 പന്തില്‍ 42 റണ്‍സ് നേടി പുറത്താകാതെ നിന്നു.