CricketNationalNewsSports

IPL:ഗുജറാത്തിനെതിരെ ചെന്നൈക്ക് മികച്ച സ്‌കോര്‍,തകര്‍ത്തടിച്ച്‌ റുതുരാജ് ഗെയ്‌ക്‌വാദ്

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിലെ ആദ്യ മത്സരത്തില്‍ സിക്‌സര്‍ മഴയുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദ് വിസ്‌മയിപ്പിച്ചപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിന് 179 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ടീം റുതുവിന്‍റെ സെഞ്ചുറിക്കരുത്തില്‍ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റിന് 178 റണ്‍സെടുത്തു. റുതുരാജ് 50 പന്തില്‍ 92 റണ്ണെടുത്ത് സെഞ്ചുറിക്കരികെ പുറത്തായി. ഗുജറാത്തിനായി മുഹമ്മദ് ഷമിയും റാഷിദ് ഖാനും അല്‍സാരി ജോസഫും രണ്ട് വീതം വിക്കറ്റ് വീഴ്‌ത്തി. 

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഉദ്‌ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഗുജറാത്ത് ടൈറ്റന്‍സ് പവര്‍പ്ലേയ്‌ക്കിടെ ഇരട്ട പ്രഹരം നല്‍കി. ഇന്നിംഗ്‌സിലെ മൂന്നാം ഓവറില്‍ ഒന്നാന്തരമൊരു പന്തില്‍ ദേവോണ്‍ കോണ്‍വേയുടെ സ്റ്റംപ് മുഹമ്മദ് ഷമി പിഴുതു. ആറ് പന്തില്‍ ഒരു റണ്‍സ് മാത്രമാണ് കോണ്‍വേ നേടിയത്.

എന്നാല്‍ ഇതിന് ശേഷം ജോഷ്വാ ലിറ്റിലിനെ അടിച്ചുതകര്‍ത്ത റുതുരാജ് ഗെയ്‌ക്‌വാദും ഷമിക്ക് തിരിച്ചടി നല്‍കി മൊയീന്‍ അലിയും സിഎസ്‌കെയ്‌ക്ക് വലിയ പ്രതീക്ഷ നല്‍കി. എന്നാല്‍ ആറാം ഓവറില്‍ സ്‌പിന്നര്‍ റാഷിദ് ഖാനെ പന്തേല്‍പിച്ച പാണ്ഡ്യയുടെ തന്ത്രം വിജയിച്ചു. 17 പന്ത് നേരിട്ട അലി 23 റണ്‍സുമായി വിക്കറ്റിന് പിന്നില്‍ സാഹയുടെ ക്യാച്ചില്‍ മടങ്ങി.

പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 51-2 എന്ന സ്കോറിലായിരുന്നു ചെന്നൈ. ഒരോവറിന്‍റെ ഇടവേളയില്‍ ബെന്‍ സ്റ്റോക്‌സും(6 പന്തില്‍ 7) റാഷിദ് ഖാന്‍റെ പന്തില്‍ സാഹയുടെ സുന്ദര ക്യാച്ചില്‍ മടങ്ങി. എന്നാല്‍ അല്‍സാരി ജോസഫിനെ 9-ാം ഓവറില്‍ മൂന്ന് സിക്‌സിന് പറത്തിയ ഗെയ്‌ക്‌വാദ് 23 പന്തില്‍ ഫിഫ്‌റ്റി തികച്ചതോടെ കളി ചെന്നൈയുടെ കയ്യിലായി.

11-ാം ഓവറിലെ അവസാന പന്തില്‍ ലിറ്റിലിനെ സിക്‌സിന് പറത്തി ഗെയ്‌ക്‌വാദ് ടീമിനെ 100 കടത്തി. 13-ാം ഓവറിലെ അഞ്ചാം പന്തില്‍ ക്രീസ് വിട്ടിറങ്ങിയ റായുഡുവിന്‍റെ(12 പന്തില്‍ 12) കുറ്റി ജോഷ്വ തെറിപ്പിച്ചു. ഗെയ്‌ക്‌വാദും ശിവം ദുബെയും ക്രീസില്‍ നില്‍ക്കേ 17-ാം ഓവറില്‍ ടീം സ്കോര്‍ 150 കടന്നു.  

തൊട്ടടുത്ത ഓവറില്‍ അല്‍സാരിയുടെ ആദ്യ പന്തില്‍ റുതുരാജ് പുറത്തായി. 49 പന്തില്‍ 4 ഫോറും 9 സിക്‌സും അടങ്ങുന്നതായിരുന്നു റുതുരാജിന്‍റെ 92 റണ്‍സ്. ഇതിന് ശേഷം ക്രീസിലെത്തിയ രവീന്ദ്ര ജഡേജ(2 പന്തില്‍ 1) സിക്‌സര്‍ ശ്രമത്തിനിടെ അല്‍സാരിയുടെ തന്നെ പന്തില്‍ ബൗണ്ടറിയില്‍ വിജയ് ശങ്കറിന്‍റെ ക്യാച്ചില്‍ അവസാനിച്ചു.

തന്നെ സിക്‌സറടിച്ച ദുബെയെ ഷമി 19-ാം ഓവറില്‍ മടക്കി. അവസാന ഓവറില്‍ ലിറ്റിലിനെ ധോണി പടുകൂറ്റന്‍ സിക്‌സിന് പറത്തിയതോടെ ഗ്യാലറി ഇളകിയാടി. ധോണി ഏഴ് പന്തില്‍ ഓരോ ഫോറും സിക്‌സുമായി 14 റണ്‍സുമായി പുറത്താകാതെ നിന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button