CricketKeralaNewsSports

ഡൽഹിയോട് തോറ്റ് ലഖ്‌നൗ പുറത്ത്‌ ; സഞ്ജുവും പിള്ളേരും പ്ലേ ഓഫിൽ

ന്യൂഡല്‍ഹി: പ്ലേ ഓഫ് ബര്‍ത്തിനായുള്ള ജീവന്‍മരണ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് തോല്‍വി. ഡല്‍ഹി ക്യാപ്പിറ്റല്‍സിനോട് 19 റണ്‍സിനാണ് ലഖ്‌നൗ തോറ്റത്. ലഖ്‌നൗവിന്റെ പരാജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫില്‍ കടക്കുന്ന രണ്ടാമത്തെ ടീമായി. 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന് 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

നിര്‍ണായക മത്സരത്തില്‍ മുന്‍നിര പരാജയമായപ്പോള്‍ നിക്കോളാസ് പുരന്റെയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ആവേശമുയര്‍ത്തിയ അര്‍ഷാദ് ഖാന്റെയും പ്രകടനങ്ങളാണ് ടീമിനെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. 27 പന്തില്‍ നിന്ന് നാല് സിക്‌സും ആറ് ഫോറുമടക്കം 61 റണ്‍സെടുത്ത പുരനാണ് ടീമിന്റെ ടോപ് സ്‌കോറര്‍. കൈവിട്ട മത്സരത്തെ ആവേശത്തിലാക്കി 33 പന്തുകള്‍ നേരിട്ട് അഞ്ചു സിക്‌സും മൂന്ന് ഫോറുമടക്കം 58 റണ്‍സോടെ പുറത്താകാതെ നിന്ന അര്‍ഷാദ് ഖാനും പക്ഷേ ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

ജയത്തോടെ 14 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഡല്‍ഹി 14 പോയന്റുമായി അഞ്ചാം സ്ഥാനത്തെത്തി. ഒരു മത്സരം ബാക്കിയുള്ള ലഖ്‌നൗ 12 പോയന്റുമായി ഏഴാം സ്ഥാനത്താണ്. ഇരു ടീമിനും ഇനി പ്ലേ ഓഫിലെത്തുക എന്നത് വിദൂര സാധ്യത മാത്രമാണ്.

209 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ലഖ്‌നൗവിന്റെ തുടക്കം തന്നെ പാളി. ആദ്യ ഓവറില്‍ ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ (5), മൂന്നാം ഓവറില്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്ക് (12), നാലാം ഓവറില്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ് (5), അഞ്ചാം ഓവറില്‍ ദീപക് ഹൂഡ (0) എന്നിവര്‍ മടങ്ങിയതോടെ ടീം കൂട്ടത്തകര്‍ച്ച മുന്നില്‍ കണ്ടു. എന്നാല്‍ ഒരറ്റത്ത് പിടിച്ചുനിന്ന നിക്കോളാസ് പുരന്‍ സ്‌കോര്‍ ചലിപ്പിച്ചു. എന്നാല്‍ പിന്തുണ നല്‍കുമെന്ന് പ്രതീക്ഷിച്ച ആയുഷ് ബധോനിയും (6) പുറത്തായതോടെ 7.3 ഓവറില്‍ അഞ്ചിന് 71 റണ്‍സെന്ന നിലയിലേക്ക് ലഖ്‌നൗ കൂപ്പുകുത്തി. 12-ാം ഓവറില്‍ പുരന്റെ ചെറുത്തുനില്‍പ്പും അവസാനിച്ചതോടെ ലഖ്‌നൗ കനത്ത തോല്‍വി മുന്നില്‍ക്കണ്ടു.

എന്നാല്‍ ക്രുണാല്‍ പാണ്ഡ്യ (18), യുധിര്‍ സിങ് (14) എന്നിവരെ കൂട്ടുപിടിച്ച് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച അര്‍ഷാദ് ഖാന്‍ മത്സരം ആവേശകരമാക്കിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഡല്‍ഹിക്കായി ഇഷാന്ത് ശര്‍മ മൂന്ന് വിക്കറ്റുമായി തിളങ്ങി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തിരുന്നു.

വമ്പനടിക്കാരന്‍ ജെയ്ക് ഫ്രേസര്‍ മക്ഗുര്‍ക്കിനെ (0) ഇന്നിങ്സിന്റെ രണ്ടാം പന്തില്‍ തന്നെ നഷ്ടമായെങ്കിലും അഭിഷേക് പോറെല്‍, ഷായ് ഹോപ്പ്, ക്യാപ്റ്റന്‍ ഋഷഭ് പന്ത്, ട്രിസ്റ്റന്‍ സ്റ്റബ്ബ്സ് എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് ഡല്‍ഹിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ആദ്യ ഓവറില്‍ തന്നെ മക്ഗുര്‍ക് വീണെങ്കിലും രണ്ടാം വിക്കറ്റില്‍ ഒന്നിച്ച പോറെല്‍ – ഷായ് ഹോപ്പ് സഖ്യം 92 റണ്‍സ് ചേര്‍ത്തതോടെ ഡല്‍ഹി ഇന്നിങ്സ് ട്രാക്കിലായി. 27 പന്തില്‍ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 38 റണ്‍സെടുത്ത ഹോപ്പിനെ മടക്കി രവി ബിഷ്ണോയിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ പോറെലിനെയും ഡല്‍ഹിക്ക് നഷ്ടമായി. അര്‍ധ സെഞ്ചുറി നേടിയ പോറെല്‍ 33 പന്തില്‍ നിന്ന് നാല് സിക്സറുകളുടെയും അഞ്ച് ഫോറിന്റെയും അകമ്പടിയോടെ 58 റണ്‍സെടുത്തു.

പിന്നാലെ നാലാം വിക്കറ്റില്‍ ഒന്നിച്ച ഋഷഭ് പന്ത് – ട്രിസ്റ്റന്‍ സ്റ്റബ്ബ്സ് സഖ്യവും മികച്ച കൂട്ടുകെട്ട് കാഴ്ചവെച്ചതോടെ മധ്യ ഓവറുകളിലും ഡല്‍ഹി സ്‌കോര്‍ കുതിച്ചു. 47 റണ്‍സാണ് ഇരുവരും ഡല്‍ഹി സ്‌കോര്‍ ബോര്‍ഡിലെത്തിച്ചത്. 23 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയടക്കം 33 റണ്‍സെടുത്ത പന്ത് 17-ാം ഓവറില്‍ നവീന്‍ ഉള്‍ ഹഖിനു മുന്നില്‍ വീണു.

തുടര്‍ന്ന് അവസാന ഓവറുകളില്‍ അക്ഷര്‍ പട്ടേലിനെ കൂട്ടുപിടിച്ച് അടിച്ചു തകര്‍ത്ത സ്റ്റബ്ബ്സ് ഡല്‍ഹി സ്‌കോര്‍ 200 കടത്തി. 22 പന്തില്‍ നിന്ന് 50 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. 25 പന്തുകള്‍ മാത്രം നേരിട്ട സ്റ്റബ്ബ്സ് നാല് സിക്സും മൂന്ന് ഫോറുമടക്കം 57 റണ്‍സോടെ പുറത്താകാതെ നിന്നു. അക്ഷര്‍ പട്ടേല്‍ 10 പന്തില്‍ നിന്ന് 14 റണ്‍സ് നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button