ഭുവനേശ്വര്‍: ലെബനനെ മടക്കമില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ച് ഇന്ത്യ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്ബോള്‍ കിരീടം സ്വന്തമാക്കി. നാല്‍പത്തിയാറാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ആറുപത്തിയാറാം മിനിറ്റില്‍ ലാല്യന്‍സ്വാല ചാങ്തെയുമാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്.
ക്ലാസിക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ആദ്യ ഗോളിന് വഴിവച്ചതും ചാങ്തെയാണ്. ചാങ്തെ ബാക്ക് ഹീല്‍ ചെയ്തു നല്‍കിയ പന്താണ് നിഖില്‍ പൂജാരി ബോക്സില്‍ സുനില്‍ ഛേത്രിക്ക് കൊടുത്തത്. ഛേത്രിയാണ് രണ്ടാമത്തെ ഗോളിന്റെ ശില്‍പി. ഛേത്രി നല്‍കിയ പന്ത് മഹേഷ് സിങ് പോസ്റ്റിലേയ്ക്ക് നിറയൊഴിച്ചെങ്കിലും ഗോളി തടഞ്ഞിട്ടു. റീബൗണ്ട് കിട്ടിയ ചാങ്തെയ്ക്ക് പിഴച്ചതുമില്ല.
സുനില്‍ ഛേത്രിയെ ഒന്നാം പകുതിയില്‍ തന്നെ ഇറക്കിയ ഇന്ത്യ നിരന്തരം ആക്രമിക്കുന്നതാണ് ആദ്യ നിമിഷങ്ങളില്‍ കണ്ടത്. സഹലും ആഷിഖും ചേര്‍ന്നതോടെ ഏത് നിമിഷവും ഗോള്‍ വീഴാമെന്ന അവസ്ഥയായിരുന്നു. ചില ആശയക്കുഴപ്പങ്ങളും നിസാര പിഴവുകളുമാണ് ഒന്നാം പകുതിയില്‍ ഇന്ത്യയുടെ വഴിയടച്ചത്.
പ്രത്യാക്രമണമായിരുന്നു ലെബനന്റെ ആയുധം. ജിംഗനും ഗോളി ഗുര്‍പ്രീതുമാണ് കോട്ട കെട്ടി ഒന്നാം പകുതിയില്‍ ഇന്ത്യയെ കാത്തത്. രണ്ടാം പകുതിയിലും മികച്ച പ്രകടനം പുറത്തെടുത്താണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്.