ഇന്നസെന്റ് ‘നിഷ്‌കളങ്കനായ പോരാളി’ മോഹൻലാൽ
കൊച്ചി:ഇന്നസെന്റിനെ എന്നാണ് എവിടെ വെച്ചാണ് ആദ്യമായി കണ്ടത് എന്ന് എനിക്ക് ഓര്‍മയില്ല. പൂര്‍വജന്മത്തിലേ എന്റെ കൂടെയുള്ള ഒരാളായിട്ടാണ് അദ്ദേഹത്തെ എനിക്കു തോന്നാറുള്ളത്. വിശേഷണങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത വിധത്തിലുള്ള ഒരു അടുപ്പം, പറഞ്ഞു മനസ്സിലാക്കാനോ, പ്രകടിപ്പിക്കാനോ കഴിയാത്ത തരത്തിലുള്ള സ്‌നേഹം, ബഹുമാനം, ജീവിതത്തിന്റെ വെയിലേറ്റ് തളരുമ്പോള്‍ ചേര്‍ത്തു നിര്‍ത്തി സാന്ത്വനം തരുന്ന തണല്‍. ഇതൊക്കെയാണ് എനിക്ക് ഇന്നസെന്റ്. സിനിമയില്‍ ഹാസ്യകഥാപാത്രങ്ങളെയാണ് അവതരിപ്പിക്കാറുള്ളത്. സംസാരങ്ങളിലും സമീപനങ്ങളിലും ശുദ്ധമായ ഫലിതമാണ് ഇന്നസെന്റിന്റെ വഴി. നിഷ്‌കളങ്കമാണ് ആ ഫലിതമെല്ലാം. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ ഇന്നസെന്റിനോളം പോരാളിയായ ഒരാളെ ഞാന്‍ പരിചയപ്പെട്ടിട്ടില്ല. എത്ര വലിയ തടസ്സങ്ങളും പ്രതിബന്ധങ്ങളും മുന്നില്‍ വഴിതടഞ്ഞാലും അവയെയെല്ലാം മറികടക്കാനുള്ള ധീരത ഇന്നസെന്റില്‍ സഹജമായുണ്ട്. ഇത് അദ്ദേഹത്തിന്റെ അപ്പനായ തെക്കേത്തല വറീതില്‍ നിന്നാകാം.
ദാരിദ്ര്യം മുതല്‍ മരണം വരെ ഒരുപാടു കരിങ്കടലുകള്‍, അദ്ദേഹത്തിന്റെ ജിവിതത്തിന് മുന്നില്‍ വെല്ലുവിളികളായി നിന്നിട്ടുണ്ട്. തീപ്പെട്ടി കമ്പനി നടത്തിയിരുന്ന കാലത്താണ് ദാരിദ്ര്യം ഒരു ഒഴിയാബാധയായി അദ്ദേഹത്തിന്റെ ജീവിതത്തെ ഗ്രസിച്ചത്. കുറച്ചു ദിവസങ്ങളോ ആഴ്ചകളോ മാത്രമല്ല ഈ അവസ്ഥ നിലനിന്നത്. വര്‍ഷങ്ങളാണ്. തീപ്പെട്ടിക്കമ്പനി വലിയ പരാജയമായി. സിനിമയിലെ ഭാഗ്യപരീക്ഷണവുമായി മദിരാശിയില്‍ കഴിഞ്ഞ ദിനങ്ങളിലും കടുത്ത ദാരിദ്ര്യം ഈ മനുഷ്യനെ പിടിച്ചുലച്ചു. ഭാര്യയുടെ ആഭരണങ്ങള്‍ പണയം വെച്ചും, ഒരു നേരം മാത്രം ഭക്ഷണം കഴിച്ചും, കടുത്ത ചൂടില്‍ പായയില്‍ വെള്ളമൊഴിച്ചു കിടന്നും കഴിഞ്ഞ നാളുകള്‍. സിനിമാ നിര്‍മാണത്തില്‍ വലിയ പരാജയങ്ങള്‍ സംഭവിച്ച ദിനങ്ങള്‍. അവയിലൂടെയെല്ലാം ഇന്നസെന്റ് സ്വയം വെന്തുകൊണ്ടു കടന്നുപോന്നു.
അടുത്തതായി മരണമാണ് ഇന്നസെന്റിന്റെ വഴിയില്‍ വന്നു നിന്നത്. ഒരു ജീപ്പകടത്തിന്റെ രൂപത്തില്‍. തലയോട് നെടുകെ പിളര്‍ന്ന് അദ്ദേഹം മരണത്തിനും ജീവിതത്തിനും മധ്യേയുള്ള നൂല്‍പ്പാലത്തില്‍ മാസങ്ങളോളം കിടന്നു. ഒരുപാട് ബ്രയിന്‍ ഫ്‌ളൂയിഡ് ഒഴുകിപ്പോയി. ( അതിബുദ്ധിമാനായ ഇന്നസെന്റിന്റെ ബുദ്ധിയുടെ കുറെ ഭാഗം ഈ ബ്രയിന്‍ ഫ്‌ളൂയിഡിനൊപ്പം ഒഴുകിപ്പോയി എന്ന് ഞാന്‍ അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിന് എഴുതിയ അവതാരികയില്‍ പറഞ്ഞിട്ടുണ്ട്. അതും കൂടിച്ചേര്‍ന്നിരുന്നെങ്കില്‍ ഈ മനുഷ്യന്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധിമാനാകുമായിരുന്നു). അതിനെയും അദ്ദേഹം അതിജീവിച്ചു.
ഏറ്റവുമൊടുവില്‍ ഇപ്പോള്‍ കാന്‍സര്‍ എന്ന രോഗം. ഇന്നസെന്റിനെ അവസ്ഥ. പ്രതീക്ഷകള്‍ എല്ലാം അസ്തമിക്കുന്ന നിമിഷങ്ങള്‍. പക്ഷേ,ബാധിച്ചു. അല്പം ഗുരുതരമായിത്തന്നെ. ആരും തകര്‍ന്നുപോകുന്ന ഈ വിവരം കേട്ട് തകര്‍ന്നും പ്രാര്‍ഥിച്ചും ഇരിക്കുന്ന എന്റെ ഫോണിലേക്ക് ഓരോ ദിവസവും ഇന്നസെന്റ് വിളിച്ചത് ചിരിച്ചുകൊണ്ടായിരുന്നു. മഹാരോഗത്തെ അതിരൂക്ഷമായ ഫലിതംകൊണ്ട് നേരിടുകയായിരുന്നു അദ്ദേഹം. ആശുപത്രിയിലെ അനുഭവങ്ങള്‍, രോഗം കാണാന്‍ വരു അവരുടെ സമീപനങ്ങള്‍, വീട്ടിലെ അവസ്ഥ. ദൈവവുമായിട്ടുള്ള സംഭാഷണങ്ങള്‍ ഒരിക്കല്‍ ഒരു സുവിശേഷ പ്രചാരകന്‍ അദ്ദേഹത്തെ കാണാന്‍ എത്തി. അസുഖം മാറ്റുന്നതിനായി യേശു പറഞ്ഞിട്ടാണ് താന്‍ വരുന്നത് എന്നായിരുന്നു അയാളുടെ ആമുഖം. അപ്പോള്‍ ഇന്നസെന്റ് ചോദിച്ചു:
‘എത്ര മണിക്കാണ് യേശു നിങ്ങളുടെ അടുത്തു വന്നത് ?’ ‘രാത്രി
പതിനൊന്ന് പതിനൊന്നരയായി കാണും,’ അയാള്‍ പറഞ്ഞു.
”എന്നാല്‍ അതു യേശുവായിരിക്കില്ല. കാരണം, രാത്രി പന്ത്രണ്ടര വരെ സാധാരണ യേശു എന്റെ കൂടെയായിരിക്കും. ഓരോന്ന് സംസാരിച്ചിരിക്കും… നിങ്ങള്‍ക്ക് ആള്‍ തെറ്റിയതാകും.’ അയാള്‍ പിന്നെ അധിക നേരം അവിടെ നിന്നില്ല.
കടുത്ത വേദന കടിച്ചമര്‍ത്തിക്കൊണ്ട് ഇന്നസെന്റ് ചിരിച്ചുകൊണ്ടേയിരുന്നു. ഞാനടക്കമുള്ള സുഹൃത്തുക്കളെ ചിരിപ്പിച്ചു. ദൈവത്തെ നിരന്തരം ചിരിപ്പിച്ചു. രോഗക്കിടക്കയില്‍ കിടന്നുകൊണ്ട് ‘അമ്മ’ എന്ന വലിയ സംഘടനയെ നയിച്ചു. വിളിക്കുമ്പോഴെല്ലാം സ്വന്തം രോഗത്തെക്കാളേറെ എന്റെ അമ്മയുടെ അസുഖത്തെക്കുറിച്ച് ചോദിച്ചുകൊണ്ടേയിരുന്നു. ഒരിക്കല്‍പ്പോലും ‘എന്നെ രക്ഷിക്കണേ’ എന്ന് പ്രാര്‍ഥിച്ചില്ല. ദൈവവുമായുള്ള വെല്ലുവിളിയില്‍ അദ്ദേഹത്തിന് സ്വന്തം കാര്യത്തിനു വേണ്ടി പ്രാര്‍ഥിക്കുക സാധ്യമല്ലായിരുന്നു… ഫലിതമാണ് ഏതു പ്രതിസന്ധിയിലും ഇന്നസെന്റിന്റെ കവചവും പരിചയും. ജന്മനാ അത് ദൈവം അദ്ദേഹത്തില്‍ നിക്ഷേപിച്ചതാണ്. കര്‍ണന്റെ കവചകുണ്ഡലങ്ങള്‍ പോലെ…
ഇന്നസെന്റിന്റെ ജീവിതവും പോരാട്ടവും എന്താണ് നമ്മെ പഠിപ്പിക്കുന്നത് എന്നു ഞാന്‍ ആലോചിക്കാറുണ്ട്. ഞാന്‍ എത്തിച്ചേര്‍ന്ന നിഗമനം ഇതാണ്. ജീവിതത്തെ ധീരമായും നര്‍മബോധത്തോടെയും നേരിടുക. ദൈവത്തോട് പരാതികള്‍ പറഞ്ഞു ബുദ്ധിമുട്ടിക്കാതിരിക്കുക. കാരണം അദ്ദേഹത്തിന് വേറെ പണികളുണ്ട്.
ഇന്നസെന്റ് ആദ്യഘട്ടത്തിൽ കാൻസർ മുക്തനായി തിരിച്ച് വന്നപ്പോൾ മോഹൻലാൽ എഴുതിയ ബ്ലോഗിലെ പ്രസക്തഭാഗങ്ങളാണ് മുകളിലെ കുറിപ്പ്
മലയാളത്തിലെ മുതിര്‍ന്ന നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചനവുമായി സിനിമ ലോകം. ഇന്നസെന്റ് ചികിത്സയിലിരുന്ന കൊച്ചിയിലെ ആശുപത്രിയില്‍ തന്നെ നിരവധി താരങ്ങള്‍ എത്തിയിരുന്നു. പ്രതികരിക്കാന്‍ വാക്കുകള്‍ പോലും കിട്ടാതെ നിറഞ്ഞ കണ്ണുകളുമായിട്ടായിരുന്നു ജയറാം ഉള്‍പ്പെടെയുള്ള താരങ്ങള്‍ മടങ്ങിയത്.
‘മായില്ലൊരിക്കലും’ എന്ന ഒറ്റവരിയിലായിരുന്നു ജഗതി ശ്രീകുമാര്‍ ഇന്നസെന്റിനെ അനുസ്മരിച്ചത്. മലയാള സിനിമയിലെ സമകാലീനരായിരുന്ന ഇരുവരും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സ്ക്രീനിലും ജീവിതത്തിലും നൽകിയ ചിരികൾക്ക് നന്ദിയെന്നാണ് നടി മഞ്ജു വാര്യർ താരത്തിന്റെ വേർപാടിന് പിന്നാലെ ഫേസ്‌ബുക്കിൽ കുറിച്ചത്. സിനിമാ ചരിത്രത്തിലെ ഐതിഹാസിക അധ്യായത്തിന് അന്ത്യമെന്നും നടന്‍ പൃഥ്വിരാജ് പ്രതികരിച്ചു.
പ്രിയതാരത്തിന്റെ വിയോഗ വാർത്ത കേട്ടതു മുതൽ വാക്കുകൾ മുറിയുന്നുവെന്നും കണ്ണുകളിൽ ഇരുട്ടു മൂടുന്നുവെന്നും നടൻ ദിലീപ് ഫേസ്ബുക്കിൽ കുറിച്ചു. ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും തനിക്കൊപ്പം ഉണ്ടായിരുന്ന മനുഷ്യൻ വിടപറഞ്ഞുവെന്നും ദിലീപ് ചൂണ്ടിക്കാട്ടി.
നടൻ കുഞ്ചാക്കോബോബനും താരത്തിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.
ഇന്ത്യന്‍ സിനിമയുടെ വലിയ നഷ്ടമാണ് ഇന്നസെന്റിന്റെ വിയോഗമെന്ന് നടന്‍ ജയറാം ഫേസ്ബുക്കില്‍ കുറിച്ചു. ജയറാമിനൊപ്പം നിരവധി വേഷങ്ങള്‍ ഒരുമിച്ചഭിനയിച്ച വ്യക്തിയായിരുന്നു ഇന്നസെന്റ്. അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ജയറാം കൂട്ടിചേര്‍ത്തു.
നടനും മുൻ എംപിയുമായിരുന്ന ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ. സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക സമൂഹത്തിന്റെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ കുറിച്ചു. സാമൂഹ്യചുറ്റുപാടുകളെയും ജനജീവിതത്തെയും സ്പർശിച്ച് നിലപാടുകൾ എടുത്ത പൊതുപ്രവർത്തകനായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എക്കാലവും ഇടതുപക്ഷ മനസ് സൂക്ഷിച്ച ഇന്നസെന്റ്, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഭ്യർത്ഥന പ്രകാരം ലോക്സഭാ സ്ഥാനാർഥി ആയതും വിജയിച്ചശേഷം പാർലമെന്റിൽ കേരളത്തിന്റെ ആവശ്യങ്ങൾ ശ്രദ്ധേയമാംവിധം ഉന്നയിച്ചതും കേരളം നന്ദിയോടെ ഓർക്കുമെന്നും മുഖ്യമന്ത്രി അനുസ്മരണകുറിപ്പില്‍ ചൂണ്ടിക്കാട്ടി.
ചിരിപ്പിച്ചും ചിന്തിപ്പിച്ചും നമുക്കൊപ്പം നടന്ന ഇന്നസെന്റ്
പതിറ്റാണ്ടുകള്‍ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നമുക്കൊപ്പം നടന്ന ഇന്നസെന്റ് ഇന്ന് വേദനിപ്പിക്കുന്ന ഓര്‍മ്മയായിരിക്കുന്നു എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അനുസ്മരണം. വാക്കിലും നോക്കിലും പെരുമാറ്റത്തിലും ഹ്യൂമര്‍ സെന്‍സിന്റെ മധുരം നിറച്ച ഒരാള്‍. അഭിനയത്തിലും എഴുത്തിലും അത്രമേല്‍ ആത്മാര്‍ഥത കാട്ടിയ ഒരാള്‍. നിഷ്‌ക്കളങ്കമായ ഒരു ചിരി കൊണ്ട് സ്വന്തം പേരിനെ അന്വര്‍ഥമാക്കിയ ഒരാള്‍. അതിലേറെ ശരീരത്തെ കാര്‍ന്നു കൊണ്ടിരിക്കുന്ന രോഗത്തെ ധീരതയോടെ നേരിടുകയും സമൂഹത്തിന് ഒന്നാകെ ധൈര്യം പകര്‍ന്ന് നല്‍കുകയും ചെയ്‌തൊരാള്‍. ഇന്നസെന്റിന് പകരം വയ്ക്കാന്‍ മറ്റൊരാളില്ലന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ഇന്നസെന്റിന്റെ മരണത്തില്‍ മന്ത്രി പി രാജീവും അനുശോചനം അറിയിച്ചു. മുന്‍ പാര്‍ലമെന്റ് അംഗവും മലയാള സിനിമാ രംഗത്തെ അതുല്യപ്രതിഭയുമായിരുന്ന ഇന്നസെന്റിന്റെ ദുഖത്തില്‍ അഗാധ ദുഖം രേഖപ്പെടുത്തുന്നുവെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും മലയാള സിനിമയ്ക്കും കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
തന്റേതായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക സമൂഹത്തിന്റെ മനസ്സില്‍ വലിയ സ്ഥാനം നേടിയ കലാകാരനാണ് ഇന്നസെന്റെന്ന് നിയമസഭാ സ്പീക്കര്‍ അനുസ്മരിച്ചു. ഒരു കലാകാരന്‍ എന്നതിനോടൊപ്പം ജനകീയനായ സാമൂഹിക പ്രവര്‍ത്തകള്‍ കൂടി ആയിരുന്നു അദ്ദേഹം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കലയോടും നാടിനോടും പ്രതിബദ്ധതപുലര്‍ത്തിയ വ്യക്തിത്വം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍
പ്രതിഭാശാലിയായ നടന്‍ ഇന്നസന്റിന്റെ വേര്‍പാടില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അനുശോചിച്ചു. ഒരേസമയം ഹാസ്യനടനായും, സ്വഭാവനടനായും തിളങ്ങിയ താരമാണ് ഇന്നസന്റ്. സിനിമയില്‍ മാത്രമല്ല, ടെലിവിഷന്‍ ചാനലുകളിലും എഴുത്തിലും ഇന്നസന്റ് തന്റേതായ ഇടം കണ്ടെത്തി. മലയാള സിനിമയുടെ തന്നെ വഴിത്തിരിവായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി ചരിത്രത്തിലും ഇടംനേടി.
കലയോടും ഒപ്പം നാടിനോടും എന്നും പ്രതിബദ്ധതപുലര്‍ത്തിയിരുന്നു. കൃത്യമായ രാഷ്ട്രീയ നിലപാട് ഉയര്‍ത്തിപ്പിടിച്ച അദ്ദേഹം എല്‍.ഡി.എഫ് പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. സിനിമയില്‍ തിരക്കുള്ളപ്പോഴും തന്റെ രാഷ്ട്രീയ ദൗത്യം നിറവേറ്റുന്നതില്‍ ശ്രദ്ധപതിപ്പിച്ചിരുന്നു.
ഇന്നസന്റിന്റെ കുടുംബത്തിന്റേയും, ബന്ധുക്കളുടേയും, സഹപ്രവര്‍ത്തകരുടേയും, ലക്ഷക്കണക്കായ ആരാധകരുടേയും ദുഃഖത്തില്‍ പങ്കുചേരുന്നു. ചിരികൊണ്ടും, ചിന്തകൊണ്ടും അദ്ദേഹം തീര്‍ത്ത സിനിമാ രംഗങ്ങളിലൂടെ ഇന്നസന്റ് എന്നും മലയാളിയുടെ ഹൃദയത്തില്‍ നിലനില്‍ക്കുമെന്നും എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഹാസ്യസാമ്രാട്ടിന്റെ വിയോഗം ചലച്ചിത്ര മേഖലയ്തക്ക് അപരിഹാര്യമായ നഷ്ടം- കെ സുധാകരന്‍
ചലച്ചിത്ര നടനും മുന്‍ എംപിയുമായിരുന്ന ഇന്നസെന്റിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അനുശോചിച്ചു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും അഞ്ചുപതിറ്റാണ്ടുകാലം മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. തൃശ്ശൂര്‍ ശെെലിയിലുള്ള സംഭാഷണം അദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധേയനാക്കി. മുഖഭാവം കൊണ്ടും ശരീരഭാഷ കൊണ്ടും അദ്ദേഹം കേരളക്കരയിലെ മലയാളി പ്രേക്ഷകരെ രസിപ്പിച്ചു. ഒരായുസ് മുഴുവന്‍ മലയാളികള്‍ക്ക് പൊട്ടിച്ചിരിക്കാനുള്ള നിരവധി കഥാപാത്രങ്ങളെ മലയാളികള്‍ക്ക് സമ്മാനിച്ച ശേഷമാണ് അദ്ദേഹം അരങ്ങൊഴിഞ്ഞത്. ഹാസ്യനടനായും വില്ലനായും സ്വഭാവനടനായും ചലചിത്ര മേഖലയിലെ വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഹാസ്യസാമ്രാട്ടായിരുന്ന അദ്ദേഹത്തിന്‍റെ വിയോഗം ചലച്ചിത്ര മേഖലയ്തക്ക് അപരിഹാര്യമായ നഷ്ടമാണെന്നും സുധാകരന്‍ പറഞ്ഞു.
മലയാള സിനിമയ്ക്ക് തീരാനഷ്ടം: കെ സുരേന്ദ്രൻ
ഇന്നസെൻ്റിൻ്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അനുശോചിച്ചു. അച്ഛനായും ജ്യേഷ്ഠനായും സുഹൃത്തായും മലയാളിയുടെ വീട്ടിലെ ഒരു അംഗമായി മാറിയ നടനായിരുന്നു ഇന്നസെന്റ്. തൻ്റെ സ്വതസിദ്ധമായ നർമ്മം കൊണ്ട് എല്ലാവരുടേയും പ്രിയങ്കരനായി മാറാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിൻ്റെ വിയോഗത്തിൽ കുടുംബത്തിൻ്റെയും ആരാധകരുടേയും ദുഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ പറഞ്ഞു.
മന്ത്രി റോഷി അഗസ്റ്റിൻ അനുശോചിച്ചു
മലയാളികളെ ഇത്രമാത്രം ചിരിപ്പിച്ച ഇന്നസെന്റിന്റെ വിയോഗം ഏറെ വേദനിപ്പിക്കുന്നതാണ്. സിനിമയിലും പാർലമെന്ററി രംഗത്തും സംഘടനാ പ്രവർത്തനത്തിലും ഒരുപോലെ ശോഭിച്ച അപൂർവം പേരിൽ ഒരാളാണ് അദ്ദേഹം. കഠിനമായ ജീവിത സാഹചര്യങ്ങളെ ചിരിച്ചു കൊണ്ട് നേരിട്ട വ്യക്തിത്വമാണ്. പിൽക്കാലത്തു കാൻസർ എന്ന രോഗത്തെയും ചിരിച്ചു കൊണ്ട് അതിജീവിച്ചു. ആ ചിരിക്കഥകൾ അനേകം പേർക്ക് കരുത്ത് പകർന്നു.
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ
അത്യന്തം ദുഃഖകരമായ വാര്‍ത്തയാണ് നമ്മെ തേടിയെത്തിയിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ഇന്നസെന്റ് വിടവാങ്ങിയിരിക്കുന്നു. എണ്ണമറ്റ സിനിമകളില്‍ നമ്മളെ ചിരിപ്പിച്ചും കണ്ണു നനയിച്ചും ചിന്തിപ്പിച്ചും ചിലപ്പോഴൊക്കെ കഥാപാത്രത്തെ വെറുക്കാന്‍ പ്രേരിപ്പിച്ചും തന്റെ പ്രതിഭയുടെ ആഴവും പരപ്പും തെളിയിച്ച മലയാള സിനിമയുടെ സ്വന്തം ഇന്നച്ചന്‍ ഇനി വെള്ളിത്തിരയിലില്ല എന്ന യാഥാര്‍ത്ഥ്യം വേദനയോടെ മാത്രമേ ഉള്‍ക്കൊള്ളാന്‍ സാധിക്കുകയുള്ളൂ. നിര്‍മാതാവായി സിനിമയിലെത്തി പിന്നീട് മലയാളസിനിമയില്‍ വെള്ളിത്തിരയിലും പുറത്തുമായി സജീവസാന്നിധ്യമായി നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ലോകത്തെമ്പാടുമുള്ള മലയാളികളെയാകെ ദുഃഖത്തിലാഴ്ത്തി വിടവാങ്ങുന്നത്.
ഡോ. ആർ ബിന്ദു
നടനും മുൻ എംപിയും ഇരിങ്ങാലക്കുടയുടെ സ്വന്തം പുത്രനുമായ പ്രിയപ്പെട്ട ഇന്നസെന്റ് യാത്രയായിരിക്കുന്നു. അർബുദബാധിതനായി ഏറെനാളായി തുടരുന്ന ചികിത്സക്കിടെയാണ് അന്ത്യം. നടനേക്കാൾ സ്വന്തം നാട്ടുകാരൻ എന്ന നിലയിലും അച്ഛന്റെയും അച്ഛന്റെ സഹോദരിയുടെയും ശിഷ്യനെന്ന നിലയിലും ചെറുപ്പം തൊട്ടേയുള്ള അടുപ്പം ഏറ്റവും സ്നേഹത്തോടെ ഓർക്കുന്നു. അച്ഛനോടും അച്ഛന്റെ സഹോദരിയോടുമുള്ള ബഹുമാനം എപ്പോഴും ഞങ്ങളുടെ സംഭാഷണങ്ങളിലും കണ്ടുമുട്ടലുകളിലും നിറഞ്ഞിരുന്നു.
പി എ മുഹമ്മദ് റിയാസ്
പ്രിയപ്പെട്ട ഇന്നസെന്റിന്റെ വിയോഗം മലയാളികളെ ആകെ വേദനിപ്പിക്കുന്നതാണ്. ചലച്ചിത്ര മേഖലയുടെ വ്യത്യസ്ത തലങ്ങളിൽ കഴിവ് പ്രകടിപ്പിച്ച ഇന്നസെൻ്റ് ആസ്വാദക മനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയ കലാകാരനാണ്. ജീവിതത്തിൽ എക്കാലവും ഇടതുപക്ഷത്തിനൊപ്പം നിലകൊണ്ട ഇന്നസെൻ്റ് പാർലിമെൻ്റംഗം എന്ന നിലയിൽ ജനപക്ഷ നിലപാടുകൾ ഉയർത്തി പിടിച്ചു. ഇച്ഛാശക്തിയോടെ പ്രതിസന്ധി ഘട്ടങ്ങളെ നേരിട്ട ഇന്നസെന്റിന്റെ വിയോഗം കേരളത്തിന് തീരാ നഷ്ടമാണ്. പ്രിയപ്പെട്ടവരുടെയും കുടുംബാംഗങ്ങളുടെയും ദു:ഖത്തിൽ പങ്കുചേരുന്നു.
മലയാള സിനിമയ്ക്ക് തീരാനഷ്ടം: വി അബ്ദുറഹിമാൻ
ആറ് പതിറ്റാണ്ടിലേറെ മലയാള സിനിമയിൽ നിറഞ്ഞുനിന്ന നടൻ ഇന്നസെന്റിന്റെ വേർപാട് കനത്ത നഷ്ടമാണെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ഇന്നസെന്റ് പിന്നീട് വില്ലൻ വേഷങ്ങളിൽ ഉൾപ്പെടെ തിളങ്ങിയ പ്രതിഭാശാലിയായിരുന്നു. കാൻസർ രോഗത്തോടുള്ള പോരാട്ടത്തിൽ മഹത്തായ മാതൃക തീർത്താണ് അദ്ദേഹം വിടപറഞ്ഞത്.
മലയാളികളുടെ മനസ്സ് കീഴടക്കിയ സ്വതസിദ്ധമായ ശൈലിയുടെ ഉടമ: ഉമ്മന്‍ചാണ്ടി
മലയാളത്തിന്റെ പ്രിയ നടനും, മുന്‍ എം.പി. യുമായിരുന്ന ശ്രീ ഇന്നസെന്റ് വിട പറഞ്ഞിരിയ്ക്കുകയാണ്. നിരവധി വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ അദ്ദേഹത്തിന്റെ പ്രേക്ഷകരെ ചിരിപ്പിയ്ക്കാനുള്ള സ്വതസിദ്ധമായ ശൈലി ഏറെ എടുത്ത് പറയേണ്ടതാണ്.. ക്യാന്‍സറിനോട് പോരാടി ജീവിതത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ അദ്ദേഹം, ഇപ്രാവശ്യവും പ്രതിസന്ധികള്‍ എല്ലാം തരണം ചെയ്ത് തിരികെ ആരോഗ്യവനായി മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിച്ചത്.
അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍..
മലയാള സിനിമയുടെ ചിരിക്കുന്ന മുഖം, നടനും മുന്‍ എംപിയുമായ ഇന്നസെന്റ് (75) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മെഡിക്കല്‍ ബോര്‍ഡ് യോഗത്തിന് ശേഷം മന്ത്രി പി രാജീവാണ് മരണ വാര്‍ത്തസ്ഥിരീകരിച്ചത്. രാത്രി പത്തരയോടെ ആയിരുന്നു അന്ത്യം എന്ന് മന്ത്രി അറിയിച്ചു. കോവിഡ് ബാധയെത്തുടർന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായതും ഹൃദയാഘാതവുമാണ് മരണത്തിലേക്കു നയിച്ചത്.
എറണാകുളത്തെ വിവിധ ഇടങ്ങളില്‍ പൊതു ദര്‍ശനത്തിന് ശേഷം മൃതദേഹം നാളെ ജന്മനാടായ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോകും. നാളെ വൈകീട്ട് ആയിരിക്കും സംസ്കാര ചടങ്ങുകള്‍. രണ്ട് തവണ അര്‍ബുദത്തെ അതിജീവിച്ച ഇന്നസെന്റ് സിനിമയ്ക്ക് പുറമെ പൊതുപ്രവര്‍ത്തനത്തിലും അദ്ദേഹം സജീവമായിരുന്നു. 2014 മുതല്‍ അഞ്ച് വര്‍ഷം ചാലക്കുടി എംപിയും ആയിരുന്നു ഇന്നസെന്റ്.
ഇന്നസെന്റിന്റെ മൃതദേഹം നാളെ രാവിലെ എട്ട് മുതൽ പതിനൊന്ന് മണിവരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് ഇരിങ്ങാലക്കുട ടൗൺ ഹാളിലെ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് മൂന്ന് മണിക്ക് മൃതദേഹം വീട്ടിലെത്തിക്കും. വൈകിട്ട് അഞ്ചോടെ പള്ളിയിലേക്ക് കൊണ്ടുപോകുമെന്നും മന്ത്രി പി രാജീവ് അറിയിച്ചു.
സവിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിനെ മറ്റ് നടന്‍മാരില്‍ നിന്നും വ്യത്യസ്തനാക്കി. ഹാസ്യനടന്‍, സ്വഭാവനടന്‍ എന്നിങ്ങനെ ഇന്നസെന്റ് നിറഞ്ഞാടിയപ്പോള്‍, മലയാള സിനിമയ്ക്ക് ഒഴിവാക്കാനാകാത്ത താരമായി അദ്ദേഹം മാറി
1972- ല്‍ പുറത്തിറങ്ങിയ നൃത്തശാലയിലൂടെ സിനിമയില്‍ അരങ്ങേറിയ ഇന്നസെന്റ്, നടന്‍ എന്നതിന് പുറമെ നിര്‍മാതാവെന്ന നിലയിലും ശ്രദ്ധ നേടി. 1980 മുതല്‍ മലയാള സിനിമയുടെ ഒഴിവാക്കാനാകാത്ത ഘടകമായിരുന്നു ഇന്നസെന്റ്. തുടര്‍ന്നുള്ള നാല് പതിറ്റാണ്ടിനിടെ അര്‍ബുദ രോഗ ചികിത്സയ്ക്കായി മാറിനിന്ന 2020 ല്‍ മാത്രമാണ് ഇന്നസെന്റില്ലാത്ത സിനിമകൾ മലയാളത്തിലിറങ്ങിയത്.
തമിഴ്, ഹിന്ദി സിനിമകളിലും അഭിനയിച്ചു. സവിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിനെ മറ്റ് നടന്‍മാരില്‍ നിന്നും വ്യത്യസ്തനാക്കി. ഹാസ്യനടന്‍, സ്വഭാവനടന്‍ എന്നീ നിലകളില്‍ മികവ് തെളിയിച്ച അദ്ദേഹം വില്ലന്‍ വേഷങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു. 750 തില്‍ അധികം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ ഇന്നസെന്റ് നിറഞ്ഞാടി. താര സംഘടനയായ അമ്മയുടെ പ്രസിഡന്റായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
2014 മേയില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പിന്തുണയോടെ ചാലക്കുടി മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു
സിനിമയ്ക്ക് പുറമെ വ്യവസായി, രാഷ്ട്രീയക്കാരന്‍ എന്നീ നിലകളിലും മികവ് തെളിയിച്ചിട്ടുണ്ട് ഇന്നസെന്റ്. 1979 – 1982 കാലത്ത് ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലറായും പ്രവര്‍ത്തിച്ചു. 1970 കളില്‍ റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു ഇന്നസെന്റ്. പിന്നീട് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമായിരുന്നു രാഷ്ട്രീയ രംഗത്തേയ്ക്കുള്ള മടങ്ങിവരവ്. 2006 ല്‍ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ നിയമസഭയിലേക്ക് ജനവിധി തേടിയെങ്കിലും പരാജയമായിരുന്നു ഫലം. പിന്നീട് 2014 മേയില്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ ഇടത് പിന്തുണയോടെ വിജയം . 2019 ല്‍ വീണ്ടും മത്സരിച്ചെങ്കിലും കോണ്‍ഗ്രസിലെ ബെന്നി ബെഹ്നാനോട് പരാജയപ്പെട്ടു.
തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും അഞ്ച് മക്കളില്‍ മൂന്നാമത്തെ മകനായി 1948 മാര്‍ച്ച് നാലിന് ഇരിങ്ങാലക്കുടയിലായിരുന്നു ജനനം. എട്ടാം ക്ലാസ്സോടെ പഠനം അവസാനിപ്പിച്ചു . ശേഷം മദ്രാസിലേക്ക് പോയ അദ്ദേഹം പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായി ജോലി ചെയ്തു. പിന്നീട് കര്‍ണാടകയിലെ ദാവംഗരെയില്‍ ബന്ധുക്കളും സഹോദരനും ചേര്‍ന്ന് നടത്തിയിരുന്ന തീപ്പെട്ടി ഫാക്ടറിയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. 1974ല്‍ ദാവന്‍ഗെരെ വിട്ട് തുകല്‍ വ്യാപാരം തുടങ്ങി, തുടര്‍ന്ന് സൈക്കിള്‍ വാടകയ്ക്ക് നല്‍കുന്ന സംരഭവും നടത്തിയിരുന്നു.
അഞ്ച് പതിറ്റാണ്ടോളം മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ഇന്നസെന്റിന് മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്, 2009-ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഞാൻ ഇന്നസെന്റ് (ആത്മകഥ), കാന്‍സര്‍ വാര്‍ഡിലെ ചിരി, മഴക്കണ്ണാടി (ചെറുകഥ) തുടങ്ങി അഞ്ച് പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.