KeralaNationalNewsNews

ഭിന്നശേഷി കുട്ടിക്ക് വിമാനത്തിൽ യാത്ര നിഷേധിച്ച് ഇൻഡിഗോ; ക‍ര്‍ശന നടപടിയെന്ന് വ്യോമയാന മന്ത്രി

ദില്ലി: ഭിന്നശേഷിക്കാരനായ കുട്ടിയെ ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നത് തടഞ്ഞെന്ന പരാതി നേരിട്ട് അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ശനിയാഴ്ച റാഞ്ചി വിമാനത്താവളത്തിൽ ഭിന്ന ശേഷിക്കാരനായ കുട്ടി യാത്ര ചെയ്യുന്നത് തടഞ്ഞു എന്നാണ് ആരോപണം. മറ്റ് യാത്രക്കാ‍രുടെ സുരക്ഷ അപകടത്തിലാകും എന്ന് പറഞ്ഞായിരുന്നു വിമാനക്കമ്പനി അധികൃതർ കുട്ടിയുടെ യാത്ര നിഷേധിച്ചത് എന്നാണ് പരാതി. 

സംഭവം ശ്രദ്ധയിൽപ്പെട്ട  വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ആരോപണം ശരിയാണെങ്കിൽ  അപലപിക്കുന്നതായും, വിഷയം താൻ തന്നെ നേരിട്ട് അന്വേഷിക്കുകയാണെന്നും അറിയിച്ചു. ഇത്തരം പെരുമാറ്റങ്ങളോട് ഒരിക്കലും സഹിഷ്ണുത കാണിക്കില്ല. ഒരു മനുഷ്യനും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകരുത്. ഇക്കാര്യം ഞാൻ തന്നെ നേരിട്ട് അന്വേഷിക്കുകയാണ്. ഇതിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പരാതിയായി മന്ത്രി ട്വീറ്റിൽ അറിയിച്ചു. 

റാഞ്ചി വിമാനത്താവളത്തിലെ ഇൻഡിഗോ എയർലൈൻസ് ജീവനക്കാ‍ര്‍, ഭിന്നശേഷിയുള്ള  കുട്ടിയെയും മാതാപിതാക്കളെയും വിമാനത്തിൽ കയറാൻ അനുവദിച്ചില്ലെന്നായിരുന്നു സംഭവസമയത്ത് കൂടെയുണ്ടായിരുന്ന യാത്രക്കാരൻ അഭിനന്ദൻ മിശ്ര പ്രധാനമന്ത്രിയയെയും മന്ത്രി സിന്ധ്യയെയും ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തത്. കുട്ടിയെ തടഞ്ഞത് വീട്ടുകാരും മറ്റ് യാത്രക്കാരും എതിർത്തതോടെ ജീവനക്കാരൻ കുടുംബവുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു.

കുട്ടി എയർപോർട്ടിലേക്ക് എത്തുമ്പോൾ നീണ്ട കാ‍ര്‍ യാത്രയുടെ ക്ഷീണത്തിലും സമ്മ‍ര്‍ദ്ദത്തിലുമായിരുന്നു. എന്നാൽ കുഞ്ഞിന് അവന്റെ മാതാപിതാക്കൾ കുറച്ച് ഭക്ഷണവും സ്നേഹവും നൽകിയപ്പോൾ,  അവന്റെ പരാതി തീര്‍ന്നു.  എന്നാൽ കുട്ടി സാധരണമായി പെരുമാറിയല്ലെങ്കിൽ ബോ‍ര്‍ഡിങ് അനുവദിക്കില്ലെന്ന് ഇൻഡിഗോ മാനേജർ കുടുംബത്തിന് മുന്നറിയിപ്പ് നൽകി. 

കുട്ടി വിമാനയാത്രയ്ക്ക് അപകടസാധ്യതയുണ്ടാക്കുമെന്നും, മറ്റ് യാത്രക്കാ‍ര്‍ക്ക് ഭീഷണിയാണെന്നും അറിയിച്ചു. മദ്യപിച്ച യാത്രക്കാരുടെ അവസ്ഥയുമായി താരതമ്യം ചെയ്തായിരുന്നു കുട്ടി യാത്രയ്ക്ക് അനുയോജ്യമല്ലെന്ന് അറിയിച്ചതെന്നും പരാതി ട്വീറ്റിൽ അഭിനന്ദൻ പറഞ്ഞു. സഹയാത്രികരായ ഡോക്ടര്‍മാരും കുട്ടിയെ സഹായിക്കുമെന്ന് അറിയിച്ചെങ്കിലും മൂന്നംഗ കുടുംബത്തെ വിമാനത്തിൽ കയറ്റാൻ അധികൃതര്‍ തയ്യാറായില്ലെന്നും ദൃക്സാക്ഷികൾ പറയുന്നു.

അതേസമയം സംഭവത്തിൽ വിശദീകരണവുമായി ഇൻഡിഗോ രംഗത്തെത്തി. അവസാന നിമിഷം വരെ ഗ്രൗണ്ട് സ്റ്റാഫ് കുട്ടിയെ ശാന്തനാകാൻ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. എയർലൈൻ ഹോട്ടൽ താമസം നൽകി കുടുംബത്തെ സുരക്ഷിതരാക്കി. അടുത്ത ദിവസം രാവിലെ കുടുംബം ലക്ഷ്യസ്ഥാനത്തേക്ക് യാത്ര ചെയ്തെന്നും, യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു എന്നുമായിരുന്നു വിശദീകരണം.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker