ചെന്നൈ:സുന്ദരൻമാരും സുന്ദരികളും ആയിരിക്കുന്നതിന് മറ്റാർക്കും പണം നൽകേണ്ട കാര്യമൊന്നുമില്ല. എന്നാൽ ചിലപ്പോൾ നിങ്ങൾ ഒരു വിമാന ടിക്കറ്റ് (airline ticket) ബുക്ക് ചെയ്യുകയാണെങ്കിൽ, അതിന് ഫീസ് നൽകേണ്ടി വന്നേക്കാം എന്ന് പറയുകയാണ് ഒരു ട്വിറ്റർ ഉപയോക്താവ്. ശന്തനു എന്നയാളാണ് അത്തരമൊരു സംഭവം പങ്കുവെച്ചത്. ഇൻഡിഗോ എയർലൈനിലെ (IndiGo airlines) ടിക്കറ്റിന്റെ ചിത്രം സഹിതമാണ് ട്വീറ്റ്. ടിക്കറ്റിനോടൊപ്പമുള്ള ‘ക്യൂട്ട് ഫീസിനെ’ (cute fee) കുറിച്ചാണ് പോസ്റ്റ്. ”പ്രായം കൂടുന്നതിന് അനുസരിച്ച് ഞാൻ സുന്ദരനായിക്കൊണ്ടിരിക്കുകയാണെന്ന് എനിക്കറിയാം, പക്ഷേ ഇൻഡിഗോ അതിന് എന്നോട് പണം വാങ്ങാൻ തുടങ്ങുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല”, എന്നാണ് ചിത്രത്തോടൊപ്പമുള്ള രസകരമായ അടിക്കുറിപ്പ്.
പോസ്റ്റ് ചെയ്ത ട്വീറ്റ് മണിക്കൂറുകൾക്കകം ശന്തനുവിന്റെ ട്വീറ്റ് വൈറലായി. സീറ്റ് ഫീസ്, കൺവീനിയൻസ് ഫീസ്, സുരക്ഷാ ഫീസ്, യൂസർ ഡെവലപ്പ്മെന്റ് ഫീസ് തുടങ്ങി വിവധ ചാർജുകൾക്കൊപ്പമാണ് ഈ ക്യൂട്ട് ഫീസ്’.
എന്നാൽ എന്താണ് ഈ ക്യൂട്ട് ഫീസ് എന്ന് അതേക്കുറിച്ച് അറിയാവുന്നവർ കമന്റ് ബോക്സിൽ വിശദീകരിച്ചിട്ടുണ്ട്. കോമൺ യൂസർ ടെർമിനൽ എക്യുപ്മെന്റ് (Common User Terminal Equipment (CUTE)) എന്നാണ് ഇതിന്റെ പൂർണരൂപം. എയർപോർട്ടിലെ മെറ്റൽ ഡിറ്റക്റ്റിംഗ് മെഷീനുകൾ, എസ്കലേറ്ററുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ ഉപയോഗത്തിന് ഈടാക്കുന്ന തുകയാണ് ഇത്. എന്നാൽ പലരും ഈ ട്വീറ്റ് രസകരമായി എടുക്കുകയാണ് ചെയ്തത്.
I know I’m getting cuter with age but never thought @IndiGo6E would start charging me for it. pic.twitter.com/L7p9I3VfKX
— Shantanu (@shantanub) July 10, 2022
ജീവനക്കാരിൽ ഒരു വിഭാഗം ഇൻഡിഗോയ്ക്കെതിരെ പരസ്യമായി രംഗത്തെത്തുന്നത് പല തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ, കോവിഡിന് മുമ്പ് ഉണ്ടായിരുന്ന ശമ്പളം വേണമെന്നാവശ്യപ്പെട്ട് എയർലൈനിലെ ചില പൈലറ്റുമാർ പ്രതിഷേധം നടത്തിയിരുന്നു. ഈ വിഷയത്തിൽ സമരം സംഘടിപ്പിക്കാൻ പദ്ധതിയിട്ടിരുന്ന ചില പൈലറ്റുമാർക്കെതിരെ കമ്പനി അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു. ഏപ്രിൽ 1 മുതൽ ഇൻഡിഗോ പൈലറ്റുമാരുടെ ശമ്പളത്തിൽ എട്ട് ശതമാനം വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. എങ്കിലും, തങ്ങൾക്ക് മുൻപ് ലഭിച്ചിരുന്നതിനേക്കാൾ 20 ശതമാനം കുറവാണ് ആ വേതനമെന്നു ചൂണ്ടിക്കാട്ടിയാണ് പൈലറ്റുമാർ പ്രതിഷേധിച്ചത്. കോവിഡിനു ശേഷം ദുർബലമായ സമ്പദ്‌വ്യവസ്ഥയ്ക്കും വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനുമിടെ മെച്ചപ്പെട്ട വേതനം തങ്ങൾക്കു വേണമെന്നാണ് ജീവനക്കാർ പറയുന്നത്.
എയർ ഇന്ത്യയുടെ റിക്രൂട്ട്‌മെന്റ് ഡ്രൈവിൽ പങ്കെടുക്കാനായി ഈ മാസമാദ്യം വലിയൊരു വിഭാഗം ക്യാബിൻ ക്രൂ ജീവനക്കാരും കൂട്ട അവധിയെടുത്തതും വലിയ പ്രതിസന്ധിക്ക് കാരണമായിരുന്നു. ജോലിഭാരവുമാണ് ജീവനക്കാരെ മറ്റ് വിമാനക്കമ്പനികളിലേക്ക് ആകർഷിക്കുന്നതെന്നാണ് റിപ്പോർട്ട്. വിമാനങ്ങൾ വൈകിയതിനെ തുടർന്ന് നിരവധി യാത്രക്കാരാണ് വിമാനത്താവളത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. ക്യാബിൻ ക്രൂ അംഗങ്ങൾ ഇല്ലാത്തതിനാലാണ് വിമാനം വൈകുന്നതെന്ന് യാത്രക്കാർ വൈകിയാണ് തിരിച്ചറിഞ്ഞത്. നിരവധി പേർ ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കു വെയ്ക്കുകയും ചെയ്തു. ഇൻഡിഗോയുടെ 55 ശതമാനം ആഭ്യന്തര സർവീസുകളും അന്നേ ദിവസം വൈകിയിരുന്നു.