പട്യാല: ഇന്ത്യയുടെ മദ്ധ്യ, ദീര്‍ഘദൂര ഇനങ്ങളിലെ കോച്ച് നിക്കോളായ് സ്നെസറേവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പട്യാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സ്പോര്‍ട്സ് സെന്ററിലെ മുറിയിലാണ് സ്നെസറേവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 72 വയസായിരുന്നു.
ഇന്നലെ ‘ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്സ് 3 ‘ നായാണ് ബംഗളുരുവില്‍ നിന്ന് സ്നെസറേവ് പട്യാലയില്‍ എത്തിയത്. എന്നാല്‍ അദ്ദേഹം മീറ്റ് നടക്കുന്നിടത്തേക്ക് വരാത്തതിനെത്തുടര്‍ന്ന് മറ്റ് കോച്ചുമാര്‍ വൈകിട്ട് അന്വേഷിച്ച് ചെന്നപ്പോള്‍ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് ഡോര്‍ തകര്‍ത്ത് അകത്ത് കടന്നപ്പോള്‍ അദ്ദേഹത്തെ കട്ടിലില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ബലാറസ് സ്വദേശിയായ സ്നെസറേവിന്റെ മരണവാര്‍ത്ത അത്ലറ്റിക് ഫെഡറേഷന് ഒഫ് ഇന്ത്യയാണ് പുറത്തുവിട്ടത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് അത്ലറ്റിക് ഫെഡറേഷന് ഒഫ് ഇന്ത്യ അധികൃതര്‍ അറിയിച്ചു.