ഉറക്കത്തിന്റെ കാര്യത്തിലും ഇന്ത്യ നമ്പര്‍ വണ്‍! ഏറ്റവും സുഖമായി ഉറങ്ങുന്നവരുള്ള രാജ്യം ഇന്ത്യയെന്ന് പഠനം
ഉറക്കത്തിന്റെ കാര്യത്തിലും ഒന്നാമതായി ഇന്ത്യ. നല്ല സുഖമായി ഉറങ്ങുന്നകാര്യത്തില്‍ മറ്റെല്ലാവരെയും പിന്തള്ളി അതിശയകരമായ മുന്നേറ്റമാണ് ഇന്ത്യ പുലര്‍ത്തുന്നത്. ഏറ്റവും നന്നായി വിശ്രമിക്കുകയും സുഖമായി ഉറങ്ങുകയും ചെയ്യുന്ന ജനങ്ങളുള്ള രാജ്യങ്ങളില്‍ ഇന്ത്യക്ക് പിന്നാലെ സൗദി അറേബ്യയും ചൈനയുമാണുള്ളത്.
ആഗോള വിപണി ഗവേഷണ സ്ഥാപനമായ കെജെടി ഗ്രൂപ്പ് നടത്തിയ ഓണ്‍ലൈന്‍ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഫിലിപ്സിനുവേണ്ടി 12 രാജ്യങ്ങളിലായി 18 വയസും അതില്‍ കൂടുതലുമുള്ള 11,006 മുതിര്‍ന്ന വ്യക്തികളിലാണ് കെജെടി ഗ്രൂപ്പ് സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 62 ശതമാനം പേരും നന്നായി ഉറങ്ങാന്‍ കഴിയുന്നില്ല എന്ന് വ്യക്തമാക്കുന്നു. ഉറക്കത്തിന്റെ പട്ടികയില്‍ ഒട്ടും ഉറങ്ങാന്‍ കഴിയാത്തവരുടെ നാട് ദക്ഷിണ കൊറിയയാണ്. പിന്നാലെ ജപ്പാനുമുണ്ട്.
ആഗോളതലത്തില്‍ മുതിര്‍ന്നവര്‍ ആഴ്ചയില്‍ രാത്രി 6.8 മണിക്കൂറും വാരാന്ത്യ രാത്രിയില്‍ 7.8 മണിക്കൂറും മാത്രമാണ് ഉറങ്ങുന്നത്. ഓരോ രാത്രിയിലും ഉറങ്ങാന്‍ ശുപാര്‍ശ ചെയ്യുന്ന എട്ട് മണിക്കൂര്‍ ലഭിക്കാത്തവരില്‍ പത്തില്‍ ആറ് പേരും വാരാന്ത്യത്തില്‍ കൂടുതല്‍ മണിക്കൂറുകള്‍ ഉറങ്ങുന്നുണ്ടെന്നും ഫിലിപ്സ് ഗ്ലോബല്‍ സ്ലീപ്പ് സര്‍വേ പറയുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനിടെ തങ്ങളുടെ ഉറക്കം മോശമായി എന്ന് പറയുന്നവരാണ് സര്‍വേയില്‍ പങ്കെടുത്ത 10 ല്‍ 4 ല്‍ അധികം പേരും.