ന്യൂഡല്‍ഹി: ലോകത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുന്ന കൊറോണ വൈറസിനെതിരെ ഇന്ത്യയില്‍ ആദ്യമായി നിര്‍മ്മിച്ച വാക്സിന്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ഉപയോഗിച്ച് തുടങ്ങാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ( ഡി സി ജി ഐ) അനുമതി നല്‍കി. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് വികസിപ്പിച്ച് കോവാക്സിന്‍ എന്ന മരുന്ന് ജൂലൈ മാസത്തോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പരീക്ഷിക്കും. ഐ സി എം ആര്‍, എന്‍ ഐ വി എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക് കോവാക്സിന്‍ വികസിപ്പിച്ചത്.
പ്രീ ക്ലിനിക്കല്‍ ട്രയല്‍ വിജയിച്ചതിനു ശേഷം വാക്സിന്‍ ഉപയോഗിക്കുന്നതിന്റെ സുരക്ഷ ഉള്‍പ്പെടെയുള്ള വിശദമായ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് കമ്പനി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും സമര്‍പ്പിച്ചിരുന്നു. ഇത് പ്രകാരം ജൂലൈ മുതല്‍ വാക്സിന്‍ മനുഷ്യ ശരീരത്തില്‍ പരീക്ഷിച്ചുതുടങ്ങും.
ലോകമെമ്പാടുമുള്ള മരുന്ന് നിര്‍മാതാക്കള്‍ കൊറോണ വൈറസിനെതിരെ വാക്സിന്‍ വികസിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇത് ആദ്യമായാണ് വാക്സിന്‍ വികസനത്തില്‍ നിര്‍ണായകമായ ചുവട്വെപ്പ് നടത്താന്‍ ഒരു കമ്പനിക്ക് സാധിക്കുന്നത്.