ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 250 റണ്‍സ് വിജയലക്ഷ്യം. ലഖ്‌നൗ ഏകനാ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് ഹെന്റിച്ച് ക്ലാസന്‍ (74*), ഡേവിഡ് മില്ലര്‍ (75*), ക്വിന്റണ്‍ ഡി കോക്ക് (48) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്. മഴയെ തുടര്‍ന്ന് മത്സരം നേരത്തെ 40 ഓവറാക്കി ചുരുക്കിയിരുന്നു. നാല് വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. ഷാര്‍ദുല്‍ ഠാക്കൂര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
ഭേദപ്പെട്ട തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. ഒന്നാം വിക്കറ്റില്‍ ജന്നെമന്‍ മലാന്‍- ഡി കോക്ക് സഖ്യം 49 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ മലാനെ, ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ച് ഠാക്കൂര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. തെംബ ബവൂമ (8), എയ്ഡന്‍ മാര്‍ക്രം (0) എന്നിവര്‍ പെട്ടന്ന് മടങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്ക മൂന്നിന് 71 എന്ന നിലയിലായി. എന്നാല്‍ ക്ലാസനൊപ്പം നിന്ന ഡി കോക്ക് പെട്ടന്നുള്ള തകര്‍ച്ച ഒഴിവാക്കി. ക്ലാസനൊപ്പം 39 റണ്‍സ് കൂട്ടിചേര്‍ത്തതിന് ശേഷമാണ് ഡി കോക്ക് മടങ്ങിയത്.
പിന്നീടാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് ഉയര്‍ത്തയ കൂട്ടുകെട്ടുണ്ടാക്കിയത്. ക്ലാസനൊപ്പം ക്രീസില്‍ ഡേവിഡ് വന്നതോടെ സ്‌കോര്‍ വേഗത്തില്‍ ഉയര്‍ന്നു. ഇരുവരും 139 റണ്‍സ് കൂട്ടിചേര്‍ത്തു. 65 പന്തില്‍ നിന്നാണ് ക്ലാസന്‍ 74 റണ്‍സെടുത്തത്. ആറ് ഫോറും രണ്ട് സിക്‌സും ഇന്നിഗ്‌സില്‍ ഉള്‍പ്പെടുന്നു. മില്ലര്‍ 63 പന്തുകള്‍ നേരിട്ടു. മൂന്ന് സിക്‌സും അഞ്ച് ഫോറും ഇന്നിംഗില്‍ ഇണ്ടായിരുന്നു. ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ പിഴവുകളും ഇരുവര്‍ക്കും തുണയായി.
നേരത്തെ, റിതുരാജ് ഗെയ്കവാദ് ഏകദിനത്തില്‍ ഇന്ത്യക്കായി അരങ്ങേറ്റം നടത്തി. മഴ കാരണം ടോസ് വൈകിയ മത്സരം 40 ഓവറാക്കി ചുരുക്കിയിട്ടുണ്ട്. ഒരു ബൗളര്‍ക്ക് എട്ട് ഓവര്‍ എറിയാം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ഏകദിനമാണ് ഇന്ന് നടക്കുന്നത്.
ദക്ഷിണാഫ്രിക്ക: ജന്നെമന്‍ മലാന്‍, ക്വിന്റണ്‍ ഡി കോക്ക്, തെംബ ബവൂമ, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, വെയ്ന്‍ പാര്‍നല്‍, കേശവ് മഹാരാജ്, കഗിസോ റബാദ, ലുംഗി എന്‍ഗിഡി, തബ്രൈസ് ഷംസി.
ഇന്ത്യ: ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, റിതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌നോയ്, മുഹമ്മദ് സിറാജ്, ആവേഷ് ഖാന്‍.