ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89129 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,23,92,260 ആയി ഉയര്‍ന്നു.
714 മരണവും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണകണക്കാണിത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,64,110 ആയി ഉയര്‍ന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 44,202 പേര്‍ കൊവിഡ് മുക്തരായിട്ടുണ്ട്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 1,15,69,241 ആയി. രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത് 658909 പേരാണ്.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ 11 സംസ്ഥാനങ്ങളിലെ പ്രതിനിധികളുമായി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ഇന്നലെ യോഗം ചേര്‍ന്നിരുന്നു. എല്ലാ സംസ്ഥാനങ്ങളോടും കൂടുതല്‍ ജാഗ്രത പാലിക്കാന്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രാജ്യത്തെ രണ്ടാം കൊവിഡ് തരംഗം ഗൗരവമായി എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശക്തമായ ജാഗ്രത പാലിക്കണം. ജനിതകമാറ്റം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം വിവിധ സംസ്ഥാനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. വാക്സിനേഷന് എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.
ജനിതക വ്യതിയാനമുള്ള വൈറസുകളുടെ സന്നിധ്യം മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളില്‍ രണ്ടാം തരംഗത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അത്തരം വൈറസ് ഇവിടെ എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് കൊവിഡ് വ്യാപനംഅതിരൂക്ഷമായി തുടരുകയാണെങ്കിലും ലോക്ക്ഡൗണ് ഉണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ലോക്ക്ഡൗൺ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും സർക്കാർ വ്യക്തമാക്കി.
കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് ഉൾപ്പടെ 11 സംസ്ഥാനങ്ങളിലെ രോഗവ്യാപനം അതിതീവ്രമാണ്. ഈ സംസ്ഥാനങ്ങളുമായി കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. ദേശീയ തലത്തിലുള്ള ഒരു ലോക്ക്ഡൗൺ പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഒരു പക്ഷേ കൊവിഡ് വ്യാപനം ഒരുപരിധി വരെ തടയാമെന്ന നിർദ്ദേശം ചില സംസ്ഥാനങ്ങൾ മുന്നോട്ട് വച്ചു.
എന്നാൽ വീണ്ടുമൊരു ലോക്ക്ഡൗൺ ദേശീയതലത്തിലുണ്ടായാൽ സാമ്പത്തിക മേഖലയിലടക്കം വലിയ തിരിച്ചടിയുണ്ടാകുമെന്ന നിർദ്ദേശമാണ് കേന്ദ്രസർക്കാർ പ്രധാനമായും മുന്നോട്ട് വച്ചത്.ഭാഗിക ലോക്ക്ഡൗണോ രാത്രികാല കർഫ്യുവോ പ്രഖ്യാപിച്ചുകൊണ്ട് ഒരു പരിധി വരെ രോഗവ്യാപനം നിയന്ത്രിക്കാമെന്ന നിർദ്ദേശമാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്രയിലെ പൂനെയിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞു. ഛത്തീസ്ഗഡിലെ ചിലയിടങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലെ കോവിഡ് സ്ഥിതിഗതികൾ രൂക്ഷമാവുകയാണെങ്കിൽ ലോക്ഡൗണിനുളള സാധ്യത തളളിക്കളയാനാവില്ലെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറേ. മഹാരാഷ്ട്ര ദുർഘടസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടിയ താക്കറേ ജനങ്ങളുടെ ആരോഗ്യത്തിനാണോ സമ്പദ്ഘടനയ്ക്കാണോ പ്രധാന്യം നൽകേണ്ടതെന്നും ചോദിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു താക്കറേ.
‘ഈ സാഹചര്യം തുടരുകയാണെങ്കിൽ, കോവിഡ് കേസുകൾ വർധിക്കുകയാണെങ്കിൽ 15 ദിവസത്തിനുളളിൽ നമ്മുടെ അടിസ്ഥാന സൗകര്യങ്ങൾ മതിയാകാതെ വരുമെന്ന് ഞാൻ നേരത്തേ നിങ്ങളെ അറിയിച്ചിരുന്നു. അതിനാൽ ഇന്ന് ഞാൻ ലോക്ഡൗണിനെ കുറിച്ച് നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ്. ആളുകളോട് സംസാരിച്ച് രണ്ടുദിവസത്തിനുളളിൽ പരിഹാരം കണ്ടെത്താനായില്ലെങ്കിൽ എനിക്ക് മുന്നിൽ മറ്റുമാർഗങ്ങളില്ല.’ താക്കറേ പറഞ്ഞു.