തിരുവനന്തപുരം:ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് മൂന്നാം ഏകദിനത്തില്‍ 317 റണ്‍സിന്റെ കൂറ്റന്‍ജയം. ഇതോടെ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 391 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക കേവലം 22 ഓവറില്‍ 73ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടി മുഹമ്മദ് സിറാജാണ് ശ്രീലങ്കയെ തകര്‍ത്തത്. 19 റണ്‍സ് നേടി നുവാനിഡു ഫെര്‍ണാണ്ടോയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. നേരത്തെ, ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് വിരാട് കോലി (പുറത്താവാതെ 166), ശുഭ്മാന്‍ ഗില്‍ (116) എന്നിവരുടെ സെഞ്ചുറിയാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക ആറിന് 39 എന്ന നിലയിലേക്ക് വീണിരുന്നു. ഇതില്‍ നാല് വിക്കറ്റും സ്വന്തമാക്കിയത് സിറാജ്. സ്‌കോര്‍ബോര്‍ഡില്‍ ഏഴ് റണ്‍സുള്ളപ്പോള്‍ ശ്രീലങ്കയ്ക്ക് ഓപ്പണര്‍ അവിഷ്‌ക ഫെര്‍ണാണ്ടോയെ (1) നഷ്ടമായി. സിറാജിന്റെ പന്തില്‍ സ്ലിപ്പില്‍ ഗില്ലിന് ക്യാച്ച്. മൂന്നാമനായി എത്തിയ കുശാല്‍ മെന്‍ഡിസിന് (4) ഏഴ് പന്ത് മാത്രമായിരുന്നു ആയുസ്.
സിറാജിന്റെ രണ്ടാം ഓവറില്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന് ക്യാച്ച്. ചരിത് അസലങ്കയെ (1) ഷമി പോയിന്റില്‍ അക്‌സര്‍ പട്ടേലിന്റെ കൈകളിലെത്തിച്ചു. ആദ്യ ആറ് താരങ്ങളില്‍ ഇരട്ടയക്കം ഏക ബാറ്ററായ നുവാനിഡു ഫെര്‍ണാണ്ടോയെ (19) സിറാജ് ബൗള്‍ഡാക്കി. വാനിന്ദു ഹസരങ്കയ്ക്കും (1) ഇതുതന്നെയായിരുന്നു അവസ്ഥ. ചാമിക കരുണാരത്‌നെ (1) റണ്ണൗട്ടായി. ദസുന്‍ ഷനകയെ (11) കുല്‍ദീപ് യാദവ് ബൗള്‍ഡാക്കി.
പിന്നീടെത്തിയവരില്‍ കശുന്‍ രജിത (13) മാത്രമാണ് രണ്ടക്കം കണ്ടത്. ദുമിത് വെല്ലാലഗെ (3), ലാഹിരു കുമാര (9) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അഷന്‍ ഭണ്ഡാര ബാറ്റിംഗിനെത്തിയില്ല. സിറാജിന് പുറമെ മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. രോഹിത് ശര്‍മ (42)- ഗില്‍ സഖ്യം 95 റണ്‍സ് ഓപ്പണിംഗ് വിക്കറ്റില്‍ കൂട്ടിചേര്‍ത്തു. 16-ാം ഓവറില്‍ രോഹിത്തിനെ പുറത്താക്കി ചാമിക കരുണാരത്‌നെ ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. എന്നാല്‍ കോലി- ഗില്‍ സഖ്യം ഒത്തുചേര്‍ന്നതോടെ റണ്‍നിരക്ക് ഉയര്‍ന്നു. ഇരുവരുടേയും ബാറ്റില്‍ നിന്ന് ക്ലാസിക് ഷോട്ടുകള്‍ പിറന്നു. ഇതിനിടെ ഗില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 97 പന്തില്‍ നിന്നാണ് ഗില്‍ 116 റണ്‍സെടുത്തത്. രണ്ട് സിക്‌സും 14 ഫോറും അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഏകദിനത്തില്‍ ഗില്ലിന്റെ രണ്ടാം സെഞ്ചുറിയായിരുന്നിത്.
നാലാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ (32 പന്തില്‍ 38) കോലിക്ക് പിന്തുണ നല്‍കി. 108 റണ്‍സാണ് കോലിക്കൊപ്പം ശ്രേയസ് കൂട്ടിചേര്‍ത്തത്. എന്നാല്‍ കുമാരയുടെ പന്തില്‍ വിക്കറ്റ് സമ്മാനിച്ച് ശ്രേയസ് മടങ്ങി. കെ എല്‍ രാഹുല്‍ (7), സൂര്യകുമാര്‍ യാദവ് (4) എന്നിവര്‍ പെന്ന് മടങ്ങിയെങ്കിലും കോലി ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. 110 പന്തുകള്‍ മാത്രമാണ് കോലി നേരിട്ടത്. എട്ട് സിക്‌സും 13 ഫോറും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. 46-ാം ഏകദിന സെഞ്ചുറിയാണ് കോലി പൂര്‍ത്തിയാക്കിയത്. അക്‌സര്‍ പട്ടേല്‍ (2) പുറത്താവാതെ നിന്നു.
രണ്ട് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയിരുന്നത്. ഹാര്‍ദിക് പാണ്ഡ്യ, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. സൂര്യകുമാര്‍ യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ടീമിലെത്തി.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.