ന്യൂഡൽഹി:അഫ്ഗാനിസ്താനിലെ നിലവിലെ രാഷ്ട്രീയ സ്ഥിതിയിൽ ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന അഫ്ഗാൻ പൗരന്മാർക്ക് അടിയന്തര ഇ-വിസ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ.
മതത്തിന്റെ പരിഗണനകളൊന്നുമില്ലാതെ എല്ലാ അഫ്ഗാൻ പൗരന്മാർക്കും ഇ-വിസയ്ക്ക് ഓൺലൈനായി അപേക്ഷിക്കാമെന്ന് സർക്കാർ വ്യക്തമാക്കി. ന്യൂഡൽഹിയിലായിരിക്കും വിസാ നടപടികൾ പൂർത്തിയാക്കുക.
അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചെടുത്ത് രണ്ടുദിവസത്തിനുശേഷമാണ് ഇന്ത്യയുടെ ഇ-വിസ പ്രഖ്യാപനം.അഫ്ഗാനിസ്താനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിസ വ്യവസ്ഥകൾ അവലോകനം ചെയ്തു വരികയാണ്. ഇ-എമർജൻസി എക്സ്-മിസ്ക് വിസ എന്നാണ് പുതിയ വിഭാഗത്തിൽപ്പെട്ട ഇലക്ട്രോണിക് വിസ അറിയപ്പെടുക-വിദേശകാര്യമന്ത്രാലയം വക്താവ് പറഞ്ഞു.
അഫ്ഗാനിലെ ഇന്ത്യയുടെ ദൗത്യം പൂർത്തിയായി കഴിഞ്ഞ് ഇ-വിസയ്ക്ക് ഓൺലൈനായി അപേക്ഷിക്കാമെന്ന് അധികൃതർ അറിയിച്ചു. ആറുമാസത്തേക്കായിരിക്കും വിസാ കാലാവധി. അഫ്ഗാൻ പൗരന്മാരുടെ വിസാ അപേക്ഷകളിന്മേൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുമ്പോഴും വിസ അനുവദിക്കുമ്പോഴും സുരക്ഷാ പ്രശ്നങ്ങൾ പരിശോധിക്കും. എല്ലാ അഫ്ഗാൻ പൗരന്മാർക്കും അവരുടെ മതം പരിഗണിക്കാതെ വിസയ്ക്ക് അപേക്ഷിക്കാം-ഉദ്യോഗസ്ഥർ അറിയിച്ചു.
താലിബാനിൽനിന്നും രക്ഷനേടാനായി കാബൂൾ വിമാനത്താവളത്തിലെത്തിയ ഒട്ടേറെപ്പേർ സൈനിക വിമാനങ്ങളുടെ ചിറകിൽ കയറിയിരുന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെയും വിമാനം പറന്നുയർന്നപ്പോൾ താഴേക്ക് പതിക്കുന്നതിന്റെയും വീഡിയോ വൈറലായിരുന്നു.
As regards Afghan nationals, our visa services will continue through an e-Emergency visa facility, which has been extended to Afghan nationals. We have already received requests from Afghan Sikh & Hindu community leaders, and are in touch with them: MEA
— ANI (@ANI) August 17, 2021