CricketNewsSports

ടി ട്വൻ്റിയിലെ വമ്പൻ ജയം മറക്കാം; ടെസ്റ്റിൽ റെക്കോർഡ് സ്കോറിന് ഇന്ത്യ തകര്‍ന്നു, ഹോംഗ്രൗണ്ടിലെ ഏറ്റവും ചെറിയ സ്‌കോര്‍

ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ 46ന് പുറത്ത്. ഹോം ഗ്രൗണ്ടില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചെറിയ സ്‌കോറാണിത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യയെ അഞ്ച് വിക്കറ്റ് നേടിയ മാറ്റ് ഹെന്റി നാല് വിക്കറ്റ് വീഴ്ത്തിയ വില്യം ഒറൗര്‍ക്കെ എന്നിവരാണ് തകര്‍ത്തത്. 20 റണ്‍സ് നേടിയ റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 13 റണ്‍സ് നേടി യശസ്വി ജയ്‌സ്വാളാണ് രണ്ടക്കം കണ്ട മറ്റൊരു താരം. അഞ്ച് താരങ്ങള്‍ റണ്‍സെടുക്കാതെ പുറത്തായി. 

രോഹിത് ശര്‍മ (2), വിരാട് കോലി (0), സര്‍ഫറാസ് ഖാന്‍ (0) എന്നിവരുടെ വിക്കറ്റുകള്‍ ആദ്യ പത്ത് ഓവറിനിടെ ഇന്ത്യക്ക് നഷ്ടമായി. ആദ്യം, രോഹിത്തിനെ സൗത്തി ബൗള്‍ഡാക്കി. പിന്നാലെ കോലി, ലെഗ് ഗള്ളിയില്‍ ഗ്ലെന്‍ ഫിലിപ്‌സിന് ക്യാച്ച് നല്‍കി. ഗില്ലിന് പകരക്കാരനായ സര്‍ഫറാസിന് മൂന്ന് പന്ത് മാത്രമായിരുന്നു ആയുസ്. ഹെന്റിയുടെ പന്തില്‍ എക്‌സ്ട്രാ കവറില്‍ ഡെവോണ്‍ കോണ്‍വെയുടെ തകര്‍പ്പന്‍ ക്യാച്ച്. തുടര്‍ന്ന് ജയ്‌സ്വാള്‍ – പന്ത് സഖ്യം 21 റണ്‍സ് കൂട്ടിചേര്‍ത്തു.

ഇതുതന്നെയാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്. എന്നാല്‍ ജയ്‌സ്വാളിനെ പുറത്താക്കി ഒറൗര്‍ക്കെ വീണ്ടും ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് അക്കൗണ്ട് തുറക്കാനായില്ല. ജഡേജ പോയതോടെ ലഞ്ചിന് പിരിയുകയായിരുന്നു.

ലഞ്ചിന് ശേഷമുള്ള ആദ്യ പന്തില്‍ തന്നെ ആര്‍ അശ്വിന്‍ (0) വീണു. പിന്നാലെ പന്തും പവലിയനില്‍ തിരിച്ചെത്തി. ജസ്പ്രിത് ബുമ്ര (1), കുല്‍ദീപ് യാദവ് (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മുഹമ്മദ് സിറാജ് (4) പുറത്താവാതെ നിന്നു. നേരത്തെ ശുഭ്മാന്‍ ഗില്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. കഴുത്ത് വേദനയില്‍ നിന്ന് അദ്ദേഹം മോചിതനായിട്ടില്ല. സര്‍ഫറാസ് അദ്ദേഹത്തിന് പകരക്കാരനായി. മൂന്ന് സ്പിന്നര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്.

തോരാമഴയെ തുടര്‍ന്ന് മത്സരത്തിന്റെ ആദ്യദിനം ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് നേരത്തെ മത്സരം ആരംഭിക്കുകയായിരുന്നു. ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സര പരമ്പരക്ക് മുമ്പെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ സ്ഥാനം ഉറപ്പാക്കാന്‍ ഇന്ത്യക്ക് ന്യൂസിലന്‍ഡിനെതിരായ പരമ്പര തൂത്തുവാരേണ്ടതുണ്ട്. മുന്‍ നായകന്‍ കെയ്ന്‍ വില്യംസണ്‍ ഇല്ലാതെ ഇറങ്ങുന്ന ന്യൂസിലന്‍ഡിന് രചിന്‍ രവീന്ദ്രയുടെ ഫോമിലാണ് പ്രതീക്ഷ.

ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെ എല്‍ രാഹുല്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), മുഹമ്മദ് സിറാജ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker