CricketNationalNewsSports

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ ഏഴുവിക്കറ്റിന് തകർത്തു, പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

പാൾ:ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും വിജയിച്ച് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഇന്ത്യ ഉയർത്തിയ 288 റൺസ് വിജയലക്ഷ്യം 48.1 ഓവറിൽ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു. സ്കോർ ഇന്ത്യ 50 ഓവറിൽ ആറിന് 287. ദക്ഷിണാഫ്രിക്ക 48.1 ഓവറിൽ മൂന്നിന് 288.

ഇന്ത്യ ഉയർത്തി 288 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ ക്വിന്റൺ ഡി കോക്കും ജാനേമാൻ മലാനും ചേർന്ന് നൽകിയത്. ഇരുവരും ആദ്യ വിക്കറ്റിൽ 132 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ഡി കോക്കായിരുന്നു കൂടുതൽ അപകടകാരി. ഇന്ത്യൻ ബൗളരർമാരെ അനായാസം നേരിട്ട ഡി കോക്ക് ട്വന്റി 20 ശൈലിയിലാണ് ബാറ്റ് വീശിയത്. താരം അർധസെഞ്ചുറി നേടുകയും ചെയ്തു. പിന്നാലെ മലാനും അർധശതകം നേടി.

ഒടുവിൽ തകർത്തടിച്ച ഡി കോക്കിനെ ശാർദൂൽ ഠാക്കൂർ വിക്കറ്റിന് മുന്നിൽ കുടുക്കി. 66 പന്തുകളിൽ നിന്ന് ഏഴ് ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 78 റൺസെടുത്ത ശേഷമാണ് ഡി കോക്ക് ക്രീസ് വിട്ടത്. ഡി കോക്കിന് പകരം നായകൻ തെംബ ബാവുമ ക്രീസിലെത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറുവിക്കറ്റ് നഷ്ടത്തിൽ 287 റൺസെടുത്തു. 85 റൺസെടുത്ത ഋഷഭ് പന്തിന്റെയും 55 റൺസ് നേടിയ നായകൻ കെ.എൽ.രാഹുലിന്റെയും വാലറ്റത്ത് പൊരുതിയ ശാർദൂൽ ഠാക്കൂറിന്റെയും മികവിലാണ് ഇന്ത്യ ഭേദപ്പെട്ട ടോട്ടൽ പടുത്തുയർത്തിയത്.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ ശിഖർ ധവാനും കെ.എൽ.രാഹുലും ചേർന്ന് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും 63 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ 38 പന്തുകളിൽ നിന്ന് 29 റൺസെടുത്ത ധവാനെ മടക്കി എയ്ഡൻ മാർക്രം ഇന്ത്യയ്ക്ക് തിരിച്ചടി നൽകി. മാർക്രത്തിന്റെ പന്തിൽ സിസാൻഡ മഗാലയ്ക്ക് ക്യാച്ച് സമ്മാനിച്ച് ധവാൻ മടങ്ങി.

ധവാന് പകരം ക്രീസിലെത്തിയ വിരാട് കോലി പെട്ടെന്ന് മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. റൺസെടുക്കും മുൻപ് കോലിയെ തെംബ ബാവുമയുടെ കൈയ്യിലെത്തിച്ച് കേശവ് മഹാരാജ് ഇന്ത്യയ്ക്ക് ഇരട്ട പ്രഹരമേൽപ്പിച്ചു. ഇതോടെ ഇന്ത്യ 64 ന് രണ്ട് എന്ന സ്കോറിലേക്ക് വീണു.

കോലിയ്ക്ക് പകരം ഋഷഭ് പന്ത് ക്രീസിലെത്തിയതോടെ ഇന്ത്യ മത്സരത്തിൽ ആധിപത്യം പുലർത്തി. ബൗളർമാരെ കൂസാതെ ബാറ്റിങ് ആരംഭിച്ച പന്തിന്റെ മികവിൽ ഇന്ത്യൻ സ്കോർ കുതിച്ചു. രാഹുൽ പന്തിന് സിംഗിളുകൾ നൽകി നന്നായി പിന്തുണച്ചു. ഇരുവരും ചേർന്ന് ടീം സ്കോർ 150 കടത്തി. 27 ഓവറിലാണ് ടീം സ്കോർ 150 കടന്നത്. പിന്നാലെ ഋഷഭ് പന്ത് അർധസെഞ്ചുറി നേടി. 43 പന്തുകളിൽ നിന്നാണ് താരം അർധശതകം പൂർത്തിയാക്കിയത്. പന്ത് ആക്രമിച്ച് കളിച്ചപ്പോൾ രാഹുൽ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. വൈകാതെ രാഹുലും അർധസെഞ്ചുറി നേടി. 71 പന്തുകളിൽ നിന്നാണ് രാഹുൽ അർധശതകം കുറിച്ചത്. താരത്തിന്റെ കരിയറിലെ പത്താം ഏകദിന അർധശതകമാണിത്. അർധശതകം നേടിയ ശേഷം ആക്രമണത്തിന് ശക്തി കൂട്ടിയ പന്ത് തലങ്ങും വിലങ്ങും ബൗണ്ടറികൾ പായിച്ച് മുന്നേറി. വൈകാതെ ഇരുവരും സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തി.

എന്നാൽ രാഹുലിനെ പുറത്താക്കി സിസാൻഡ മലാഗ ഈ കൂട്ടുകെട്ട് പൊളിച്ചു. 79 പന്തുകളിൽ നിന്ന് നാല് ബൗണ്ടറികളുടെ സഹായത്തോടെ 55 റൺസെടുത്ത രാഹുലിനെ മഗാല വാൻ ഡ്യൂസന്റെ കൈയ്യിലെത്തിച്ചു. രാഹുലിന് പിന്നാലെ പന്തും പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

71 പന്തുകളിൽ നിന്ന് പത്ത് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 85 റൺസെടുത്ത പന്തിനെ തബ്റൈസ് ഷംസി എയ്ഡൻ മാർക്രത്തിന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ വന്ന ശ്രേയസ്സ് അയ്യരും വെങ്കടേഷ് അയ്യരും നിരാശപ്പെടുത്തി.

11 റൺസ് മാത്രമെടുത്ത ശ്രേയസിനെ ഷംസി വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോൾ 22 റൺസെടുത്ത വെങ്കടേഷ് അയ്യരെ ഫെലുക്വായോയുടെ പന്തിൽ മിന്നൽ സ്റ്റംപിങ്ങിലൂടെ ഡി കോക്ക് പുറത്താക്കി. ഇതോടെ ഇന്ത്യ 239 ന് ആറ് എന്ന സ്കോറിലേക്ക് വീണു. പിന്നീട് ക്രീസിലൊന്നിച്ച ശാർദൂൽ ഠാക്കൂറും രവിചന്ദ്ര അശ്വിനും ചേർന്നാണ് ടീം സ്കോർ 280 കടത്തിയത്. ശാർദൂൽ തുടർച്ചായ രണ്ടാം മത്സരത്തിലും ബാറ്റിങ് മികവ് പുലർത്തി. ശാർദൂൽ 38 പന്തുകളിൽ നിന്ന് 40 റൺസെടുത്തും അശ്വിൻ 25 റൺസ് നേടിയും പുറത്താവാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തബ്റൈസ് ഷംസി രണ്ടുവിക്കറ്റെടുത്തപ്പോൾ സിസാൻഡ മഗാല, എയ്ഡൻ മാർക്രം, കേശവ് മഹാരാജ്, ആൻഡിലെ ഫെലുക്വായോ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button