CricketNewsSports

T20 WORLD CUP:തോറ്റത് ഇന്ത്യ,പണി പാക്കിസ്ഥാന്,കണക്കിലെ കളിയ്ക്ക് കാത്തിരിയ്ക്കാം

പെര്‍ത്ത്: ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍-12ല്‍ ദക്ഷിണാഫ്രിക്കയെയും തോല്‍പിച്ച് സെമി ഏതാണ് ഉറപ്പിക്കാം എന്ന പ്രതീക്ഷയിലായിരുന്നു ടീം ഇന്ത്യ ഇന്ന് പെര്‍ത്തിലിറങ്ങിയത്. എന്നാല്‍ പെര്‍ത്തിലെ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയോട് അഞ്ച് വിക്കറ്റിന്റെ തോല്‍വി രോഹിത് ശര്‍മ്മയും സംഘവും വഴങ്ങി. ഇതോടെ ഗ്രൂപ്പ് രണ്ടിലെ പോയിന്റ് പട്ടികയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. ഇന്നത്തെ തോല്‍വി ടീം ഇന്ത്യക്ക് തിരിച്ചടിയാണെങ്കിലും കൂടുതല്‍ പണി കിട്ടിയത് പാകിസ്ഥാനാണ്.

ഇന്ത്യക്കെതിരായ ജയത്തോടെ മൂന്ന് മത്സരങ്ങളില്‍ അഞ്ച് പോയിന്റുമായി ദക്ഷിണാഫ്രിക്ക പോയിന്റ് പട്ടികയില്‍ തലപ്പത്തെത്തി. ഇത്രതന്നെ മത്സരങ്ങളില്‍ ഒരു പോയിന്റ് കുറവുള്ള ഇന്ത്യയും ബംഗ്ലാദേശും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. നെറ്റ് റണ്‍റേറ്റില്‍ മുന്‍തൂക്കം ഇന്ത്യക്കുണ്ട്(+0.844). ഇനിയുള്ള മത്സരങ്ങളില്‍ ബംഗ്ലാദേശിനെയും സിംബാബ്വെയുമാണ് നേരിടേണ്ടത് എന്നതില്‍ ഇന്ത്യക്ക് വലിയ ആശങ്കകള്‍ നിലവിലില്ല. എന്നാല്‍ ഇന്ത്യക്ക് പുറമെ പാകിസ്ഥാനേയും തോല്‍പിക്കാതെ ബംഗ്ലാദേശിന് മുന്നോട്ടുപോവുക പ്രയാസമാണ്. ബംഗ്ലാ കടുവകളുടെ നെറ്റ് റണ്‍റേറ്റും(-1.533) ആശ്വാസകരമല്ല.

ടൂര്‍ണമെന്റിലെ ഫേവറേറ്റുകളായെത്തിയെങ്കിലും ഇപ്പോള്‍ മൂന്നില്‍ ഒരു ജയം മാത്രമുള്ള പാകിസ്ഥാന്റെ അവസ്ഥയാണ് ഏറ്റവും പരിതാപകരം. ഇനിയുള്ള മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയെയും ബംഗ്ലാദേശിനേയുമാണ് പാകിസ്ഥാന്‍ നേരിടേണ്ടത്. ഈ രണ്ട് മത്സരങ്ങളിലും ജയിച്ചാലും പാകിസ്ഥാന് ഫലത്തില്‍ പ്രയോജനം കിട്ടില്ല.

രണ്ട് ജയത്തോടെ പോയിന്റ് ആറിലെത്തുമെങ്കിലും നെതര്‍ലന്‍ഡ്സിനെ മാത്രം തോല്‍പിച്ചാല്‍ ദക്ഷിണാഫ്രിക്ക ഏഴ് പോയിന്റുമായി സെമിയിലെത്തും. ബംഗ്ലാദേശിനേയും സിംബാബ്വെയും തോല്‍പിച്ചാല്‍ എട്ട് പോയിന്റുമായി ഇന്ത്യയും സുരക്ഷിതമാകും. നെതര്‍ലന്‍ഡ്സിന്റെ പ്രതീക്ഷകളെല്ലാം ഇതിനകം അവസാനിച്ച മട്ടാണ്. സിംബാബ്വെയ്ക്കും കാര്യങ്ങള്‍ കൈവിട്ടുകഴിഞ്ഞു.

കില്ലര്‍ മില്ലറുടെയും എയ്ഡന്‍ മാര്‍ക്രമിന്റേയും ബാറ്റിംഗ് കരുത്തില്‍ ഇന്ത്യയെ അഞ്ച് വിക്കറ്റിന് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തുകയായിരുന്നു. ഇന്ത്യ മുന്നോട്ടുവെച്ച 134 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി പ്രോട്ടീസ് നേടി. മില്ലര്‍ 46 പന്തില്‍ 59 റണ്‍സുമായി പുറത്താകാതെനിന്നു.

നേരത്തെ നാല് വിക്കറ്റ് നേടിയ ലുങ്കി എന്‍ഗിഡിയും മൂന്ന് പേരെ പുറത്താക്കിയ വെയ്ന്‍ പാര്‍നലും ഇന്ത്യയെ 20 ഓവറില്‍ 9 വിക്കറ്റിന് 133 എന്ന സ്‌കോറിലൊതുക്കിയിരുന്നു. മുന്‍ മത്സരങ്ങളില്‍ പാകിസ്ഥാനെയും നെതര്‍ലന്‍ഡ്സിനെയും പരാജയപ്പെടുത്തിയ ഇന്ത്യക്ക് ഇന്ന് ജയിച്ചിരുന്നെങ്കില്‍ സെമി ഏതാണ്ട് ഉറപ്പിക്കാമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker