News

കൊവിഡ് പ്രതിരോധം ഏറ്റവും പാളിയ രാജ്യങ്ങളിലൊന്ന് ഇന്ത്യ; ലോകനേതാക്കളിലെ മോശം പ്രകടനം മോദിയുടേത്

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ ഏറ്റവുമധികം പിഴവ് കാണിച്ച ലോകത്തെ അഞ്ചുനേതാക്കളില്‍ ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണമികവുകൊണ്ട് ന്യൂസിലാന്‍ഡ് അടക്കമുള്ള രാജ്യങ്ങള്‍ മാതൃക കാണിച്ചപ്പോള്‍ പാളിച്ചകള്‍ കൊണ്ട് ലോകത്തിന്റെ വിമര്‍ശനം ഏറ്റുവാങ്ങിയിരിക്കുകയാണ് മോദിയും ബൊലസെനാരോയും അടക്കമുള്ള ലോകനേതാക്കാള്‍.

മഹാമാരിയെ ചെറിയ പകര്‍ച്ചപ്പനിയായി ലാഘവത്തോടെ കണ്ടതും ശാസ്ത്രത്തെ അവഗണിക്കുകയും സാമൂഹിക അകലം, മാസ്‌കുകള്‍ പോലുള്ള കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളെ പുച്ഛിക്കുകയുമൊക്കെ ചെയ്താണ് ഈ ഭരണകര്‍ത്താക്കള്‍ തങ്ങളുടെ രാജ്യത്തെ സ്ഥിതി സങ്കീര്‍ണമാക്കിയത്. ട്വിറ്ററില്‍ ദി കോണ്‍വര്‍സേഷന്‍ യുഎസ് നടത്തിയ വോട്ടെടുപ്പില്‍ മോദിക്കാണ് ഏറ്റവുമധികം വോട്ട് ലഭിച്ചത്. കൊവിഡ് പ്രതിരോധത്തിലെ പിഴവുകൊണ്ട് സ്വന്തം രാജ്യത്തെ ബലികൊടുത്തവരുടെ പട്ടികയിലാണ് മോദി ഒന്നാമനായിരിക്കുന്നത്.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരായ ആളുകള്‍ തയാറാക്കിയ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നരേന്ദ്ര മോഡിയും രണ്ടാം സ്ഥാനത്ത് കോവിഡ് രോഗത്തെ തന്നെ ആദ്യഘട്ടത്തില്‍ അവഗണിച്ച ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബൊലസനാരോയുമാണ്. ഇന്ത്യയില്‍ മേയ് മാസത്തിന്റെ തുടക്കത്തില്‍ പ്രതിദിനം നാലു ലക്ഷത്തിനടുത്ത് രോഗബാധിതരാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ മൂന്നുലക്ഷത്തോളമായി കുറഞ്ഞു. ലോകത്തെ കോവിഡ് കേന്ദ്രമായി രാജ്യം മാറിയിരിക്കുകയാണ്. മിക്കരാജ്യങ്ങളും ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തിരിക്കുകയാണ്.

രാജ്യതലസ്ഥാനത്തടക്കം മെഡിക്കല്‍ ഓക്സിജന്റെയും ജീവന്‍രക്ഷാ മരുന്നായ റെംഡെസിവിറിന്റെയും ലഭ്യതകുറവുകാരണം ആയിരങ്ങളാണ് മരിച്ചുവീണത്. കിടക്കകള്‍ ഒഴിവില്ലാത്തതിനെ തുടര്‍ന്ന് രോഗികള്‍ തെരുവില്‍ കിടന്നും മരിക്കേണ്ട അവസ്ഥയാണ്.

ഒരു ചെറിയ പകര്‍ച്ചപ്പനിയായി കോവിഡ് മഹാമാരിയെ വിലയിരുത്തിയ പ്രസിഡന്റ് ജെയ്ര്‍ ബൊലസനാരോയാണ് ബ്രസീലിനെ കൊലയ്ക്ക് കൊടുത്തത്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങളെ തള്ളിയ അദ്ദേഹം ആരാധനാലയങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയ നടപടി സ്വന്തം അധികാരം ഉപയോഗിച്ച് എടുത്ത് കളഞ്ഞു. സാമൂഹിക അകലം പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അദ്ദേഹം നിരുത്സാഹപ്പെടുത്തി. മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടല്‍ പതിവാക്കിയ അദ്ദേഹത്തിന് ഒടുവില്‍ കോവിഡ് ബാധിച്ചതും ശ്രദ്ധേയമായിരുന്നു.

ബെലാറസിന്റെ ഭരണാധികാരിയായ അലക്സാണ്ടര്‍ ലുക്ഷെന്‍കോയും കോവിഡിനെ തളക്കുന്നതില്‍ പരാജയപ്പെട്ടവരുടെ പട്ടികയിലുണ്ട്. മൂന്നാം സ്ഥാനത്താണ് ഇദ്ദേഹം. ലോകത്തെ മിക്കരാജ്യങ്ങളും കോവിഡ് മഹാമാരിയെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ കോവിഡിനെ പേടിച്ച് ലോക്ഡൗണ്‍ വേണ്ടെന്ന് റഷ്യക്കും പോളണ്ടിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ബെലാറസ് പ്രഖ്യാപിച്ചു. പ്രസിഡന്റായ ലുക്ഷെന്‍കോ കോവിഡിന് മരുന്നായി നിര്‍ദേശിച്ചത് വോഡ്കയും ഹോക്കിയുമെല്ലാമാണ്.

കൊവിഡ് പ്രതിരോധം പാളിയ രാജ്യങ്ങളില്‍ അതിസമ്പന്ന രാജ്യം യുഎസുമുണ്ട്. മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപാണ് അമേരിക്കയെ കോവിഡ് ഹബ്ബാക്കി മാറ്റിയ ഭരണാധികാരി. ഇപ്പോള്‍ അധികാരത്തില്‍ ഇല്ലെങ്കിലും ട്രംപിന്റെ നയങ്ങള്‍ രാജ്യത്തെ തകര്‍ത്തെന്നാണ് വിലയിരത്തല്‍ അതുകൊണ്ടുതന്നെ മോഷം ഭരണാധികാരികളുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് ട്രംപ് ഇടംപിടിച്ചിരിക്കുകയാണ്. മഹാമാരിയെ വിലകുറച്ച് കണ്ടതും മാസ്‌ക് ഉപയോഗത്തിനും ചികിത്സ രീതികള്‍ക്കുമെതിരെ സംസാരിച്ചതും പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു.

മെക്സിക്കന്‍ പ്രസിഡന്റ് ആന്‍ന്ദ്രെ മാനുവല്‍ ലോപസ് ഒബ്രഡോറാണ് മഹാമാരിയെ നേരിടുന്നതില്‍ അമ്പേ പരാജയപ്പെട്ട മറ്റൊരു ഭരണാധികാരി. 9.2 ശതമാനം കോവിഡ് രോഗികളും മരിക്കുന്ന മെക്സിക്കോയിലെ സ്ഥിതി അതീവഗുരുതരമാണ്. ലോകത്തെ ഏറ്റവും ഉയര്‍ന്ന മരണ നിരക്ക് ഇവിടെയാണ്. 6,17,000 മരണങ്ങള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

പ്രസിഡന്റ് ആന്‍ന്ദ്രെ മാനുവല്‍ മഹമാരിയെ സംബന്ധിച്ച് പുറപ്പെടുവിച്ച മുന്നറിയിപ്പുകള്‍ പാടെ തള്ളിക്കളയുന്ന നിലപാടാണ് തുടക്കം മുതല്‍ സ്വീകരിച്ചത്. തുടക്കത്തില്‍ തന്നെ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ നടപ്പാക്കാനുള്ള ആഹ്വാനങ്ങളെ അദ്ദേഹം എതിര്‍ത്തു. അതിനുമുമ്പ് രാജ്യവ്യാപകമായി അദ്ദേഹം റാലികള്‍ നടത്തി. മാസ്‌കും സാമൂഹിക അകലവുമൊന്നും അദ്ദേഹം പ്രോത്സാഹിപ്പിച്ചതിമുല്ല. ഫലമോ ലക്ഷക്കണക്കിനാളുകള്‍ മരിച്ചുവീഴുന്ന ഭൂമിയായി മെക്സിക്കന്‍ മണ്ണി മാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker