CricketFeaturedHome-bannerNewsSports

Asia cup cricket:അവസാന ആണി അടിച്ച് ശ്രീലങ്ക,ഏഷ്യാ കപ്പില്‍ ഇന്ത്യ പുറത്തേക്ക്‌

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി ശ്രീലങ്കയ്ക്ക് ജയം. അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന നിര്‍ണായകമായ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ആറു വിക്കറ്റിനായിരുന്നു ലങ്കന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് മാത്രം ബാക്കിനില്‍ക്കേ നാലു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലങ്ക മറികടന്നു.

അര്‍ധ സെഞ്ചുറികള്‍ നേടിയ പഥും നിസ്സങ്കയും കുശാല്‍ മെന്‍ഡിസുമാണ് ലങ്കന്‍ വിജയത്തിന് അടിത്തറ പാകിയത്. സൂപ്പര്‍ ഫോറിലെ രണ്ടാം ജയത്തോടെ ലങ്ക ഫൈനല്‍ ബര്‍ത്ത് ഏറെക്കുറേ ഉറപ്പാക്കി. രണ്ടാം തോല്‍വിയോടെ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷ അനിശ്ചിതത്വത്തിലായി.

അവസാന ഓവറില്‍ ലങ്കയ്ക്ക് ജയിക്കാന്‍ ഏഴു റണ്‍സ് വേണമെന്നിരിക്കേ നന്നായി പന്തെറിഞ്ഞ അര്‍ഷ്ദീപ് സിങ്ങിനും ലങ്കന്‍ ജയത്തെ തടയാനായില്ല.

174 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ശ്രീലങ്കയ്ക്ക് തകര്‍പ്പന്‍ തുടക്കമാണ് പഥും നിസ്സങ്ക – കുശാല്‍ മെന്‍ഡിസ് ഓപ്പണിങ് സഖ്യം സമ്മാനിച്ചത്. 67 പന്തില്‍ നിന്ന് 97 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 37 പന്തില്‍ നിന്ന് രണ്ട് സിക്‌സും നാല് ഫോറുമടക്കം 52 റണ്‍സെടുത്ത നിസ്സങ്കയെ 12-ാം ഓവറില്‍ പുറത്താക്കി യുസ്‌വേന്ദ്ര ചാഹലാണ് ഇന്ത്യയ്ക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നാലെ അതേ ഓവറിലെ നാലാം പന്തില്‍ ചരിത് അസലങ്കയേയും (0) മടക്കിയ ചാഹല്‍ ലങ്കയ്ക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു.

തുടര്‍ന്ന് നിലയുറപ്പിക്കും മുമ്പ് ധനുഷ്‌ക ഗുണതിലകയെ (1) മടക്കി അശ്വിനും ലങ്കയെ ഞെട്ടിച്ചു. പിന്നാലെ നിലയുറപ്പിച്ചിരുന്ന കുശാല്‍ മെന്‍ഡിസിനെയും മടത്തി ചാഹല്‍ ലങ്കയെ പ്രതിരോധത്തിലാക്കി. 37 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 57 റണ്‍സെടുത്താണ് മെന്‍ഡിസ് മടങ്ങിയത്.

എന്നാല്‍ തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ഭാനുക രജപക്‌സ – ക്യാപ്റ്റന്‍ ദസുന്‍ ഷാനക സഖ്യം ഇന്ത്യയില്‍ നിന്ന് വീണ്ടും മത്സരം തിരിച്ചുപിടിക്കുകയായിരുന്നു. ഭാനുക രജപക്‌സ 17 പന്തില്‍ നിന്ന് 25 റണ്‍സോടെയും ദസുന്‍ ഷാനക 18 പന്തില്‍ നിന്ന് 33 റണ്‍സോടെയും പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ചാഹല്‍ നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കത്തിലെ തകര്‍ച്ചയെ അതിജീവിച്ച് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടേത് മോശം തുടക്കമായിരുന്നു. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ കെ.എല്‍ രാഹുലിനെ (6) ഇന്ത്യയ്ക്ക് നഷ്ടമായി. താരത്തെ മഹീഷ് തീക്ഷണ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നാലെ തൊട്ടടുത്ത ഓവറില്‍ ഫോമിലുള്ള വിരാട് കോലി റണ്ണൊന്നുമെടുക്കാതെ മടങ്ങി. ദില്‍ഷന്‍ മധുഷങ്കയുടെ പന്തില്‍ വമ്പനടിക്ക് ശ്രമിച്ച കോലി ബൗള്‍ഡാകുകയായിരുന്നു.

തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച രോഹിത് – സൂര്യകുമാര്‍ സഖ്യമാണ് ഇന്ത്യന്‍ ഇന്നിങ്‌സ് ട്രാക്കിലാക്കിയത്. പതിയെ തുടങ്ങി പിന്നീട് കത്തിക്കയറിയ രോഹിത്തായിരുന്നു കൂടുതല്‍ അപകടകാരി. നിലയുറപ്പിച്ച ശേഷം രോഹിത് ലങ്കന്‍ ബൗളര്‍മാരെ കടന്നാക്രമിച്ചു. സൂര്യകുമാറാകട്ടെ രോഹിത്തിന് ഉറച്ച പിന്തുണ നല്‍കി. മൂന്നാം ഓവറില്‍ ഒന്നിച്ച ഈ സഖ്യം 13-ാം ഓവറില്‍ പിരിയുമ്പോഴേക്കും ഇന്ത്യന്‍ സ്‌കോര്‍ 100 കടന്നിരുന്നു. മൂന്നാം വിക്കറ്റില്‍ 97 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 41 പന്തില്‍ നാല് സിക്‌സും അഞ്ച് ഫോറുമടക്കം 72 റണ്‍സെടുത്ത രോഹിത്തിനെ മടക്കി ചമിക കരുണരത്‌നെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

പിന്നാലെ ദസുന്‍ ഷാനകയുടെ പന്തില്‍ ഷോട്ടിനായുള്ള ശ്രമത്തില്‍ സൂര്യകുമാര്‍ യാദവും പുറത്തായി. 29 പന്തില്‍ നിന്ന് ഒന്ന് വീതം സിക്‌സും ഫോറുമടക്കം 34 റണ്‍സെടുത്താണ് താരം പുറത്തായത്.

തുടര്‍ന്ന് അഞ്ചാം വിക്കറ്റില്‍ ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് സ്‌കോര്‍ 149 വരെയെത്തിച്ചു. 18-ാം ഓവറില്‍ ഹാര്‍ദിക് പുറത്തായി. 13 പന്തില്‍ നിന്ന് 17 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നീട് വീണ്ടും ഇന്ത്യയ്ക്ക് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി. ദീപക് ഹൂഡ (3) കാര്യമായ സംഭാവന ചെയ്യാതെ മടങ്ങിയപ്പോള്‍ ഋഷഭ് പന്ത് 17 റണ്‍സെടുത്ത് പുറത്തായി. ആര്‍. അശ്വിന്‍ ഏഴ് പന്തില്‍ നിന്ന് 15 റണ്‍സെടുത്തു.

ശ്രീലങ്കയ്ക്കായി ദില്‍ഷന്‍ മധുഷങ്ക നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ദസുന്‍ ഷാനക, കരുണരത്‌നെ എന്നിവര്‍ രണ്ടു വിക്കറ്റെടുത്തു.

നേരത്തെ ഇന്ത്യയ്ക്കെതിരേ ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷാനക ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker