ലഡാക്ക് സംഘർഷം തുടങ്ങിയത് കേണല്‍ സന്തോഷിനെതിരായ ആക്രമണത്തില്‍: സംഘട്ടനം 3 തവണ , തിരിച്ചടിച്ചത് ഇന്ത്യയുടെ ‘ഘാതക് പ്ലാറ്റൂൺ ’ അതിർത്തിയിൽ നടന്നതിങ്ങനെ
ലഡാക്കിലെ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ജൂണ്‍ 15 നുണ്ടായ ഏറ്റുമുട്ടലിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഗല്‍വാനില്‍ ചൈനീസ് ആക്രമണത്തില്‍ ഇന്ത്യന്‍ പക്ഷത്തെ 20 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. മറുഭാഗത്ത് 40 ലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കേന്ദ്രമന്ത്രി ജനറല്‍ വി.കെ സിങ്ങ് അറിയിച്ചത്. അന്ന് അതിര്‍ത്തിയിലുണ്ടായ സംഭവങ്ങള്‍ ഇന്ത്യാ ടുഡെ വിശദമായി റിപ്പോര്‍ട്ട് ചെയ്യുന്നു.ലഡാക്കില്‍ 40 ദിവസത്തിലേറെയായി തുടര്‍ന്ന സംഘര്‍ഷാവസ്‌ഥ പരിഹരിക്കാന്‍ കോര്‍ കമാന്‍ഡര്‍മാരുടെ ചര്‍ച്ചയിലുണ്ടായ ധാരണ തകര്‍ത്ത് ഗല്‍വാന്‍ നദിയില്‍ ചോരപ്പുഴയൊഴുകാന്‍ കാരണമായതു ചൈനയുടെ പ്രകോപനം.
സംയമനത്തോടെ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ ശ്രമിച്ച 16 ബിഹാര്‍ റെജിമെന്റ് കമാന്‍ഡിങ് ഓഫീസര്‍(സി.ഒ) കേണല്‍ സന്തോഷ് ബാബുവിനെ ചൈനീസ് പട്ടാളക്കാരന്‍ പിടിച്ചു തള്ളിയതിലാണു കൈയാങ്കളി തുടങ്ങിയത്. സി.ഒ. വീരമൃത്യു വരിച്ചതറിഞ്ഞു പാഞ്ഞെത്തിയ 16 ബിഹാര്‍, 3 പഞ്ചാബ് റെജിമെന്റുകളിലെ ഘാതക് പ്ലാറ്റൂണ്‍ അംഗങ്ങളാണു ചൈനപ്പടയെ അടിച്ചുതകര്‍ത്തത്. ആക്രമണമുണ്ടാകുന്നതിന് പത്ത് ദിവസം മുന്‍പ് ചൈനയുമായി ലഫ്റ്റനന്റ് ജനറല്‍ തല ചര്‍ച്ച നടന്നിരുന്നു. ഇതിന്‍പ്രകാരം പട്രോള്‍ പോയിന്റ് 14 ല്‍ നിന്ന് ഇരുസേനകളും പിന്‍മാറാന്‍ തുടങ്ങി.
കാരണം ഇവിടെ ഇരു പക്ഷവും നിയന്ത്രണ രേഖയോട് അടുത്ത് നിലയുറപ്പിച്ചിരിക്കുകയായിരുന്നു. ഗല്‍വാന്‍ നദിക്ക് സമീപം ഉയര്‍ന്നയിടത്ത് ചൈന നിരീക്ഷണ കേന്ദ്രവും സ്ഥാപിച്ചിരുന്നു. ഇത് നിയന്ത്രണരേഖയുടെ ഇന്ത്യന്‍ ഭാഗത്താണെന്ന് തെളിയിക്കപ്പെടുകയും പൊളിച്ചുമാറ്റാന്‍ ചര്‍ച്ചയില്‍ തീരുമാനമാവുകയും ചെയ്‌തതുമാണ്. ഇതേ തുടര്‍ന്ന് ചൈനീസ് ട്രൂപ്പ് തന്നെ ഇത് പൊളിച്ചുമാറ്റുകയും ചെയ്തു. എന്നാല്‍ ജൂണ്‍ 14 ന് ഒറ്റരാത്രികൊണ്ട് നിരീക്ഷണകേന്ദ്രം പുനസ്ഥാപിക്കപ്പെട്ടു.
ഇതേതുടര്‍ന്ന് ജൂണ്‍ 15 ന് വൈകുന്നേരം 5 മണിയോടെ 16 ബിഹാര്‍ ഇന്‍ഫന്ററി ബറ്റാലിയന്റെ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ ബി സന്തോഷ് ബാബു ഈ ക്യാംപിലേക്ക് ഒരു സംഘവുമായി പോകാന്‍ തീരുമാനിച്ചു.നേരെ പോയി പൊളിച്ചുനീക്കണമെന്ന അഭിപ്രായം സംഘത്തില്‍ നിന്ന് ഉയര്‍ന്നെങ്കിലും പേഴ്‌സണലായി പോകാം എന്ന നിലപാടാണ് സന്തോഷ് സ്വീകരിച്ചത്. ഏഴുമണിയോടെ 35 പേരടങ്ങുന്ന സംഘവുമായി സന്തോഷ് കാല്‍നടയായി അങ്ങോട്ടുനീങ്ങി.സംഘത്തില്‍ രണ്ട് മേജര്‍മാരുണ്ടായിരുന്നു. ഏറ്റുമുട്ടല്‍ മനോഭാവത്തിലായിരുന്നില്ല സംഘം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു ലക്ഷ്യം.
എന്നാല്‍ ചൈനീസ് ക്യാംപിലെത്തിയപ്പോഴാണ് ഒരു കാര്യം ബോധ്യപ്പെട്ടത്. ചൈനീസ് സേനാംഗങ്ങള്‍ നേരത്തേ ഉണ്ടായിരുന്നവരല്ല. ആ മേഖലയില്‍ വിന്യസിക്കപ്പെട്ട സൈനികരായിരുന്നില്ല. കാരണം 16 ബിഹാര്‍ ഇന്‍ഫന്ററി ബറ്റാലിയന്‍ അംഗങ്ങള്‍ക്ക് അതിര്‍ത്തിയുടെ അപ്പുറത്തുള്ള സൈനികരെ നല്ലരീതിയില്‍ പരിചയമുണ്ട്. അവരെയായിരുന്നു സന്തോഷും സംഘവും പ്രതീക്ഷിച്ചിരുന്നത്. എന്തിനാണ് വീണ്ടും നിരീക്ഷണ പോസ്റ്റ് സ്ഥാപിച്ചതെന്ന് കേണല്‍ സന്തോഷ് ചോദിച്ചപ്പോള്‍ ഒരു ചൈനീസ് സൈനികന്‍ മുന്നോട്ടുവന്ന് അദ്ദേഹത്തെ പുറകിലേക്ക് തള്ളിയിട്ടു. ആക്രോശിക്കുന്ന ചൈനീസ് പദങ്ങള്‍ ഉപയോഗിച്ചുകൊണ്ടായിരുന്നു ഈ ആക്രമണം.
സംഘത്തലവന് നേരെ ആക്രമണമുണ്ടായതോടെ ഇന്ത്യന്‍ സൈനികര്‍ ചാടിവീണു. ഇതോടെ ഇരുപക്ഷവും ആയുധങ്ങളെടുക്കാതെ മല്‍പ്പിടുത്തത്തിലേര്‍പ്പെട്ടു. 30 മിനിട്ടുകൊണ്ടാണ് രംഗം ശാന്തമായത്. ഇരുപക്ഷത്തുള്ളവര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യന്‍ സംഘം പ്രസ്തുത പോസ്റ്റ് തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. എന്നാലും കമാന്‍ഡിംഗ് ഓഫീസറെ തള്ളിയിടുകയെന്നത് ചൈനീസ് പക്ഷത്തുനിന്നുണ്ടായ അതിരുവിട്ട നടപടിയായി സേന തിരിച്ചറിഞ്ഞിരുന്നു. പരിക്കേറ്റവരെ ഇന്ത്യന്‍ പോസ്റ്റിലേക്ക് അയച്ച കേണല്‍, അവിടെയുള്ള മറ്റുള്ളവരോട് സ്ഥലത്തേക്ക് വരാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തന്റെ സംഘത്തില്‍ നിന്ന് പ്രകോപനങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സന്തോഷ് ഈ സമയത്തെല്ലാം ശ്രമിച്ചുപോന്നിരുന്നു.
അങ്ങനെയുള്ള പ്രകൃതക്കാരനായിരുന്നു സന്തോഷെന്ന് ഒപ്പം പ്രവര്‍ത്തിച്ചവര്‍ വ്യക്തമാക്കുന്നു. അപ്പുറത്ത് കൂടുതല്‍ പേര്‍ സംഘടിക്കുന്നുണ്ടോയെന്ന് ഇന്ത്യന്‍ സംഘം ഈ സമയം നിരീക്ഷിക്കുന്നുമുണ്ടായിരുന്നു. ഒരു മണിക്കൂറിന് ശേഷമാണ് കൂടുതല്‍ അപകടങ്ങളുണ്ടായ രണ്ടാം ആക്രമണമുണ്ടാകുന്നത്.ചൈനീസ് ഭാഗത്തു സംശയകരമായ നീക്കങ്ങള്‍ കണ്ടതോടെ ഇന്ത്യന്‍ സംഘം രാത്രി ഒമ്പതോടെ ഉറച്ച മനസുമായി മറുകര കയറി.കേണലിന്റെ സംശയം ശരിയായിരുന്നു. കൃത്യമായ ആസൂത്രണത്തോടെ അവിടെ തമ്പടിച്ചിരുന്ന ചൈനയുടെ പുതുസംഘം കല്ലേറു തുടങ്ങി. അതിലൊന്നു തലയിലേറ്റ് കേണല്‍ സന്തോഷ് നദിയിലേക്കു വീണു.
ഇരുഭാഗത്തുമായി മുന്നൂറോളം പേര്‍ ഏറ്റുമുട്ടിയ സംഘട്ടനം മുക്കാല്‍ മണിക്കൂര്‍ നീണ്ടു. രണ്ടാം ആക്രമണം 45 മിനിട്ട് നീണ്ടുനിന്നു. രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു ആ ഏറ്റുമുട്ടല്‍. 300 പേര്‍ പരസ്പരം ഏറ്റുമുട്ടിയെന്നാണ് കണക്കാക്കുന്നത്. ഇതിനൊടുക്കം നിരവധി പേരുടെ മൃതദേഹം ഗാല്‍വന്‍ നദിയില്‍ കാണപ്പെട്ടു. പിരിയാണിയുള്ള വയറുകള്‍ ചുറ്റിയ ഇരുമ്പുദണ്ഡുകളും മൂര്‍ച്ചയുള്ള മെറ്റല്‍ സ്ഥാപിച്ച തടിക്കഷണങ്ങളുമെല്ലാം ഉപയോഗിച്ചായിരുന്നു ചൈനീസ് സംഘത്തിന്റെ ആക്രമണം. എണ്ണത്തില്‍ കുറവായിരുന്നെങ്കിലും ഇന്ത്യന്‍ സൈനികര്‍ ധീരമായി പോരാടി. ഇതിനിടെയാണ് ആണിയടിച്ച ദണ്ഡുകളടക്കം പ്രാകൃത ആയുധങ്ങള്‍ പ്രയോഗിക്കപ്പെട്ടത്.
ഒട്ടേറെപ്പേര്‍ നദിയിലേക്കു വീണു. ഇവരെ വീണ്ടെടുക്കാനുള്ള ഇടവേളയായിരുന്നു 11 വരെ.കേണല്‍ സന്തോഷിന്റേതടക്കം മൃതദേഹങ്ങളുമായി സൈനികരിലൊരു വിഭാഗം ക്യാമ്പിലേക്കു മടങ്ങി. ഇന്ത്യന്‍ സൈനികര്‍ മുഴുവന്‍ മടങ്ങിയിട്ടില്ലെന്നു ഡ്രോണ്‍ നിരീക്ഷണത്തില്‍ മനസിലാക്കിയ ചൈന വീണ്ടും സൈനികരെ അയച്ചു. അപ്പോഴേക്കും ഇന്ത്യയുടെ ഘാതക് പ്ലാറ്റൂണുകളെത്തി. ചൈനീസ് ഭാഗത്തേക്കു തള്ളിക്കയറി അവര്‍ താണ്ഡവമാടി. ചൈനപ്പടയിലെ നിരവധിയാളുകളെ കഴുത്തൊടിച്ചു കൊന്നു. അര്‍ധരാത്രിയോടെ എല്ലാം നിശബ്‌ദമായി.
മൃതദേഹങ്ങള്‍ പരസ്‌പരം കൈമാറിയെങ്കിലും പരുക്കേറ്റവര്‍ ഇരുഭാഗത്തും ശേഷിച്ചു. പരുക്കേറ്റവര്‍ക്കു രണ്ടു ഭാഗത്തും ചികിത്സയും പരിചരണവും നല്‍കിയെന്നാണു സൂചനകള്‍. 16-നു മേജര്‍ ജനറല്‍മാരുടെ ചര്‍ച്ചയെത്തുടര്‍ന്ന് ഇവരെ പരസ്‌പരം കൈമാറി. കേണല്‍ സന്തോഷ് ബാബുവിന്റെ വീരചരമം ബിഹാര്‍ റെജിമെന്റിനു വലിയ നഷ്‌ടമായി. സ്‌ഥാനക്കയറ്റം നേരത്തേതന്നെ തീരുമാനിക്കപ്പെട്ടിരുന്ന ഓഫീസര്‍ അദ്ദേഹത്തിന്റെ സ്‌ഥാനത്തു കമാന്‍ഡിങ് ഓഫീസറായി ചുമതലയേറ്റു.